വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാർ
വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി ആഘോഷിക്കുന്നു.
ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ വിശുദ്ധ പത്രോസിനും വിശുദ്ധ പൗലോസിനും അതുല്യമായ സ്ഥാനമുണ്ട്. യേശുക്രിസ്തുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുകയും വിശ്വാസത്തിന് ഉറച്ച അടിത്തറ പാകുകയും ചെയ്ത ഈ രണ്ട് മഹാന്മാർ സഭയുടെ ശക്തമായ തൂണുകളായി അറിയപ്പെടുന്നു. വ്യത്യസ്തമായ ജീവിതാനുഭവങ്ങളും ദൗത്യങ്ങളും ഉണ്ടായിരുന്നെങ്കിലും, ക്രിസ്തുവിനോടുള്ള അചഞ്ചലമായ സ്നേഹത്തിലും സമർപ്പണത്തിലും അവർ ഒന്നായിരുന്നു. അവരുടെ ജീവിതവും സാക്ഷ്യവും ഇന്നും വിശ്വാസികൾക്ക് പ്രചോദനവും ആത്മീയ മാർഗ്ഗദർശനവുമാണ്
സഭയുടെ ശിലയായി പത്രോസിനെയും, സഭയുടെ സാർവത്രിക പ്രബോധകനായി പൗലോസിനെയും നാം വണങ്ങുന്നു. തങ്ങളുടെ വൈവിധ്യമാർന്ന വ്യക്തിത്വങ്ങളിലൂടെയും ജീവിതസാഹചര്യങ്ങളിലൂടെയും അവർ ദൈവജനത്തിന്റെ ഐക്യവും സാർവത്രികതയും രക്തസാക്ഷിത്വത്തിലൂടെ ഉറപ്പിച്ചു.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവിതം പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: അവരുടെ മഹത്വം എന്നത് ജന്മനാ ലഭിച്ച കഴിവുകളോ ഗുണങ്ങളോ ആയിരുന്നില്ല. മറിച്ച്, യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയാണ് അവരെ അപ്പസ്തോലന്മാരാക്കി മാറ്റിയത്. യേശുവുമായുള്ള ആ കൂടിക്കാഴ്ച അവരെ ഭേദമാക്കുകയും മറ്റുള്ളവർക്കായി തങ്ങളെത്തന്നെ സമർപ്പിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു.
മറുവശത്ത് പൗലോസ്, തന്റെ അധികാരത്തിന്റെ തീക്ഷ്ണതയിൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന ഒരാളായിരുന്നു. യേശുവാണ് മിശിഹായെന്ന് അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നിയമത്തിന്റെ കണിശമായ പാലനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.എന്നാൽ ദമാസ്കസിലേക്കുള്ള യാത്രയ്ക്കിടയിൽ ക്രിസ്തുവിനെ കണ്ടുമുട്ടിയതോടെ പൗലോസിന്റെ ജീവിതം മാറിമറിഞ്ഞു. പൗലോസ് നിയമത്തിന്റെ തടവറയിൽ നിന്ന് ദൈവസ്നേഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കപ്പെട്ടു. വെറുമൊരു അനുഷ്ഠാനമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം ക്രിസ്തുവുമായുള്ള ആഴമേറിയ ബന്ധമായി രൂപാന്തരപ്പെട്ടു.
പത്രോസ്: വിശ്വാസത്തിന്റെ പാറയും മനുഷ്യസഹജമായ ബലഹീനതയും
യേശു തന്റെ ശിഷ്യന്മാരോട് ഒരു ചോദ്യം ചോദിച്ചു: "മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?" (മത്തായി 16:13). സ്നാപക യോഹന്നാനെന്നും ഏലിയായെന്നും ജറമിയായെന്നുമൊക്കെയുള്ള മറുപടികൾക്ക് ശേഷം യേശു വ്യക്തിപരമായി ചോദിച്ചു: "എന്നാൽ ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?". ഈ ചോദ്യത്തിന് മറുപടി പറയാൻ മറ്റാരും ധൈര്യപ്പെട്ടില്ല. എന്നാൽ ശിമയോൻ പത്രോസ് ഉറക്കെ പ്രഖ്യാപിച്ചു: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16:16).


Comments
Post a Comment