പുതിയ മസ്ജിദ് നിർമ്മിക്കാനുള്ള നീക്കത്തിന് പിന്തുണയുമായി സാന്റാ ഫേ ആർച്ച്ബിഷപ്പ്
അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള അൽബുക്കർക്കിയിൽ പുതിയ മസ്ജിദും കമ്മ്യൂണിറ്റി സെന്ററും നിർമ്മിക്കാനുള്ള മുസ്ലിം സമൂഹത്തിന്റെ നീക്കത്തിന് പിന്തുണയുമായി സാന്റാ ഫേ കത്തോലിക്കാ അതിരൂപതാ ആർച്ച്ബിഷപ്പ് ജോൺ സി. വെസ്റ്റർ. പ്രദേശത്ത് ഉയർന്നുവന്ന എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് ഇസ്ലാം വിരുദ്ധ നിലപാടുകളെയും വിദ്വേഷ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് ആർച്ച്ബിഷപ്പ് പ്രസ്താവന ഇറക്കിയത്.
മസ്ജിദ് നിർമ്മാണത്തെ അനുകൂലിച്ചും സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ഊട്ടിയുറപ്പിച്ചുമായിരുന്നു ആർച്ച്ബിഷപ്പ് പ്രസ്താവന പുറത്തിറക്കിയത്.
"നമ്മുടെ മുസ്ലിം അയൽക്കാർക്ക് മറ്റിതര മതവിഭാഗങ്ങളെപ്പോലെ തന്നെ ദൈവപ്രദത്തവും ഭരണഘടനാപരവുമായ ആരാധനാ സ്വാതന്ത്ര്യമുണ്ട്. ആ അവകാശം സംരക്ഷിക്കുക എന്നത് ഒരു പൗരധർമ്മം മാത്രമല്ല, കത്തോലിക്കാ സഭയുടെ കാതലായ അധ്യാപനം കൂടിയാണ്," ആർച്ച്ബിഷപ്പ് വ്യക്തമാക്കി.
"ഒരു ക്രിസ്ത്യാനിയുടെ ഹൃദയത്തിൽ ഇസ്ലാം വിരുദ്ധ വികാരങ്ങൾക്ക് സ്ഥാനമില്ല. വാക്കുകളിലൂടെയോ സംശയങ്ങളിലൂടെയോ ആരാധനാലയങ്ങളെ എതിർക്കുന്നതിലൂടെയോ മുസ്ലിം സഹോദരങ്ങളോട് കാട്ടുന്ന ഏതൊരു വിദ്വേഷവും യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് നിരക്കാത്തതാണ്," അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 'ഡിഗ്നിത്താത്തിസ് ഹുമാനെ' എന്ന പ്രമാണരേഖ ചൂണ്ടിക്കാട്ടിയാണ് ആർച്ച്ബിഷപ്പ് സംസാരിച്ചത്. എല്ലാ മനുഷ്യർക്കും തങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് ദൈവത്തെ ആരാധിക്കാൻ അവകാശമുണ്ടെന്നും ഇത് കത്തോലിക്കർക്ക് മാത്രമല്ല, മുസ്ലിംകൾക്കും ജൂതന്മാർക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അൽബുക്കർക്കിയിലെ നോർത്ത് വാലിയിൽ അൽബുക്കർക്കി ഇസ്ലാമിക് സെന്ററിനായി ഒരു മസ്ജിദ് നിർമ്മിക്കുന്നതിന് ബെർണലില്ലോ കൗണ്ടി പ്ലാനിംഗ് കമ്മീഷൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഗതാഗതക്കുരുക്ക്, മേഖലയുടെ സ്വഭാവം എന്നിവ ചൂണ്ടിക്കാട്ടി പ്രദേശവാസികളിൽ ഒരു വിഭാഗം ഇതിനെതിരെ രംഗത്തുവരികയും തുടർന്ന് ഇസ്ലാം വിരുദ്ധ പരാമർശങ്ങൾ ഉയരുകയും ചെയ്തിരുന്നു.
വ്യത്യസ്ത വിശ്വാസങ്ങളുടെ പ്രാർത്ഥനകൾക്ക് ഇടം നൽകുന്ന സമീപപ്രദേശങ്ങളാണ് കൂടുതൽ ശക്തവും കരുണയുള്ളതുമെന്ന് വ്യക്തമാക്കിയ ആർച്ച്ബിഷപ്പ് വെസ്റ്റർ, പുതിയ മസ്ജിദ് സംരംഭത്തെ ഉദാരമനസ്കതയോടെ സ്വീകരിക്കാൻ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു.

Comments
Post a Comment