മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് ഇന്ന് പതാക ഉയരും
മുളന്തുരുത്തി : മലങ്കര ഓർത്തഡോക്സ് സഭയുടെ പാർലമെൻറ് ആയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് വെട്ടിക്കൽ ദയറയിലെ ഗ്രിഗോറിയോസ് നഗറിൽ ഇന്ന് പതാക ഉയരും. സഭയ്ക്ക് പുതിയ മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷന്റെ നസ്രാണി പള്ളിയോഗം 27ന് നടക്കും. സഭയുടെ ലോകമെമ്പാടുമുള്ള പള്ളികളിൽ നിന്നും 4000 ത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും.വോട്ടിങ്ങിലൂടെയാണ് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുക. ജനാധിപത്യരീതിയിൽ മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നത് മലങ്കര സഭയുടെ പൗരാണിക പാരമ്പര്യമാണെന്ന് പറഞ്ഞ സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് മ തൃതിയൻ കാതോലിക്കാ ബാബ മുളന്തുരുത്തി സൂനഹദോസ്, മലങ്കര സഭയിലെ ആദ്യ മുറോൻ കൂദാശ, പരിശുദ്ധ പരുമല തിരുമേനിയുടെ അഭിഷേകം എന്നീ ധന്യ നിമിഷങ്ങളുടെ 150 വാർഷികത്തിലാണ് അതേ മണ്ണിൽ അസോസിയേഷൻ ചേരുന്നതെന്ന് പറഞ്ഞു .
സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറുപേരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതിൽ 50 ശതമാനത്തിലധികം വോട്ട് നേടുന്ന നാല് പേരാകും മെത്രാപ്പോലീത്തമാരാകുക. അസോസിയേഷനിൽ പങ്കെടുക്കുന്നവർക്ക് ബാലറ്റിലൂടെയും വിദേശ ഭദ്രാസനങ്ങളിലെ അംഗങ്ങൾക്ക് ഓൺലൈനായും വോട്ടവകാശം വിനിയോഗിക്കാം.
ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിൽ എത്തിച്ചേരുന്ന പതാക ഘോഷയാത്ര മുളന്തുരുത്തി മാർത്തോമൻ പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും. അസോസിയേഷൻ ചേരുന്ന വെട്ടിക്കൽ സെൻറ് ഗ്രിഗോറിയോസ് നഗറിൽ പരിശുദ്ധ ബസേലിയസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാത്തോലിക്കാ ബാവ പതാക ഉയർത്തും. 27ന് രാവിലെ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ സഭ മാനേജിങ് കമ്മിറ്റി യോഗം ചേരും. ഒന്നിന് ഉച്ചയ്ക്ക് യോഗ നടപടികൾ ആരംഭിക്കും. കോട്ടയം പഴയ സെമിനാരി അധ്യാപകൻ ഫാ. ഡോ. എബ്രഹാം വർഗീസ് ധ്യാനം നയിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നോട്ടീസ് കൽപ്പന വായിക്കും. തുടർന്ന് പരിശുദ്ധ കാതോലിക്കാബാവ പ്രതിനിധികളെ അഭിസംബോധന ചെയ്യും. അതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കും.


Comments
Post a Comment