റവ. സാമുവൽ മെറ്റീർ : ജീവചരിത്രം part 01
" റവ. മെറ്റീറിനെ ശ്രേഷ്ഠരിൽ ശ്രേഷ്ഠനാക്കുന്നത് അധഃസ്ഥിതർക്കും അടിച്ചമർത്തപ്പെട്ടവർക്കുമിടയിൽ അദ്ദേഹം നടത്തിയ സേവനങ്ങളാണ്. അവരുടെ സ്ഥിതി അദ്ദേഹത്തെ അങ്ങേയറ്റം അസ്വസ്ഥനാക്കി. അവരുടെ ഉയിർത്തെഴുന്നേൽപ്പിനും സാമൂഹികവും ആത്മീയവുമായ മോചനത്തിനുംവേണ്ടി അദ്ദേഹം അവസാനം വരെ പ്രയത്നിച്ചു. അതിൽ അരിശംപൂണ്ട് ഇവിടത്തെ ചില മേൽജാതിക്കാർ അദ്ദേഹത്തെ 'പുലയ പാതിരി' എന്നു വിളിച്ച് ആക്ഷേപിച്ചു. എന്നാൽ, ദരിദ്രരുടെ മോചനത്തിന് സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം ആ അപരനാമം ഒരു ബഹുമതിയായിട്ടാണ് സ്വീകരിച്ചത്."
===================================
1893-ലെ ക്രിസ്‌തുമസിന് തൊട്ടുമുമ്പിലത്തെ സായാഹ്നമായിരുന്നു അത്. ഇംഗ്ലണ്ടിലുള്ള ഹസ്റ്റിങ്സ് പട്ടണത്തിലെ ക്രൈസ്‌തവ പള്ളികളിൽ ക്രിസ്‌തുമസിൻ്റെ ആഗമനം അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങിക്കൊണ്ടിരുന്നു എന്നാൽ, അവിടത്തെ ഒരു പള്ളിയിൽനിന്നും ശോകസാന്ദ്രമായി ഇടയ്ക്കിടെ ഒറ്റമണിയടിയൊച്ചയാണ് പട്ടണം ശ്രവിച്ചത്. തിരുവിതാംകൂറിലെ, പ്രത്യേകിച്ചും തിരുവനന്തപുരത്തെ, ജനങ്ങളുടെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ശ്രേഷ്ഠനായ യുടെ നിര്യാണം ലോകത്തെ അറിയിക്കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. റവ. സാമുവൽ മെറ്റീർ ആയിരുന്നു അന്തരിച്ച വ്യക്തി.
തിരുവനന്തപുരത്തെ എൽ.എം.എസ്. കോമ്പൗണ്ടിനുള്ളിലെ മെറ്റീർ മെമ്മോറിയൽ ചർച്ച് ധാരാളം ആളുകൾ കണ്ടിട്ടുണ്ട്. നമ്മളിൽ കുറച്ചു പേർ റവ. മെറീറ്റിന്റെ പുസ്‌തകങ്ങൾ വായിച്ചിട്ടുമുണ്ട്. എന്നാൽ, ആരാണ് ഈ സാമുവൽ മെറ്റീർ?
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയിൽ ഇന്ന് പടർന്നു പന്തലിച്ചിരിക്കുന്ന ദക്ഷിണ കേരള മഹായിടവകയായിത്തീർന്ന തിരുവനന്തപുരം മിഷൻ സ്ഥാപനത്തിന് കാരണഭൂതനായ അദ്ദേഹം പ്രഗൽഭനായ ഒരു ബുദ്ധിജീവിയും സാമൂഹികചരിത്രകാരനും ചിത്രകാരനും ദീർഘ ദർശിയായ മിഷണറിയുമായിരുന്നു.
1835 ഓഗസ്റ്റ് 24-ന് അയർലൻ്റിലെ ബെൽഫാസ്റ്റിൽ സാമുവൽ മെറ്റീർ ജനിച്ചു. മെത്തോഡിസ്റ്റ് ചർച്ചിലെ അംഗമായിരുന്നതിനാൽ ബെഡ്ഫോർഡ് തീയോളജിക്കൽ കോളെജിൽ ചേർന്ന് പഠിക്കാനുള്ള അവസരം ലഭിച്ചു. ഒരു മിഷണറി ആവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി ലണ്ടൻ മിഷണറി സൊസൈറ്റിയുമായി ബന്ധപ്പെട്ടു. സൊസൈറ്റി അദ്ദേഹത്തെ തെക്കൻ തിരുവിതാംകൂറിലേക്ക് നിയോഗിച്ചു. അങ്ങനെ, ഭാര്യയും മൂന്ന് മക്കളുമൊന്നിച്ച് 1858 ഒക്ടോബർ 15-ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.
107 ദിവസത്തെ യാത്രയ്ക്കുശേഷം 1859 ജനുവരി 30-ന് ബോംബെ യിൽ കപ്പലിറങ്ങി. ബോംബെയിലെ വിൽസൺ കോളെജിന്റെ സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. വിൽസൺ അവരെ സ്വീകരിച്ചു. അവിടെ ഏതാനും ദിവസം ഡോ. ജോൺവിൽസന്റെ അതിഥികളായി താമസിച്ചശേഷം ഫെബ്രുവരി 9-ന് കടൽ മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ടു. കൊച്ചിയിൽനിന്നും തിരുവനന്തപുരത്തേക്ക് കനാലു കളിലൂടെയും കായലുകളിലൂടെയുമുള്ള ബോട്ട് യാത്ര അവർക്ക് ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു. അവിടെനിന്നും പാറശ്ശാലയിലേക്ക് പല്ലക്കിലേറിയുള്ള യാത്രയും അവിസ്‌മരണീയമായിരുന്നു. 1859 ഫെബ്രുവരി 24-ന് മെറ്റീർ പാറശ്ശാല മിഷൻ്റെ ചുമതലയേറ്റെടുത്തു. ബോർഡിങ് ഹോമിൻ്റെ ചുമതല മിസ്സിസ് മെറ്റീറിനായിരുന്നു.


Comments
Post a Comment