ഉദയംപേരൂർ സൂനഹദോസ്- നേട്ടവും കോട്ടവും : part 05
വളരെയധികം തയ്യാറെടുപ്പ് നടത്തിയാണ് മെനസിസ് ഈ സുനഹദോസ് വിളിച്ചുചേർത്തത്. ഗോവയിൽ നിന്നും സുനഹദോസിന് മുമ്പായി അങ്കമാലിയിലേക്ക് യാത്രകൾ നടത്തിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സുറിയാനി സഭയിൽ നിലനിന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും അദ്ദേഹം പഠിച്ചിരുന്നു. സമ്മേളനത്തിന്റെ ആദ്യം മുതൽ അന്ത്യം വരെ തിരക്കഥയെഴുതിവെച്ചു നടപ്പിലാക്കുകയായിരുന്നു. അതിനുവേണ്ടി കൊച്ചി രാജാവിന്റെയും അദ്ദേഹത്തിന്റെ പട്ടാളക്കാരുടെയും സേവനം ലഭ്യമാക്കി.
സുറിയാനി സഭയുടെ കാഴ്ചപ്പാടിൽ പറഞ്ഞാൽ വളരെ ക്രൂരവും പൈശാചികവുമായ വഴിയിലൂടെയാണ് കേരള സഭയെ റോമിന്റെ കീഴിൽ കെട്ടിവച്ചത്. മെനസസിന്റെ വക്രത ബുദ്ധി ഇക്കാര്യത്തിൽ വളരെ വ്യക്തമാണ്.
ഈ സുനഹദോസ് വരുത്തിവെച്ച ആഘാതം ഭീമാകരമായിരുന്നു. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും മലബാർ/മലങ്കര സഭയുടെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി ഈ സുനദോസിനെ രേഖപ്പെടുത്തുന്നു. പാഷാണ്ഡത മുദ്രകുത്തി സുറിയാനി ഗ്രന്ഥങ്ങൾ മൊത്തത്തിൽ കത്തിച്ചു നശിപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. പുസ്തകങ്ങൾ കൂന കൂട്ടിയിട്ട് അഗ്നിക്കിരയാക്കുകയായിരുന്നു. നെസ്തോറിസം ആരോപിച്ച് പൗരസ്ത്യ ബന്ധം അറുത്തു മാറ്റുവാൻ സുറിയാനി സഭയുടെ പ്രധാനപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും നശിപ്പിക്കപ്പെട്ടു. സഭയുടെ ആരാധനാക്രമ രേഖകൾ, കാനോനിക നിയമങ്ങൾ ഭരണക്രമ ചട്ടങ്ങൾ, പവിഴത്തിന്റെ പുസ്തകം, മിശിഹായുടെ തിരുബാല പുസ്തകം, പൗരസ്ത്യ സഭാ പിതാക്കന്മാരുടെ ജീവചരിത്രം, പറുദീസയുടെ പുസ്തകം, സ്വർഗ്ഗത്തിൽ നിന്നും വന്ന കത്ത്, കമീസിന്റെ പാട്ടുകൾ, നർസയുടെ പുസ്തകം, എല്ലാം ഇവയിൽ ഉൾപ്പെടും.
റവ. ഡോക്ടർ സേവ്യർ കൂടപ്പുഴയച്ചന്റെ നിഗമനത്തിൽ (ഭാരതസഭാ ചരിത്രം) ഇങ്ങനെയൊരു സൂനഹദോസ് വിളിച്ചുചേർക്കുവാൻ മെനസിസ് മെത്രാപ്പോലീത്തയ്ക്ക് അധികാരം ഇല്ലായിരുന്നുവെന്നും, സുനഹാദോസിന്റെ കനോനകൾക്ക് മാർപാപ്പയുടെ അംഗീകാരം കിട്ടിയില്ലെന്നും പറയുന്നു. മതപരമായും നിയമപരമായും ഈ സുനഹദോസിനെ ചോദ്യം ചെയ്യുമ്പോഴും കേരള സഭയിൽ നടന്ന സാമൂഹിക പരിഷ്കരണം കണ്ടില്ലെന്ന് നടിക്കാൻ വയ്യ.
ഈ സുനഹദോസിന് ശേഷം കേരള സഭയിൽ ഉരുണ്ടുകൂടിയ അഭിപ്രായ ഭിന്നതയെയും വിഭാഗീയതയെയും തുടർന്ന് സുറിയാനി സഭ 1653 ലെ "കൂനൻ കുരിശു സത്യ"ത്തോടെ നെടുകെ പിളർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം പോർച്ചുഗീസുകാർക്ക് തന്നെ. ഈ പിളർപ്പുകൊണ്ട് വരുത്തിവെച്ച മുറിവുകൾ ഉണക്കുവാൻ അന്നുമുതൽ ശ്രമിച്ചിട്ടും ഇന്നും അതിനൊരു ഫലം കാണാതെ തുടരുകയാണ്. അത്രമാത്രം ആഴത്തിലുള്ള മുറിവായിരുന്നു ഇതുമൂലം കേരളസഭയിൽ ഉണ്ടായതെന്ന് വ്യക്തമാണല്ലോ.



Comments
Post a Comment