കാരൂർ ദൈവാലയത്തിലെ വിശുദ്ധ കുർബാനയെ ശക്തമായി വിമർശിച്ച് ഫാ. ജോസഫ് കളത്തിൽ
കാരൂർ ദൈവാലയത്തിലെ വിശുദ്ധ കുർബാനയെ ശക്തമായി വിമർശിച്ച് ഫാ. ജോസഫ് കളത്തിൽ. അതു സംബന്ധിച്ച് അദ്ദേഹം എഴുതുന്നു...
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ "ലിറ്റർജിയുടെ ചൈതന്യം" എന്ന തൻ്റെ ഗ്രന്ഥത്തിൽ പഴയ നിയമത്തിൽ അഹറോൻ നിർമ്മിച്ച സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടിയെക്കുറിച്ച് പറയുന്നുണ്ട്. (പുറ 32:1 ff). മോശ മലയിൽ നിന്നിറങ്ങി വരാൻ വൈകിയപ്പോൾ തങ്ങൾക്ക് ദേവന്മാരെ ഉണ്ടാക്കിത്തരണമെന്ന് ജനം ആവശ്യപ്പെടുകയും അപ്രകാരം അഹറോൻ സ്വർണ്ണം കൊണ്ട് ഒരു കാളക്കുട്ടിയെ ഉണ്ടാക്കുകയും ചെയ്തതാണ് ഇതിൻ്റെ പശ്ചാത്തലം. ഈ പശ്ചാത്തലത്തെക്കുറിച്ച് മാർപാപ്പ ഇപ്രകാരം പറയുന്നു:"സ്വർണ്ണക്കാളക്കുട്ടിയെ വെച്ച് മഹാപുരോഹിതനായ അഹറോൻ നടത്തിയ ആരാധന വിജാതീയരുടെ വ്യാജദേവന്മാരെ ആരാധിക്കാനുള്ള ഉദ്ദേശ്യത്തോടുകൂടി ആയിരുന്നില്ല. അതായത്, ഈജിപ്തിൽ നിന്നും ഇസ്രായേലിനെ മോചിപ്പിച്ച ദൈവത്തെ മഹത്വപ്പെടുത്താൻ ഇസ്രായേൽ ജനത ആഗ്രഹിക്കുകയും അതേസമയം അവിടുത്തെ നിഗൂഢ ശക്തിയെ കാളക്കുട്ടിയുടെ വിഗ്രഹത്തിൽ നന്നായി പ്രതിഫലിപ്പിക്കാമെന്ന് അവർ കരുതുകയും ചെയ്തു.
ഇപ്രകാരം, കാളക്കുട്ടിയെ ആരാധിക്കുന്നതിലൂടെ അദൃശ്യനും അകന്നിരിക്കുന്നവനുമായ നിഗൂഢദൈവത്തെ തങ്ങൾക്ക് മനസ്സിലാക്കാനും കാണാനും സാധിക്കുന്ന തങ്ങളുടെ ലോകത്തേക്ക് കൊണ്ടുവരാൻ അവർ ആഗ്രഹിച്ചു". സ്വർണ്ണക്കാളക്കുട്ടിയുടെ ആരാധനയെന്നത് ജനം സ്വയം സൃഷ്ടിച്ച ആരാധനയായിരുന്നുവെന്നും അതിനു ചുറ്റുമുള്ള ജനങ്ങളുടെ നൃത്തം സ്വാർത്ഥപരമായ ആരാധനയുടെ പ്രതീകമാണെന്നും മാർപാപ്പ ഇവിടെ ചുണ്ടിക്കാണിക്കുന്നു. (ലിറ്റർജിയുടെ ചൈതന്യം, ചങ്ങനാശ്ശേരി, 2005,p.12).
സ്വർണ്ണക്കാളക്കുട്ടിയെക്കുറിച്ചുള്ള വിവരണം ഏതുതരത്തിലുമുള്ള സ്വയംപ്രേരിതവും സ്വാർത്ഥപരവുമായ ആരാധനയ്ക്കെതിരെയുള്ള മുന്നറിയിപ്പാണെന്നാണ് ബെനഡിക്ട് മാർപാപ്പ ഇവിടെ ഓർമ്മിപ്പിക്കുന്നത്.
ഇന്ന് പലപ്പോഴും വിശുദ്ധ കുർബാനയർപ്പണങ്ങൾ ഇപ്രകാരം സ്വയം സൃഷ്ടിക്കലിന്റെ ഉത്സവമായി മാറുന്ന കാഴ്ച പല സ്ഥലങ്ങളിലും കാണാൻ സാധിക്കും. ഇക്കഴിഞ്ഞ ആഗസ്റ്റ് 14, 15 തീയതികളിൽ സീറോമലബാർ സഭയിലെ ഇരിങ്ങാലക്കുട രൂപതയിൽപ്പെട്ട കാരൂർ ഔവർ ലേഡി ഓഫ് റോസറി ദൈവാലയത്തിലെ സ്വർഗ്ഗാരോപണത്തിരുനാളുമായി ബന്ധപ്പെട്ട് നടന്ന വിശുദ്ധ കുർബാനയുടെ വീഡിയോ കാണാൻ ഇടയായി.ഖേദകരമെന്ന് പറയട്ടെ, ആരാധനക്രമവുമായി ബന്ധപ്പെട്ട് സഭ നൽകുന്ന പല നിർദ്ദേശങ്ങളുടെയും നഗ്നമായ ലംഘനമായിരുന്നു ആ ദിവസങ്ങളിലെ സമൂഹബലിയർപ്പണങ്ങളിൽ ആദ്യന്തം നടന്നത്.
*പ്രകടമായ ആരാധനക്രമ ദുരുപയോഗങ്ങൾ*
ഈ വീഡിയോയിൽ വിശുദ്ധ കുർബാനയുടെ ആമുഖ ശുശ്രൂഷയിലെ സങ്കീർത്തനാലാപന സമയത്ത് സങ്കീർത്തനം ആലപിക്കുകയോ ചൊല്ലുകയോ ചെയ്യേണ്ടതിനു പകരമായി കാർമ്മികൻ ഒരു ഭക്തിഗാനം ആലപിക്കുന്നതായാണ് കാണുന്നത്.സങ്കീർത്തനാലാപന സമയത്ത് മാത്രമല്ല, വിശുദ്ധ കുർബാനയിലെ മറ്റു ഗീതങ്ങൾ ആലപിക്കുന്ന അവസരത്തിലും കാർമികൻ തനിക്ക് ഇഷ്ടമുള്ള ഏതൊക്കെയോ ഭക്തിഗാനങ്ങൾ ആലപിക്കുകയാണ് ചെയ്യുന്നത്!വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ അംഗീകൃതമായ ഗാനങ്ങളും രീതികളും മാത്രമേ കുർബാനയിൽ ഉപയോഗിക്കാവൂ എന്ന് കുർബാനക്രമത്തിൽ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. (Ref. സീറോമലബാർ സഭയുടെ കുർബാനക്രമത്തെ സംബന്ധിക്കുന്ന പൊതു നിർദ്ദേശങ്ങൾ, No.16). എത്ര നല്ലതാണെങ്കിലും ഭക്തിഗാനങ്ങൾ വിശുദ്ധകുർബാനമധ്യേ യാതൊരു വിവേചനവുമില്ലാതെ കാർമികന്റെ ഇഷ്ടമനുസരിച്ച് ആലപിക്കുന്നത് തീർച്ചയായും വിശുദ്ധകുർബാനയുടെ ചൈതന്യത്തിന് വിരുദ്ധമാണ്.
ഇപ്രകാരം, കാസറ്റ് ഗീതങ്ങളും ജനങ്ങൾക്ക് അപരിചിതമായ ഗീതങ്ങളും ടൂണുകളും ഗാനമേള ശൈലിയോടെ വി.കുർബാനയിൽ അവതരിപ്പിക്കുന്നത് ആരാധനക്രമ ചൈതന്യത്തിന് കടകവിരുദ്ധമാണ്. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ പലപ്പോഴും കാഴ്ചക്കാരും കേൾവിക്കാരുമായി നിലകൊള്ളുകയാണ് ചെയ്യുന്നത്! "വിശ്വാസികളുടെ ഭക്തിഗാനാലാപനം ബുദ്ധിപൂർവ്വം പരിപോഷിപ്പിക്കണമെന്നും ആരാധനാശുശ്രൂഷകളിൽ സഭയുടെ നിയമങ്ങൾക്കനുസൃതമായി വിശ്വാസികളുടെ സ്വരങ്ങൾ മുഴങ്ങണ"മെന്നുമുള്ള കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിൻ്റെ ഉദ്ബോധനം(CCC,No.1158) ഇത്തരം സന്ദർഭങ്ങളിൽ ജലരേഖയായി നിലകൊള്ളുകയാണ് ചെയ്യുന്നത്! അതുപോലെതന്നെ കാലത്തിന്റെയും തിരുനാളിന്റെയും ചൈതന്യമനുസരിച്ച് ചൊല്ലാനും പാടാനും കുർബാന തക്സയിൽ നൽകിയിരിക്കുന്ന പ്രോപ്രിയ പ്രാർത്ഥനകളും ഗീതങ്ങളും പാടെ അവഗണിച്ചുകൊണ്ട് പ്രോപ്രിയ എന്നത് ഏതാനും ചില പ്രാർത്ഥനകളിൽ മാത്രം ഒതുക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്!
ഈ വിശുദ്ധകുർബാനയർപ്പണങ്ങ ളിലുടനീളം കണ്ട മറ്റൊരു കാര്യം അനാഫൊറ ഭാഗത്തെ പ്രാർത്ഥനകൾ (പ്രണാമജപങ്ങൾ) ഒഴിവാക്കിക്കൊണ്ട് കാർമികൻ സ്വയംപ്രേരിതമായി പ്രാർത്ഥനകൾ ചൊല്ലുന്നുവെന്നതാണ്.
ഇത് തികച്ചും തെറ്റായ ഒരു സമീപനമാണ്. അതുപോലെതന്നെ തിരുവോസ്തി ഉയർത്തുന്നതിനു മുമ്പ് കാർമ്മികൻ മാത്രം ചൊല്ലേണ്ട പ്രാർത്ഥനയായ "കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങൾ അയോഗ്യരാകുന്നു ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു....." എന്ന പ്രാർത്ഥന കാർമികനോടൊപ്പം സമൂഹത്തെ മുഴുവൻ ചൊല്ലിച്ചതും ആരാധനക്രമ ദുരുപയോഗമാണ്.
*ആരാധനക്രമ ദുരുപയോഗങ്ങൾക്കെതിരെ വത്തിക്കാൻ രേഖ*
ദൈവാരാധനയ്ക്കും കൂദാശാ കാര്യങ്ങൾക്കുമായുള്ള വത്തിക്കാൻ കാര്യാലയം 2004 മാർച്ച് 25ന് പുറപ്പെടുവിച്ച "Sacrament of Redemption" (രക്ഷയുടെ കൂദാശ) എന്ന രേഖ ആരാധനക്രമദുരുപയോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒന്നാണ്. ഈ രേഖയുടെ ആമുഖഭാഗത്ത് ഇപ്രകാരം പറയുന്നു:"വിശുദ്ധ കുർബാനയാകുന്ന മഹാരഹസ്യം മഹത്തായ ഒന്നാണ്.ഒരുവന്റെ ഭാവനയ്ക്കനുസരിച്ച് അതിനെ കൈകാര്യം ചെയ്യാൻ അത് ആരെയും അനുവദിക്കുന്നില്ല. അങ്ങനെ സംഭവിക്കുമ്പോൾ അതിൻ്റെ പരിശുദ്ധിയും സാർവത്രികമായ ക്രമവും വികലമാക്കപ്പെടാൻ ഇടയാകും(No.11).ആരാധനക്രമപരമായ ദുരുപയോഗങ്ങൾ വിശുദ്ധകുർബാന എന്ന വിസ്മയകരമായ കൂദാശയുമായി ബന്ധപ്പെട്ട കത്തോലിക്കാ വിശ്വാസത്തെയും സിദ്ധാന്തത്തെയും തടസ്സപ്പെടുത്താൻ കാരണമായിത്തീരുന്നു(No.6) എന്നും രേഖ ചൂണ്ടിക്കാണിക്കുന്നു.
*മിഥ്യയായ സ്വാതന്ത്ര്യത്തിലും അജ്ഞതയിലും വേരുറച്ചിരിക്കുന്ന ആരാധനക്രമ ദുരുപയോഗങ്ങൾ*
ആരാധനക്രമ ദുരുപയോഗങ്ങൾ വേരുറച്ചിരിക്കുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തെറ്റായ ഒരു കാഴ്ചപ്പാടിലാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. ദൈവം മിശിഹായിൽ നമുക്കൊരിക്കലും നാം ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള മിഥ്യയായ ഒരു സ്വാതന്ത്ര്യം നൽകിയിട്ടില്ലെന്നും മറിച്ച്, ശരിയായതും അനുയോജ്യമായതും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നതെന്നും രേഖ ഓർമിപ്പിക്കുന്നു. ഇത് ദൈവത്തിൽ നിന്നും നേരിട്ട് വരുന്ന പ്രമാണങ്ങൾക്ക് മാത്രമല്ല, സഭ പ്രഖ്യാപിക്കുന്ന നിയമങ്ങൾക്കും ബാധകമാണ് (No.7).
അതുപോലെതന്നെ ആരാധനക്രമദുരുപയോഗങ്ങൾ പലപ്പോഴും സംഭവിക്കുന്നത് അജ്ഞതയുടെ ഫലമായിട്ടാണെന്ന വസ്തുത രേഖ ചൂണ്ടിക്കാണിക്കുന്നു. ആരാധനക്രമവുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ നിരസിക്കുന്നതിലേക്കാണ് ഈ ദുരുപയോഗങ്ങൾ അടങ്ങിയിരിക്കുന്നത്.അവയുടെ ആഴമേറിയ അർത്ഥം മനസ്സിലാകാതിരിക്കുകയും അവയുടെ പൗരാണികത്വം തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യുമ്പോൾ ആണ് ഇപ്രകാരം സംഭവിക്കുന്നത്. അതായത്, ആരാധനക്രമ പ്രാർത്ഥനകൾ, ഗീതങ്ങൾ എന്നിവ രൂപപ്പെട്ടിരിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൻ്റെ പ്രചോദനത്താലും സ്വാധീനത്താലുമാണ്. വിശുദ്ധ ഗ്രന്ഥത്തിൽ നിന്നാണ് ആരാധനക്രമത്തിലെ അടയാളങ്ങളും പ്രതീകങ്ങളും അവയുടെ അർത്ഥം കണ്ടെത്തുന്നത് എന്ന യാഥാർത്ഥ്യവും രേഖ വ്യക്തമാക്കുന്നു (No.9).
*പരിശുദ്ധ കുർബാനയാഘോഷം: എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും അവകാശം*
ആരാധനക്രമഗ്രന്ഥങ്ങളിലും മറ്റ് നിയമങ്ങളിലും രീതികളിലും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതനുസരിച്ച് സഭ ആഗ്രഹിക്കുന്നതുപോലെ ശരിയായി പരിശുദ്ധ കുർബാന ആഘോഷിക്കപ്പെടണം എന്നത് എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും അവകാശമാണെന്ന് രേഖ ഓർമ്മിപ്പിക്കുന്നു(No .12).
