വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്

 


റോം: ഇറ്റലിയിലെ  ചെറു പട്ടണമായ കാസല്‍ബയിലെ ‘ഔവര്‍ ലേഡി ഓഫ് ഗ്രേസ്’ ഇടവക ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ പാദ്രെ പിയോയുടെ  രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18-നായിരുന്നു ഇത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്.

  ദൈവാലയത്തിന്റെ കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ഗ്ലാസ്‌കൊണ്ട് നിര്‍മിച്ച രൂപത്തിന്റെ ഇടത് കണ്ണില്‍ നിന്നാണ് ചുവന്ന നിറത്തിലുള്ള കണ്ണീര്‍ തുള്ളി താഴേക്ക് ഒഴുകിയതായി കണ്ടെത്തിയത്. ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാനും സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു


ഈ അത്ഭുതം ആദ്യം കണ്ടത് ഒരു ഇടവകാംഗമാണ്. ഉടന്‍ തന്നെ ദേവാലയ വികാരി ഫാ. ജിരോലാമോ കപുവാനോ സ്ഥലത്തെത്തുകയും കറ തുടച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പരാജയപ്പെട്ടു.

നിലവില്‍ രൂപം വിദഗ്ധപരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.


കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഈ രൂപത്തെ നിരീക്ഷിക്കുന്ന സുരക്ഷാ ക്യാമറകള്‍ ദേവാലത്തിലുണ്ടെന്നും, ഏപ്രില്‍ 1 മുതല്‍ 30 വരെയുള്ള മുഴുവന്‍ ദൃശ്യങ്ങളും താന്‍ വ്യക്തിപരമായി പരിശോധിച്ചതായും ഇടവക വികാരി പറഞ്ഞു.

പകലോ രാത്രിയോ ആരും തന്നെ രൂപത്തിന്റെ അടുത്തു പോവുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല. ഈ കണ്ണീരിന്റെ പാത  ഒരു ചിത്രകാരന് പോലും  കൃത്യതയോടെ  വരച്ചുചേര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എങ്കിലും സഭയുടെ ഔദ്യോഗിക പരിശോധന ഫലങ്ങള്‍ക്കായി കാത്തിരിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി