കത്തോലിക്കാ സഭ വീണ്ടും വലിയൊരു ആഭ്യന്തര പ്രതിസന്ധിയിലേക്ക്.
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധികാരിയായ പോപ്പ് ലിയോ പതിനാലാമന്റെ ആഹ്വാനങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ട്, തീവ്ര പാരമ്പര്യവാദികളുടെ കൂട്ടായ്മയായ 'സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്' സ്വന്തമായി മെത്രാന്മാരെ വാഴിച്ചതോടെ കത്തോലിക്കാ സഭ വീണ്ടും വലിയൊരു ആഭ്യന്തര പ്രതിസന്ധിയിലേക്ക്. വത്തിക്കാന്റെ കര്‍ശന വിലക്കുകള്‍ മറികടന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ എക്കോണില്‍ നടന്ന മെത്രാന്‍ അഭിഷേക ചടങ്ങുകള്‍ സഭയുടെ ഐക്യത്തിന്മേല്‍ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അനുസരണക്കേടിന്റെയും സഭാവിഭജന ശ്രമത്തിന്റെയും പേരില്‍ വിമത ഗ്രൂപ്പിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ ഔദ്യോഗികമായി സഭയ്ക്ക് പുറത്താക്കി ഉത്തരവിറക്കിക്കഴിഞ്ഞു.
സഭയുടെ ഐക്യത്തിനും പരമ്പരാഗത-യാഥാസ്ഥിതിക വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതിനും മുന്‍ഗണന നല്‍കുന്ന അമേരിക്കന്‍ വംശജനായ പോപ്പ് ലിയോ പതിനാലാമന്റെ ഭരണകാലത്ത് ഈ സംഭവം വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്ത് സഭയുടെ കടുത്ത നിലപാടുകളോട് വിയോജിച്ച് അകന്നുപോയ യാഥാസ്ഥിതികരെ തിരികെ കൊണ്ടുവരാന്‍ നിലവിലെ മാര്‍പാപ്പ ശ്രമിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത തിരിച്ചടി.
സഭയുടെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നടന്ന ഈ മെത്രാന്‍ വാഴ്ച കത്തോലിക്കാ നിയമമനുസരിച്ച് അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് വത്തിക്കാന്‍ കാണുന്നത്.
വിമത ഗ്രൂപ്പായ എസ്.എസ്.പി.എക്സിന്റെ ദേവാലയങ്ങളില്‍ പോകുന്നതും അവരുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതും വിശ്വാസികള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് വത്തിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വൈദികര്‍ നടത്തുന്ന ജ്ഞാനസ്നാനം, കുര്‍ബാന തുടങ്ങിയ കൂദാശകള്‍ അസാധുവും സഭാവിരുദ്ധവുമാണെന്നാണ് വത്തിക്കാന്റെ പ്രഖ്യാപനം. എന്നാല്‍ വത്തിക്കാന്റെ ഈ ശാസനകള്‍ക്ക് ശേഷവും വിമത സഭയുടെ പള്ളികളില്‍ പരമ്പരാഗത ലത്തീന്‍ കുര്‍ബാനകളും മറ്റ് ആരാധനാ കര്‍മ്മങ്ങളും യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് പോകുന്നത് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
അമേരിക്കയിലെ ഉള്‍പ്പെടെയുള്ള വിവിധ രൂപതകളിലെ ബിഷപ്പുമാര്‍ റോമിന്റെ കടുത്ത മുന്നറിയിപ്പുകള്‍ വിശ്വാസികളിലേക്ക് എത്തിക്കാന്‍ സജീവമായി രംഗത്തുണ്ട്. ക്രിസ്തു ആഹ്വാനം ചെയ്ത സഭാ ഐക്യത്തില്‍ നിലനില്‍ക്കണമെങ്കില്‍ പോപ്പ് ലിയോ പതിനാലാമന്റെയും കത്തോലിക്കാ സഭയുടെയും നേതൃത്വത്തോട് ചേര്‍ന്നുനില്‍ക്കണമെന്ന് സാന്‍ അന്റോണിയോ ആര്‍ച്ച് ബിഷപ്പ് ഗുസ്താവോ ഗാര്‍സിയ-സില്ലര്‍ വിശ്വാസികള്‍ക്ക് അയച്ച കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ഏകദേശം 750-ഓളം വൈദികരുള്ള എസ്.എസ്.പി.എക്സ് ഗ്രൂപ്പിന്റെ സ്വാധീനം ഇല്ലായ്മ ചെയ്യാനാണ് വത്തിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

Comments
Post a Comment