വൈദികർക്കും ഈ രേഖ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.സഭ അംഗീകരിച്ച ടെക്സ്റ്റുകൾ മാറ്റിക്കൊണ്ട് വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകൾ തങ്ങളുടേതായ രീതിയിൽ ചിട്ടപ്പെടുത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ചില വൈദികർ ധരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു (No.51). ഇപ്രകാരം പ്രാർത്ഥനകളിൽ വ്യത്യാസം വരുത്തുന്നതിലൂടെയോ പ്രാർത്ഥന ഒഴിവാക്കുന്നതിലൂടെയോ തോന്നുന്നത് പോലെ പ്രാർത്ഥനകൾ കൂട്ടിച്ചേർക്കുന്നതിലൂടെയോ വിശുദ്ധ കുർബാനയുടെ ആഘോഷത്തെ അനാദരവോടെ കാണുമ്പോൾ വൈദികർ തങ്ങളുടെ ശുശ്രൂഷയുടെ ആഴമേറിയ അർത്ഥത്തെ വിലകുറച്ചു കാണുകയാണ് ചെയ്യുന്നതെന്ന് രേഖ ഓർമ്മിപ്പിക്കുന്നു (No.31).
*ഉപസംഹാരം*
വിശുദ്ധ കുർബാന എപ്പോഴും അർപ്പിക്കപ്പെടുന്നത് സഭയോടുള്ള കൂട്ടായ്മയിലാണ്. ആ കൂട്ടായ്മയിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് വിശുദ്ധ കുർബാന പലപ്പോഴും "സ്വയം സൃഷ്ടിക്കലിന്റെ" ആഘോഷമായി തീരുന്നത്.ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞതുപോലെ ഇത്തരം സാഹചര്യങ്ങളിൽ ആരാധന ദൈവസന്നിധിയിലേക്ക് ഉയരുന്നതിനു പകരം ദൈവത്തെ തന്റേതായ ലോകത്തിലേക്ക് ഇറക്കിക്കൊണ്ട് വരുന്നതിനു തുല്യമായിത്തീരും.2003 ഏപ്രിൽ 17ന് പുറപ്പെടുവിച്ച "സഭ വിശുദ്ധ കുർബാനയിൽ നിന്ന്"(Ecclesia de Eucharistia) എന്ന തൻ്റെ ചാക്രികലേഖനത്തിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പറയുന്നു:"ആരാധനക്രമം ഒരിക്കലും ആരുടെയും സ്വകാര്യ സ്വത്തല്ല; ആഘോഷിക്കുന്ന കാർമികന്റെയോ രഹസ്യങ്ങൾ ആഘോഷിക്കപ്പെടുന്ന സമൂഹത്തിന്റെയോ സ്വത്തല്ല.... നമ്മുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ള രഹസ്യത്തെ വിലകുറച്ചു കാണിക്കാൻ ആർക്കും അനുവാദമില്ല"(No.52).
"ആരാധനക്രമപരമായ നിയമങ്ങൾ അനുസരിച്ച് വിശ്വസ്തതാപൂർവ്വം കുർബാനയാഘോഷിക്കുന്ന വൈദികരും ആ നിയമങ്ങളോട് ഒത്തുപോകുന്ന സമൂഹങ്ങളും സഭയോടുള്ള അവരുടെ സ്നേഹം നിശബ്ദമായി എന്നാൽ വാചാലമായി തെളിയിക്കുന്നു"എന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ ദൈവിക രഹസ്യങ്ങൾ പരികർമ്മം ചെയ്യുന്ന വൈദികർക്കും അവരോട് ചേർന്ന് നിൽക്കുന്ന സമൂഹങ്ങൾക്കും മാർഗ്ഗദർശകമായി തീരട്ടെ.
ഫാ.ജോസഫ് കളത്തിൽ,
താമരശ്ശേരി രൂപത.





Comments
Post a Comment