മലബാർ സഭ എങ്ങനെ കൽദായമായി?
മലബാർ സഭ എങ്ങനെ കൽദായമായി?
അനൂജ് മത്തായി വോയിസ് ഓഫ് എറണാകുളം അങ്കമാലിയിൽ എഴുതിയ ലേഖനം..
==============================
ചരിത്രം പറയുമ്പോൾ ചിലതൊക്കെ പറയാതിരിക്കുന്നത് ശരിയല്ലല്ലോ?
ഇവിടെ തോമാശ്ലീഹ വന്നപ്പോൾ സ്ഥാപിച്ചു കൊടുത്ത പൈതൃകമാണോ കൽദായ പാരമ്പര്യം? എങ്ങനെയാണ് ഒരു അപോസ്തോലനായ തോമാശ്ലീഹായുടെ കൈവെപ്പ് ലഭിച്ച ഒരു സ്വതന്ത്ര അപോസ്തോലിക സഭയായ കേരളസഭ പേർഷ്യൻ സഭയുടെ അപോസ്തോലിക അധികാരത്തിന് കീഴിലായത്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ മനസ്സിലാക്കാൻ കഴിയുക, ഏതോ കാലത്ത് അതിഥികളായി ഇവിടെ വന്ന കൽദായർക്ക് ഇവിടുത്തേ പൂർവ്വികർ സ്വന്തം അപോസ്തോലിക അധികാരം സ്വയമങ്ങ് കാഴ്ചവെച്ച് അവർക്കങ്ങ് വിധേയപ്പെട്ടു എന്നതാണ്. ഇതിനെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ഓരോന്നായി പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.
1. കേരള സഭയുടെ ആദിമ പാരമ്പര്യം.
യേശുവിൻ്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരുവനായ മാർ തോമാ ശ്ലീഹാ നേരിട്ട് സ്ഥാപിച്ച സഭയെന്ന നിലയ്ക്കും, ആഗോള സഭയുടെ വിശ്വാസ പാരമ്പര്യങ്ങളിലും സന്മാർഗ്ഗ ശിക്ഷണത്തിലും ഉറച്ചു നിന്ന സഭയെന്ന നിലയ്ക്കും കേരള സഭ പരിപൂർണ്ണ അർത്ഥത്തിൽ തന്നെ അപോസ്തോലികമായിരുന്നു.
ഒരു അപോസ്തോലിക സഭയെന്ന നിലയിൽ ഈ സഭയ്ക്ക് പൂർണ്ണമായ ഒരു ഹൈറാക്കി സ്ഥാപിക്കപ്പെട്ടിരുന്നുവെന്ന് ഉറപ്പിക്കാവുന്നതേയുള്ളു. കൂടാതെ തങ്ങളുടെ അപ്പോസ്തോലിക പിൻഗാമിയെ വാഴിക്കാനും കീഴ്പട്ടക്കാരെ വാഴിക്കാനുമുള്ള അധികാരവും ഇവിടുത്തേ ആദ്യ മെത്രാന് മാർ തോമാ ശ്ലീഹ കൈവെപ്പു വഴി നൽകിയിട്ടുണ്ടാകണം. അപ്രകാരം തന്നെയാണ് ശ്ലീഹന്മാരെല്ലാവരും തങ്ങൾ സുവിശേഷം പ്രഘോഷിച്ച് സ്ഥാപിച്ച സഭകളിൽ ചെയ്തിട്ടുള്ളത്.എന്നാൽ പിൽക്കാലത്ത് ഈ അധികാരം നമുക്ക് നഷ്ടപ്പെട്ടത് എപ്രകാരമെന്നത് അനുമാനിക്കാൻ ഒരു സാധ്യതയുമില്ല. മതപീഡനമേ മറ്റു കാരണങ്ങളോ ആ കാലഘട്ടത്തിൽ ഉണ്ടായതായി കേരള ചരിത്രത്തിൽ കാണാൻ കഴിയില്ല.
