ഉദയംപേരൂർ സുനഹദോസ് : നേട്ടവും കോട്ടവും part 04

 


യോഹന്നാൻ സുവിശേഷത്തിന്റെ എട്ടാം അധ്യായം, ലൂക്കാ സുവിശേഷത്തിലെ പത്താം അധ്യായം, മത്തായിയുടെ സുവിശേഷത്തിലെ ആറാം അധ്യായത്തിലെ ചില വാക്യങ്ങൾ, വിശുദ്ധ പത്രോസിന്റെ രണ്ടാം ലേഖനം, വിശുദ്ധ യോഹന്നാന്റെ രണ്ടും മൂന്നും ലേഖനങ്ങൾ, യൂദാസിന്റെ ലേഖനം, വെളിപാട്, യോഹന്നാന്റെ ഒന്നാം ലേഖനത്തിലെയും നാലാം അധ്യായത്തിലെയും അഞ്ചാം അധ്യായത്തിലെയും ചില വാക്യങ്ങൾ, പഴയ നിയമത്തിൽ എസ്തേർ തോബിത്ത്, ജ്ഞാനം,  ഗ്രന്ഥങ്ങളും ഇല്ലായിരുന്നുവെന്ന് പറയപ്പെടുന്നു. അങ്ങനെ എണ്ണമറ്റ കുറ്റങ്ങളും പാപങ്ങളും മലങ്കര സഭയിൽ നടന്നിരുന്നുവെന്നാണ് സുനഹദോസിൽ ആരോപിക്കപ്പെട്ടത്. ജപമാല ചൊല്ലുന്ന കീഴ്‌വഴക്കം ഈ സമ്മേളനത്തോടെ  ആണ് മലങ്കര സഭയിൽ ആരംഭിച്ചത്. പക്ഷേ അതുമൂലം കേരള സഭയിൽ നിലനിന്നിരുന്ന യാമ പ്രാർത്ഥനകൾക്ക് മങ്ങലേറ്റു .

ഈ മഹായോഗത്തെ തുടർന്ന് നടപ്പിലാക്കിയ ഒട്ടനവധി നല്ല കാര്യങ്ങളുമുണ്ടെന്ന യാഥാർത്ഥ്യം മറച്ചുവെക്കുവാൻ പറ്റില്ല. മാമോദിസ എന്ന കൂദാശ നൽകുന്നത് മെത്രാന്മാർ മാത്രമായിരുന്നെങ്കിൽ അത് വൈദികർക്കും ആകാമെന്ന് തീരുമാനമെടുത്തു. മാമോദിസ സ്വീകരിക്കുന്ന കുട്ടിക്ക് തല തൊട്ടപ്പനും തലതൊട്ടമ്മയും വേണമെന്ന് നിഷ്കർഷിച്ചു. അക്രൈസ്തവരെ സഭയിലേക്ക് സ്വീകരിക്കുന്ന പതിവില്ലായിരുന്നു,  സഭയുടെ സവർണ്ണ മനോഭാവമാണെന്ന് അതിന് കാരണമെന്ന് ആരോപിക്കപ്പെടുന്നു. വിശുദ്ധ കുർബാന അർപ്പണം ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. കുമ്പസാരം എന്ന കൂദാശ ശരിയായ രീതിയിലല്ല നടന്നത്. വിവാഹങ്ങൾക്ക് "വിളിച്ചുചൊല്ലലും" വിവാഹ രജിസ്റ്റർ പള്ളിയിൽ സൂക്ഷിക്കുക എന്ന പതിവും ഈ സുനഹദോസിനു ശേഷം തുടങ്ങി വെച്ചു. വൈദികന്റെ സാന്നിധ്യം ഇല്ലാതെ ഹൈന്ദവ ആചാരം പോലെ താലികെട്ടി സ്ത്രീകളെ കൂടെ കൂട്ടുന്ന സമ്പ്രദായം നിർത്തലാക്കി. ബഹുഭാര്യത്വം നിലനിന്നിരുന്നത് ഈ സമ്മേളനത്തോടെ അവസാനിപ്പിച്ചു. ഈ സമ്മേളനത്തോടെ  നിലവിൽ ഉണ്ടായിരുന്ന പല ആചാരങ്ങളും അനാചാരങ്ങളും (തുള്ളൽ, തുള്ളിക്കൽ, ജാതകം നോട്ടം ഉൾപ്പെടെ) അവസാനിപ്പിച്ചു.  

കേരള സഭ വിശ്വാസത്തിൽ ക്രിസ്ത്യാനികളും ആരാധനാക്രമത്തിൽ പൗരസ്ത്യരും ആചാരങ്ങളിൽ ഹൈന്ദവരുമായിരുന്നു എന്നത് ആർക്കും നിഷേധിക്കാനാവില്ല. 


ഉദയംപേരൂർ സുനഹദോസിന്റെ തീരുമാനങ്ങൾ 'കാനോനകൾ" എന്ന പേരിലാണ് അറിയപ്പെടുന്നത്. 200 കാനോനകൾ പാസാക്കിയതിൽ വിശ്വാസവും ആരാധനയും കൂദാശകളും സംബന്ധിച്ചുള്ളതാണ്. 20 കാനോനകൾ സാമൂഹിക പരിഷ്കരണം ലക്ഷ്യം വെച്ചുള്ളവയും. എല്ലാ കാനോകളിലും അവിടെ കൂടിയിരുന്ന സുറിയാനിക്കാർ മനസ്സില്ലാ മനസ്സോടെയും കണ്ണുനീർ പൊഴിച്ചും ഒപ്പുവയ്ക്കുവാൻ നിർബന്ധിതരായി.


16 നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിലെ മാർത്തോമാ സഭയുടെ ജീവിതത്തിൽ ക്രൈസ്തവ മൂല്യങ്ങളും കത്തോലിക്കാനാവീകരണവും സാമൂഹിക നവോത്ഥാനവും കൊണ്ടുവന്ന നിയോഗമായി ഉദയംപേരൂർ സുനഹദോസിനെ വിലയിരുത്താം. പൊതുവേ പറഞ്ഞാൽ ഈ മഹാസമ്മേളനം കൊണ്ട് കേരളസഭയിൽ നിലനിന്നിരുന്നു, എന്ന് നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത പല അനാചാരങ്ങളും നിർത്തലാക്കി സഭയ്ക്ക് ഒരു ദിശാബോധം കൊണ്ടുവരുവാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ള കാര്യം സമ്മതിക്കുന്നവരെ തെറ്റുപറയുവാൻ കഴിയില്ല.

എങ്കിലും അന്നുവരെ തുടർന്നു പോന്നിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഗ്രന്ഥങ്ങളും മറ്റു ലഖിത രൂപത്തിൽ ഉണ്ടായിരുന്നവയും ഒരു മുന്നറിയിപ്പുമില്ലാതെ അഗ്നിക്കിരയാക്കിയതും കടുത്ത പാതകമായി വിലയിരുത്തുവാനേ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ ഒരു കൂടിയാലോചനയും നടത്തിയില്ല.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി