ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി
പാലാ രൂപതാ ഹോം പ്രോജക്റ്റ്: രാമപുരം പിതൃവേദിയുടെ രണ്ടാം ഭവനം പൂർത്തിയായി
രാമപുരം: പാലാ രൂപതയുടെ പ്രിയ ഇടയൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി യൂണിറ്റും. തൻറെ രൂപതയുടെ കീഴിൽ,ഏതു മതത്തിൽപെട്ടവരാണെങ്കിലും ഭവനമില്ലാത്ത ഒരു കുടുംബവും ഉണ്ടാവരുത് എന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സ്വപ്നത്തോടും അതിവേഗം ലക്ഷ്യം കണ്ടുകൊണ്ടിരിക്കുന്ന പിതാവിൻറെ സ്വപ്നപദ്ധതിയായ പാലാ രൂപതയുടെ ഹോം പ്രോജക്റ്റിനോടും ചേർന്നുനിന്ന് പിതൃവേദി രാമപുരം യൂണിറ്റ് രണ്ടാമത്തെ ഭവനവും പണിതീർത്തു.
വീടിന്റെ താക്കോൽ ദാന കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
ദരിദ്രർക്കും കഷ്ടതയനുഭവിക്കുന്നവർക്കും സുരക്ഷിതമായ ഒരു ഭവനം എന്ന മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെ സ്വപ്നത്തോട് ചേർന്ന് നിന്നുകൊണ്ട് തങ്ങൾ ഇനിയും മുന്നോട്ടുപോകുമെന്ന് പിതൃവേദി രാമപുരം യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു
താക്കോൽ ദാന ചടങ്ങിൽ മോൺ. ജോസഫ് തടത്തിൽഅധ്യക്ഷത വഹിച്ചു, രാമപുരം ഫൊറോന പള്ളി വികാരി ഫാ. ബർക്ക്മാൻസ് കുന്നുംപുറം, പിതൃവേദി ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. അഖിൽ കുറുമുള്ളിൽ, ഫാ. ജോമോൻ പറമ്പിത്തടം, പിതൃവേദി രൂപത സെക്രട്ടറി ടോമി തുരുത്തിക്കര, യൂണിറ്റ് പ്രസിഡണ്ട് മനോജ് ചീങ്കല്ലേൽ, മേഖല പ്രസിഡന്റ് തങ്കച്ചൻ പുളിയാർമറ്റം, ഭവന നിർമ്മാണ കമ്മറ്റി ഭാരവാഹികളായ കെ. കെ. ജോസ് കരിപ്പാക്കുടിയിൽ, ബിജു കുന്നേൽ, നോബിൾ കോട്ടിരി തുടങ്ങിയവർ സംസാരിച്ചു.


Comments
Post a Comment