ഉദയംപേരൂർ സുനഹദോസ് : നേട്ടവും കോട്ടവും part 02


മലങ്കര/ മലബാർ സഭ അനുവർത്തിച്ചു പോന്ന പൗരസ്ത്യ സുറിയാനി സഭയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തന്മൂലം നിരോധിക്കപ്പെട്ടു. മലബാർ സഭയക്കുണ്ടായിരുന്ന പേർഷ്യൻ കൽദായ ബന്ധം നിരോധിക്കപ്പെട്ടു. സഭയുടെ നിരവധി ഗ്രന്ഥങ്ങൾ കത്തിച്ചു ചാമ്പലാക്കി. വൈദികരുടെ വിവാഹം നിരോധിക്കപ്പെട്ടു, നിർബന്ധിത ബ്രഹ്മചര്യം അടിച്ചേൽപ്പിച്ചു.

ഗോവൻ മെത്രാപ്പോലീത്ത അലക്സോ ഡി മെനസിസിന്റെ അധ്യക്ഷതയിൽ ആയിരുന്നു ഏഴു  ദിവസങ്ങൾ നീണ്ടുനിന്ന സുനഹദോസ് നടന്നത്. ഈ സമ്മേളനത്തിന് പോർച്ചുഗീസുകാർ കൊച്ചി രാജാവിന്റെ സഹായം തേടിയിരുന്നു, തന്മൂലം സുനഹദോസ് നടന്ന ഹാളിൽ  മസ്കറ്റുകൾ (തോക്കുകൾ) സമേതം പട്ടാളക്കാരുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ ഏഴു മുതൽ പതിനൊന്നു വരെയും ഉച്ച കഴിഞ്ഞ് രണ്ടു മുതൽ ആറു വരെയുമായി രണ്ട് സെക്ഷനുകൾ വീതം സമ്മേളനം നടന്നു. 


ആദ്യദിവസം വിശുദ്ധ കുർബാന അർപ്പിച്ചും  മെത്രാപ്പോലീത്തയുടെ ആമുഖപ്രസംഗത്തോടെയും തുടക്കം കുറിച്ചു. ആമുഖപ്രസംഗത്തിൽ ഡെമനിസ് ഇങ്ങനെ തുടങ്ങി "നിങ്ങളുടെ എല്ലാവരുടെയും സമ്മതപത്രം എന്റെ പക്കൽ ഉണ്ട്, അത് ഞാൻ വായിക്കുന്നു. കാരണം അതിൽ നിങ്ങൾ പറഞ്ഞിട്ടുണ്ട് നിങ്ങൾ സ്വതന്ത്രമായാണ് ഈ സുനഹദോസിന് വന്നുചേർന്നിരിക്കുന്നത്, സുറിയാനി സഭയെ റോമൻ സഭയുമായി ഒന്നിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം, പാഷാണ്ഡതകളെ  നശിപ്പിക്കുക, പുസ്തകങ്ങളെ ശുദ്ധീകരിക്കുക, നിബന്ധനകൾ അംഗീകരിക്കുക". ഇത്രയും കേട്ടപ്പോൾ തന്നെ അവിടെ കൂടിയിരുന്ന എണ്ണൂറിൽ പരം ആളുകൾ ഞെട്ടിപ്പോയി. യോഗത്തിന് എത്താനുള്ള കത്തുകൾ കൊടുത്തപ്പോൾ അതിൽ പറഞ്ഞിരുന്നു കൊച്ചി രാജാവിന്റെ പ്രതിനിധി ഉണ്ടായിരിക്കുമെന്നും സമ്മേളനത്തിൽ വരാതിരുന്നാൽ സ്വത്തു കണ്ടു കെട്ടുകയോ തടങ്കലോ ഉണ്ടാവുമെന്നും. സമ്മേളന വേദിക്ക് പുറത്തു പോകുവാൻ ആർക്കും അനുവാദമില്ലായിരുന്നു. അതേപോലെ കൂട്ടം കൂടിയുള്ള ചർച്ചകൾ പാടില്ല. നിബന്ധനകൾ ലംഘിച്ചാൽ സഭയ്ക്കു പുറത്താക്കും എന്ന ഭീഷണിയും മുഴക്കി.


നിബന്ധനകൾ എല്ലാം വായിച്ചശേഷം പരസ്യമായി ചോദിച്ചു "നിങ്ങൾ ഇതിൽ എല്ലാം സമ്മതമല്ലേ". ഭയവിഹ്വല്ലരായ സമൂഹം പൂർണ്ണ നിശബ്ദതയായിരുന്നുവെങ്കിലും തങ്ങളുടെ പാത്രിയാർക്കീസിനെ കൈവെടിയുന്നതിൽ അവർക്ക് വേദനയുണ്ടായിരുന്നു. 

രണ്ടാം ദിവസം ആർച്ച് ഡീക്കൻ മെനെസിന്റെ മുമ്പിൽ മുട്ടുകുത്തി ആദ്യമായി വിശ്വാസ പ്രഖ്യാപനം നടത്തി, തുടർന്ന് വൈദികരും. പള്ളുരുത്തിക്കാരൻ യാക്കോബ് കത്തനാർ പ്രസംഗപീഠത്തിൽ കയറി നിന്ന് വിശ്വാസ പ്രഖ്യാപന വാചകം മലയാളത്തിൽ വായിച്ചപ്പോൾ ജനങ്ങൾ എല്ലാം അത് ഏറ്റുചൊല്ലി. 


അന്നേദിവസം തന്നെ ധനികനും പ്രശസ്തനുമായ ഒരാൾ സമ്മേളന ഹാളിൽ നിന്നും പുറത്തുപോയി, അദ്ദേഹത്തോടൊപ്പം 70 പേരും കൂടി ചേർന്നു.  തങ്ങളെ മാർപാപ്പയുടെ കീഴിലാക്കുകയാണെങ്കിൽ പോർച്ചുഗീസ് രാജാവിന്റെ സംരക്ഷണവും തങ്ങൾക്ക് ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.  അവരെ അകത്തേക്ക് വിളിച്ച്  കുശാഗ്ര  ബുദ്ധിയാൽ മെനെസിസ് പറഞ്ഞു " അത് സാരമില്ല അത് ചെയ്തു തരാം മാത്രമല്ല നിങ്ങൾ ഇവിടെ കൊടുക്കുന്ന കരം പോർച്ചുഗീസ് രാജാവിന് കൊടുക്കാനുള്ള രീതിയും ഏർപ്പെടുത്താം". തുടർന്ന് അവിടെ കൂടിയിരുന്നവരോട് " നിങ്ങൾ എഴുന്നേറ്റു നിന്ന്  മാർപാപ്പയെ സ്വീകരിക്കുന്നതായി സത്യം ചൊല്ലുക, ബാബിലോൺ പാത്രിയാർക്കീസിനെ തള്ളിപ്പറയുക (അന്ത്യോക്യൻ പത്രിയാർക്കീസ് എന്ന് പറയാഞ്ഞത് പ്രത്യേകം ശ്രദ്ധേയം), നെസ്തോറിയൻ   പാഷാണ്ഡതയെ തള്ളിപ്പറയുക എന്ന് ആവശ്യപ്പെട്ടു.

(തുടരും)

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി