മാർ തോമസ് ഇലവനാൽ സീറോമലബാർ സഭയുടെ 'പൗരസ്ത്യരത്നം'
സീറോമലബാർ സഭയുടെ "പൗരസ്ത്യരത്നം 2026" അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും സഭയുടെ ആരാധനക്രമ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ തോമസ് ഇലവനാൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ മികച്ച സംഭാവനകൾ നൽകുന്ന സഭാംഗങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരമാണിത്.
തലശ്ശേരി അതിരൂപതാ അംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ആരാധനക്രമ പ്രൊഫസറുമായിരുന്ന റവ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2026 ഓഗസ്റ്റ് മാസത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കാനിരിക്കുന്ന സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ സമാപന സമ്മേളനത്തിൽ വെച്ച് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ തോമസ് ഇലവനാൽ പിതാവിന് പുരസ്കാരം സമ്മാനിക്കും.


Comments
Post a Comment