ഉദയംപേരൂർ സുനഹദോസ് : നേട്ടവും കോട്ടവും part 01
ക്ലൈമന്റ് എട്ടാമൻ മാർപ്പാപ്പയായിരുന്ന കാലം. പോർച്ചുഗീസുകാർ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ റോമൻ കത്തോലിക്കരുടെ അധീനതയിൽ ആക്കുവാൻ ഗോവ മെത്രാപ്പോലീത്ത അലക്സോ ഡി മെനസിസിന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി 1599 ജൂൺ 20 മുതൽ 26 വരെ (7 ദിവസം) ഉദയംപേരൂരിൽ 'ഗെർവാസിസ് ആൻഡ് പ്രോത്താസിസ്" പള്ളിയിൽ നടന്ന സമ്മേളനത്തെയാണ് ഉദയംപേരൂർ സുനഹദോസ് എന്നറിയപ്പെടുന്നത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറക്ക് സമീപമുള്ള സ്ഥലമാണ് ഉദയംപേരൂർ. ("ഡയമ്പർ' എന്നാണ് ഉദയംപേരൂരിന്റെ പാശ്ചാത്യവൽക്കരിക്കപ്പെട്ട നാമം)
ഈ സൂനഹദോസ് അങ്കമാലിയിൽ നടത്തണമെന്ന് ആവശ്യമുയർന്നെങ്കിലും മെനസിസ് അതിനു തയ്യാറായില്ല. അതിന് കാരണം, കൊച്ചിയിലുണ്ടായിരുന്ന പോർച്ചുഗീസ് പട്ടാള ക്യാമ്പ് ഉദയംപേരൂരുമയിയിട്ടായിരുന്നു അങ്കമാലിയെ അപേക്ഷിച്ച് കൂടുതൽ അടുപ്പം. സുനഹദോസിൽ എന്തെങ്കിലും പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ പട്ടാളക്കാരുടെ സേവനം മെനസിസ് ആഗ്രഹിച്ചു. കേരളത്തിലെ ആദ്യത്തെ ക്രിസ്തീയ രാജകുടുംബമായ വില്ലാർവട്ടം തോമാ രാജാവ് എ ഡി 510 ൽ സ്ഥാപിച്ച പള്ളിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. സുനഹദോസ് വിളിച്ചുചേർക്കുവാൻ തനിക്കുള്ള അധികാരം വ്യക്തമാക്കിക്കൊണ്ട് പള്ളികളിലേക്ക് കൽപ്പന അയച്ചു. ആർച്ച് ഡീക്കനും വൈദികരും ശമ്മാശന്മാരും പള്ളിയോഗം തെരഞ്ഞെടുക്കുന്ന നാല് അല്മായ പ്രതിനിധികളും സുനഹദോസിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം മഹറൂന് വിധേയരാവുമെന്നും കൽപ്പനയിൽ പറയുന്നു.
കൽപ്പനയിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ് " റോമിലെ മെത്രാനും ഭൂമിയിൽ ക്രിസ്തുവിന്റെ വികാരിയും ഇപ്പോൾ ദൈവത്തിന്റെ സഭയുടെ അധികാരിയുമായ പരിശുദ്ധ പിതാവ് ക്ലമെന്‍റ് എട്ടാമൻ നമ്മുടെ പേർക്ക് രണ്ട് തിരുവെഴുത്തുകൾ അയച്ചിട്ടുണ്ട്. ഒന്ന് 1595 ജനുവരി 27 നും മറ്റൊന്ന് 1597 ജനുവരി 21നും. അബ്രഹത്തിന്റെ മരണം മൂലം അനാഥമായ ഈ സഭയെയും മെത്രാസനത്തെയും കൈവശപ്പെടുത്തുന്നതിനും
പതിവുപോലെ ബാബിലോണിൽ നിന്ന് മെത്രാന്മാരോ സഭാ അധ്യക്ഷൻ ആരോ അവിടെ പ്രവേശിക്കാതിരിക്കുന്നതിനും പരിശുദ്ധ റോമാ സഭ അവിടെ യഥാർത്ഥ മെത്രാനെ നിയമിക്കുന്നത് വരെ ആധ്യാത്മികവും ലൗകികവുമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുവാൻ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതിനും പ്രസ്തുത തിരുവെഴുത്തുകൾ നമ്മെ അധികാരപ്പെടുത്തിയിരുന്നു. മാത്രമല്ല അങ്കമാലി ഇടവകയിൽ മെത്രാപ്പോലീത്തയുടെ അഭാവത്തിൽ ഭരിക്കുന്നതിന് ഒരു കാനോനിക സംഘം ഇല്ലാത്തതിനാലും ഇന്ത്യയിലെ സകലസഭകളുടെയും മെത്രാപ്പോലീത്തയും കിഴക്കിന്റെ പ്രൈമറ്റും എന്ന നിലയിലും നമുക്ക് അവ ചെയ്യുന്നതിന് അധികാരമുണ്ട്. ഈ കൽപ്പന എല്ലാ പള്ളികളിലും വായിക്കുകയും പള്ളികളുടെ പടിവാതിലുകളിൽ പതിക്കുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ട് സർക്കുലർ ഉപസംഹരിക്കുന്നു (റവ. ഡോ സേവ്യർ കൂടപ്പുഴ - ഭാരതസഭാ ചരിത്രം)
സുനഹദോസ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്നെ ഫ്രാൻസിസ് റോസ്, സ്റ്റീഫൻ ബ്രിട്ടോ, ആന്റണി റ്റൊസ്കാനോ എന്നീ ഈശോസ് സഭ വൈദികരുമൊത്ത് മെനെസിസ് ഉദയംപേരൂരിലെത്തി. യോഗം തുടങ്ങുന്നതിനു മുമ്പായി തന്നെ ആർച്ച് ഡീക്കനെയും എട്ടു വൈധികരേയും നാല് അല്മായരെയും കൂട്ടിച്ചേർത്ത് ഒരു കമ്മറ്റി ഉണ്ടാക്കി ചില നിർദ്ദേശങ്ങളും ഭേദഗതികളും അവരിൽ നിന്നും സ്വീകരിച്ചു. ഇതൊക്കെ വെറുമൊരു പ്രഹസനം മാത്രമായിരുന്നു. മുൻകൂട്ടി തയ്യാറാക്കി വെച്ച കാനോനകളിൽ ഒരു വ്യത്യാസവും വരുത്തിയില്ലെന്ന് പിന്നീട് എല്ലാവർക്കും ബോധ്യപ്പെട്ടു.
153 വൈദികരും 660 മേൽ ഡിക്കന്മാരും അൽമായരും ഉൾപ്പെടെ 813 പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തതായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. മലങ്കര സഭയിൽ പോർച്ചുഗീസുകാരുടെ രഹസ്യ അജന്തയിൽ കൂടി ലത്തീൻ റീത്തീന്റെ ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു ഈ സുനഹദോസിന്റെ പ്രധാന ലക്ഷ്യം. ഈ സമ്മേളനത്തിന് ശേഷം ലത്തീൻ സഭ മലങ്കര സഭയെ വിഴുങ്ങുകയും അതിന്റെ തനതായ അസ്ഥിത്വം ഇല്ലായ്മ ചെയ്യുകയും ചെയ്തു.
(തുടരും)




Comments
Post a Comment