കിഴക്കൻ കലണ്ടർ പ്രകാരം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോഹണ പെരുന്നാൾ ആഘോഷിച്ചു
ജെറുസലേം : കിഴക്കൻ കലണ്ടർ പ്രകാരം സുറിയാനി ഓർത്തഡോക്സ് സഭയുടെ ജെറുസലേം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ പരിശുദ്ധ ദൈവമാതാവിന്റെ കബറിട ദൈവാലയത്തിൽ, ദൈവമാതാവായ കന്യകാമറിയത്തിന്റെ സ്വർഗാരോഹണ പെരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ച നടന്ന പെരുന്നാൾ ശുശ്രൂഷകളിൽ സുറിയാനി സഭയുടെ വിശ്വാസികളുടെ പങ്കാളിത്തമുണ്ടായിരുന്നു.
പെരുന്നാളിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് ജെറുസലേം പഴയനഗരത്തിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ മർക്കോസിന്റെ ദയറയിൽ നിന്ന് ഗെത്ത്സെമനിയിലെ പരിശുദ്ധ ദൈവമാതാവിന്റെ കബറിട ദൈവാലയത്തിലേക്ക് ഘോഷയാത്ര എത്തിച്ചേർന്നു. തുടർന്ന് ജെറുശാലേം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തിമോത്തിയോസ് മാത്യുസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു.
സുറിയാനി സഭയുടെ ജെറുസലേമിന്റെ ചുമതലയുള്ള മെത്രാപ്പോലീത്തായും, ബഹുമാനപ്പെട്ട വൈദികരും, സന്യാസിമാരും, ശെമ്മാശന്മാരും ശുശ്രൂഷകളിൽ സന്നിഹിതരായി.
പെരുന്നാളിനോട് അനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവായ കന്യകാമറിയത്തിനോടുള്ള മധ്യസ്ഥത പ്രാർത്ഥനകളും, പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെട്ടു.



Comments
Post a Comment