വിശുദ്ധ ഫ്രാൻസിസിന്റെ അങ്കണം' പന്ത്രണ്ടാം പതിപ്പ് സെപ്റ്റംബർ 10 മുതൽ

 


വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സന്യാസികൾ ഓരോ വർഷവും സംഘടിപ്പിക്കുന്ന, അസീസിയിലെ വിഖ്യാത സാംസ്കാരിക സംഗമമായ, 'വിശുദ്ധ ഫ്രാൻസിസിന്റെ അങ്കണം' പന്ത്രണ്ടാം പതിപ്പ്  സെപ്റ്റംബർ  10 മുതൽ ആരംഭിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ചരമത്തിന്റെ എണ്ണൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ "ഒരു ശുഭകരമായ വാർത്ത"  എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്
. സെപ്റ്റംബർ 10 മുതൽ 13 വരെയും തുടർന്ന് 17 മുതൽ 20 വരെയും രണ്ട് ഘട്ടങ്ങളിലായിട്ടാണ്  ഈ ആഘോഷ പരിപാടികൾ നീണ്ടു നിൽക്കുന്നത്. 

വിശുദ്ധ ഫ്രാൻസിസിനെ ഒരു വിത്തിൽ നിന്ന് ജനിച്ച ഒരു വൃക്ഷമായി ചിത്രീകരിക്കുന്ന പ്രതീകമാണ് ഈ വർഷത്തെ ആഘോഷങ്ങൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

മാനുഷികമായ സന്തോഷം, ബന്ധങ്ങൾ, ആരോഗ്യം, സംസ്കാരം, ആത്മീയത എന്നിവ സമന്വയിക്കുന്ന ഒരു സമഗ്ര ജീവിതരീതിയെക്കുറിച്ചാണ് ഈ വർഷത്തെ സംവാദങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത്. കേവലം ഒരു മതപരമായ ചടങ്ങ് എന്നതിലുപരി, വിവിധ വിജ്ഞാനശാഖകളിലുള്ള വിദഗ്ധരും സാധാരണക്കാരും തമ്മിലുള്ള സൗഹൃദപരമായ സംവാദത്തിനും ആശയവിനിമയത്തിനുമുള്ള വേദിയായാണ് ഫ്രാൻസിസ്കൻ സന്യാസിമാർ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.


ഭിന്നതകൾക്കിടയിലും പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ സാമൂഹികമായ മാറ്റങ്ങൾ സാധ്യമാകൂ എന്ന് ഇതിന്റെ സംഘാടകനായ ഫാദർ ജൂലിയോ ചെസാരെയോ അഭിപ്രായപ്പെട്ടു.

വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് എട്ടു ദിവസങ്ങളിലായി അസീസിയിൽ അരങ്ങേറുന്നത്. സെപ്റ്റംബർ 13-ന് പ്രശസ്ത സംഗീതജ്ഞൻ ജോവാന്നി  അല്ലേവി നയിക്കുന്ന സംഗീതനിശയും സെപ്റ്റംബർ 18-ന് സ്പോലെത്തോ  തടവറയിലെ അന്തേവാസികൾ അവതരിപ്പിക്കുന്ന 'ഒക്കി എ ഗാബിയെ' എന്ന നാടകവും മേളയിലെ പ്രധാന ആകർഷണങ്ങളാണ്. ഇതിനുപുറമെ, നിർമ്മിത ബുദ്ധിയുടെ (AI) കാലികമായ പ്രസക്തിയെക്കുറിച്ച് ഫാദർ പൗളോ  ബെനാന്തി നയിക്കുന്ന ചർച്ചയും, പ്രശസ്ത കവിയും പുരോഹിതനുമായ ഡോൺ കോസിമോ സ്കെനയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ആത്മീയ സംഗമവും പരിപാടിയുടെ മാറ്റ് കൂട്ടും.ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്ന 'അസീസി ഫോർ ലൈഫ്' എന്ന ഉത്സവവും ഇത്തവണ ചടങ്ങിന്റെ  ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ശരിയായ ഭക്ഷണക്രമം, വ്യായാമം, പരിസ്ഥിതി സൗഹൃദപരമായ ജീവിതം എന്നിവയെക്കുറിച്ച് ഇതിലൂടെ ജനങ്ങൾക്ക് അവബോധം നൽകും. സെപ്റ്റംബർ 20-ന് ഞായറാഴ്ച ബസിലിക്കയിൽ നടക്കുന്ന സമാപന സംഗീത വിരുന്നോടെ മേളയ്ക്ക് തിരശ്ശീല വീഴും. പരിപാടികളുടെ പൂർണ്ണരൂപം അറിയുന്നതിനും രജിസ്ട്രേഷനുമായി സന്ദർശകർക്ക് 'cortiledifrancesco.it' എന്ന ഔദ്യോഗിക വെബ്സൈറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി