വത്തിക്കാൻ അംഗീകരിക്കാത്ത നസ്രാണി വിരുദ്ധ സൂനഹദോസ്!


ഉദയംപേരൂർ സൂനഹദോസിന് റോമിന്റെ അംഗീകാരമില്ല! വത്തിക്കാൻ അംഗീകരിക്കാത്ത നസ്രാണി വിരുദ്ധ സൂനഹദോസ്! 

മാർത്തോമ്മാ നസ്രാണികളുടെ ആയിരത്തഞ്ഞൂറിലധികം വർഷത്തെ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തെയും പുരാതന അപ്പസ്തോലിക ഗ്രന്ഥങ്ങളെയും തീകൊടുത്തു ചാമ്പലാക്കിയ 1599-ലെ ദുരന്തപൂർണ്ണമായ ഉദയംപേരൂർ സൂനഹദോസ് യഥാർത്ഥത്തിൽ വത്തിക്കാന്റെയോ മാർപാപ്പയുടെയോ അംഗീകാരത്തോടെ നടന്ന ഒന്നല്ല എന്ന സത്യം എത്രപേർക്കറിയാം? അന്ന് സഭയെ ഭരിച്ചിരുന്ന ക്ലെമന്റ് എട്ടാമൻ മാർപാപ്പ മലബാർ സഭയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞിരുന്നില്ല; റോമിൽ നിന്ന് മെനെയ്സ്സീസിന് ലഭിച്ച സാധാരണ കത്തിനെ പോർച്ചുഗീസ് കോളനിവാഴ്ചയുടെ അംഗീകാരമായി അവർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു! വെറുമൊരു രൂപതാ സൂനഹദോസ് എന്ന വ്യാജേന കൂട്ടിവിളിച്ച്, ഒരു സ്വയംഭരണ പൗരസ്ത്യ സഭയുടെ മുഴുവൻ കുർബാനക്രമങ്ങളും അപ്പസ്തോലിക രീതികളും മാറ്റിമറിക്കാൻ മെനെയ്സ്സീസ് നടത്തിയ അന്യായങ്ങൾ ഒരു രൂപതാ സൂനഹദോസിന്റെയും അധികാരപരിധിയിൽ വരുന്നതായിരുന്നില്ല.

സൂനഹദോസിന്റെ റിപ്പോർട്ട് റോമിലെത്തുന്നതിനു മുൻപ് ക്ലെമന്റ് പാപ്പ അന്തരിക്കുകയും, തുടർന്നുവന്ന ലെയോ പതിനൊന്നാമൻ പാപ്പായുടെ ഭരണം ഒരു മാസം പോലും തികയാതിരിക്കുകയും ചെയ്തതോടെ ആ റിപ്പോർട്ട് ഈശോസഭക്കാരുടെ ഗ്രന്ഥശാലയിൽ വെറുമൊരു കെട്ടായി പൊടിപിടിച്ചു കിടക്കുക മാത്രമാണ് ചെയ്തത്! 1622-ൽ സ്ഥാപിതമായ പ്രൊപ്പഗാന്ത തിരുസംഘം പോലും 1745-ൽ റൗളിൻ എന്നയാൾ ലത്തീൻ പരിഭാഷ അച്ചടിക്കുന്നതുവരെ ഈ സൂനഹദോസിനെക്കുറിച്ച് അറിഞ്ഞിട്ടേയില്ലായിരുന്നു. ചരിത്രരേഖകൾ മാത്രമല്ല, റോമിലെ പോന്തിഫിക്കൽ ഗ്രെഗോറിയൻ യൂണിവേഴ്സിറ്റിയിൽ കാനോൻ നിയമത്തിൽ നടത്തിയ പ്രശസ്തമായ ഗവേഷണങ്ങളിലൂടെ ഫാ. ജോനാസ് തളിയത്ത് (Jonas Thaliath - The Synod of Diamper) വത്തിക്കാന് മുൻപിൽ കൃത്യമായി തെളിയിച്ചു—"ഉദയംപേരൂർ സൂനഹദോസ് കാനോൻ നിയമപ്രകാരം പൂർണ്ണമായും അസാധുവും അന്യായവുമാണ്" എന്ന്! തുടർന്ന് വത്തിക്കാന്റെ ഡിസാസ്റ്ററി കൺസൾട്ടന്റും സഭാചരിത്രകാരനുമായ പ്രൊഫ. പോൾ പള്ളത്ത് ഉൾപ്പെടെയുള്ള ചരിത്രകാരന്മാരും ഇത് അംഗീകരിച്ചു. പോർച്ചുഗീസുകാർ അന്ന് നസ്രാണികളെ 'പാഷണ്ഡികൾ' എന്ന് വിളിച്ചതിനെ തള്ളിക്കളഞ്ഞ വത്തിക്കാൻ, 1994-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും കിഴക്കിന്റെ പൗരസ്ത്യ സഭയും തമ്മിൽ ഒപ്പുവെച്ച സംയുക്ത പ്രഖ്യാപനത്തിലൂടെ അത്തരം ആരോപണങ്ങൾ പൂർണ്ണമായും തെറ്റായിരുന്നു എന്ന് ആഗോളതലത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

മെനെയ്സ്സീസിനോ ആ ചട്ടവിരുദ്ധ സൂനഹദോസിനോ മാർത്തോമ്മാ നസ്രാണികളുടെ ആരാധനാക്രമവും രീതികളും തിരുത്താൻ യാതൊരു കാനോനിക അധികാരവും ഇല്ലായിരുന്നുവെന്നും, അവർ ബലമായി അടിച്ചേൽപ്പിച്ച മാറ്റങ്ങൾക്കോ തിരുത്തപ്പെട്ട തക്‌സകൾക്കോ റോമാ മാർപാപ്പയുടെ ഔദ്യോഗിക അംഗീകാരം ഒരിക്കലും സിദ്ധിച്ചിട്ടില്ലെന്നും സഭാചരിത്രം വ്യക്തമായി വെളിപ്പെടുത്തുന്നു! വിദേശീയരുടെ അധിനിവേശത്തിന് വഴങ്ങാതെ സ്വന്തം പാരമ്പര്യവും കത്തോലിക്കാ കൂട്ടായ്മയും കാത്തുസൂക്ഷിക്കാൻ നമ്മുടെ പൂർവ്വികർ സഹിച്ച ത്യാഗങ്ങളും ഒഴുക്കിയ കണ്ണീരും മറന്ന്, ആ അധിനിവേശത്തെയും നിയമവിരുദ്ധതയെയും ഇന്നും ന്യായീകരിക്കുന്നവർ കാണിക്കുന്നത് സ്വന്തം മാതൃസഭയോടും അപ്പസ്തോലിക ചരിത്രത്തോടുമുള്ള തികഞ്ഞ വഞ്ചനയാണ്! 


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി