ഓസ്തി തട്ടിയെടുത്ത സംഭവം : പള്ളി സന്ദർശിച്ച് മാർ കല്ലറങ്ങാട്ട്
പാലാ : പ്രവിത്താനത്ത് വിശുദ്ധ കുർബാനയ്ക്കിടെ ഓസ്തി തട്ടിയെടുത്ത് അന്യമതസ്ഥരായ യുവാക്കൾ ഓടിയ സംഭവത്തിൽ പ്രവിത്താനം സെൻറ് മൈക്കിൾസ് ഫൊറോന പള്ളി സന്ദർശിച്ച് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .സംഭവം നടന്ന ഇന്നലെ ഞായറാഴ്ച തന്നെ പള്ളിയിൽ എത്തിയ അദ്ദേഹം പള്ളി വികാരി ഫാദർ ജോർജ് വേളൂപറമ്പിലിനോടും മറ്റ് വൈദികരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിശ്വാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും പ്രിവൻ്റീവ് അറസ്റ്റ് മാത്രമാണെന്ന് പാലാ ഡിവൈഎസ്പി കെ സദൻ പറഞ്ഞു.
കേസുമായി മുന്നോട്ടുപോകാനും പ്രശ്നത്തെ കൂടുതൽ വിവാദമാക്കി കൂടുതൽ സാമുദായികസ്പർദ്ധ വളർത്താനും പാലാ രൂപത ആഗ്രഹിക്കുന്നില്ല എന്നത് തന്നെ സമൂഹത്തിന് ഒരു മികച്ച മാതൃകയാക്കി മാറ്റിയിരിക്കുകയാണ് മാർ ജോസഫ് കല്ലറങ്ങാട്ട് .
ഇന്നലെ ഞായറാഴ്ച രാവിലെ പ്രവിത്താനം പള്ളിയിൽ ഫൊറോന വികാരി ഫാ. ജോർജ് വെളൂപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം. ദിവ്യകാരുണ്യം നൽകുന്നതിനിടെ കൈകളിൽ ദിവ്യകാരുണ്യം സ്വീകരിച്ച യുവാവ് അത് ഉള്ളിൽ സ്വീകരിക്കാതെ കൈകളിൽ ചുരുട്ടിപ്പിടിച്ച് പുറത്തേയ്ക്ക് നടക്കവേ സംശയം തോന്നിയ വികാരി യുവാവിനെ തിരികെ വിളിച്ച് അത് നാവിൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ കൂട്ടാക്കിയില്ല.അതോടെ വിശ്വാസികൾ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ അന്യമതസ്ഥനാണെന്നും ദുരുദ്ദേശത്തോടെ തിരുകർമ്മങ്ങൾക്കിടെ ഓസ്തി കരസ്ഥമാക്കിയതാണെന്നും മനസ്സിലാവുന്നത്. തുടർന്ന് അഞ്ചംഗ സംഘം പുറത്തേക്ക് ഓടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിശ്വാസികൾ സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നു. ചുവപ്പ് നിറത്തിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കൾ എത്തിയതെന്നാണ് വിവരം.
ഓസ്തി തട്ടിയെടുത്ത സംഭവത്തിന് പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ടോയെന്നും യുവാക്കൾക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ ‘ബ്ലാക്ക് മാസ്’ പോലുള്ള ആചാരങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യമുണ്ടെന്ന സംശയവും ചില വിശ്വാസികൾ ഉന്നയിച്ചു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ നാവിലല്ലാതെ കൈകളിൽ വിശുദ്ധകുർബാന നൽകുന്ന രീതി സഭാ നേതൃത്വം പുന: പരിശോധിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.


Comments
Post a Comment