ഷാർജ സെന്റ് മേരീസ് കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപെരുന്നാൾ
ഷാർജ സെന്റ് മേരീസ് കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപെരുന്നാൾ; മോർ ഇവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയ്ക്ക് ഊഷ്മള സ്വീകരണം
ഷാർജ: “മരുഭൂമിയിലെ മണർകാട്” എന്നറിയപ്പെടുന്ന ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള പ്രധാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനായി ഇടവകയുടെ ക്ഷണം സ്വീകരിച്ച് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഇവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ഷാർജയിലെത്തി. ഓഗസ്റ്റ് 28-ന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മെത്രാപ്പോലീത്തയെ ഇടവക വികാരി ബഹു. ബിനു വർഗീസ് അമ്പാട്ട് അച്ചന്റെ നേതൃത്വത്തിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളും മറ്റ് ഇടവകാംഗങ്ങളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
പെരുന്നാളിന് മുന്നോടിയായി ഓഗസ്റ്റ് 23 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം നടന്ന പെരുന്നാൾ കൊടിയേറ്റ കർമ്മത്തിന് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.
2026 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെയാണ് പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള ചടങ്ങുകൾ കത്തീഡ്രലിൽ നടത്തപ്പെടുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, വചന സന്ദേശം, നേർച്ച, പ്രദക്ഷിണം, സൂനോറോ വണക്കം, നേർച്ചസദ്യ എന്നിവ ഉൾപ്പെടെ വിവിധ ആത്മീയ ശുശ്രൂഷകളും ചടങ്ങുകളും നടക്കും. പെരുന്നാൾ ദിവസങ്ങളിലെ ശുശ്രൂഷകളിലും ആത്മീയ പരിപാടികളിലും വിശ്വാസികൾ ഭക്തിപൂർവം പങ്കുചേരുമെന്ന് സംഘാടകർ അറിയിച്ചു.




Comments
Post a Comment