കൂടാതെ നമ്മുടെ മറ്റൊരു ദുരൂഹ നഷ്ടമാണ് ഈ സഭയുടെ തനതായ ആരാധനാക്രമം. അപ്പോസ്തലന്മാർ അവരവർ സ്ഥാപിച്ചു ക്രൈസ്തവ സമൂഹങ്ങളിൽ ആ സമൂഹത്തിൻ്റെ ഭാഷയും സംസ്കാരവും അടിസ്ഥാനമാക്കി ആരാധനാക്രമം ഏർപ്പെടുത്തി എന്നുള്ളത് ചരിത്ര വസ്തുതയാണ്. അങ്ങനെ പല പ്രാദേശിക ഭാഷയിലും ലത്തീൻഭാഷയിലും ഒക്കെ ആരാധനക്രമങ്ങൾ രൂപപ്പെട്ടു വന്നു. തങ്ങൾക്ക് മനസ്സിലാകാത്ത ഒരു ഭാഷയിൽ ഒരു സമൂഹത്തിന് ദൈവത്തെ ആരാധിക്കാനോ സ്തുതിക്കാനോ കഴിയില്ല എന്നതുകൊണ്ട് തന്നെ നമുക്കനുമാനിക്കാം തോമാശ്ലീഹ കേരളത്തിൽ സ്ഥാപിച്ച ആരാധനാക്രമം ഭാരതീയവും കേരളീയവും ആയിരുന്നെന്ന്. അന്നിവിടെ നിലവിലുണ്ടായിരുന്ന തമിഴ് അല്ലെങ്കിൽ ദ്രാവിഡ ഭാഷയിലായിരുന്നിരിക്കണം കേരള സഭയുടെ ആരാധനാക്രമം. ആദി നൂറ്റാണ്ടിലെ കേരള സഭയുടെ ഒരു പശ്ചാത്തലം ഈ രീതിയിലാണ് എന്നത് നമുക്ക് മനസ്സിലാക്കാം.
2. പേർഷ്യൻ സഭയുടെ പാരമ്പര്യം
ഇനി പേർഷ്യൻ സഭയുടെ ചരിത്ര പശ്ചാത്തലം ഒന്നു പരിശോധിക്കാം. പണ്ടത്തേ ഇറാനും ഇറക്കും ചേർന്നുള്ള രാജ്യമാണ് പേർഷ്യൻ സാമ്രാജ്യം. അതിന് പാർത്തിയ എന്നും പഴയ കാലങ്ങളിൽ പേരുണ്ടായിരുന്നു. പേർഷ്യയിലെ ക്രൈസ്തവ സഭയ്ക്ക് പല പേരുകൾ ഉണ്ട്: കൽദായ സഭയെന്നും, പേർഷ്യൻ സഭയെന്നും, കൽദയയിലെ പൗരസ്ത്യ സഭയെന്നും അസീറിയൻ സഭയെന്നും, സെലൂസിയ-സിസിഫോൻ സഭയെന്നും ഈ സഭ അറിയപ്പെടുന്നു. കേരള സഭയെ പേർഷ്യൻ സഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി ഇന്നു പലരും അവതരിപ്പിക്കുന്നത് പൊതുവായ തോമാശ്ലീഹായുടെ അപോസ്തോലിക പാരമ്പര്യമാണ്. എന്നാൽ വസ്തുത എന്തെന്നാൽ, ചില ചരിത്രകാരന്മാരെങ്കിലും കേരളത്തിൻ്റെ കാര്യത്തിൽ തോമാശ്ലീഹായുടെ പ്രേഷിത യാത്രയ്ക്ക് സാധ്യത കല്പിക്കുന്നുണ്ടെങ്കിലും പേർഷ്യയിൽ തോമാശ്ലീഹ സുവിശേഷം പ്രഘോഷിച്ചതായി യാതൊരു രേഖയോ പാരമ്പര്യമോ ഇല്ല. ഈ സഭ സ്ഥാപനവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു രൂപം തന്നെ ആർക്കുമില്ല എന്നതാണ് വാസ്തവം. ഇതിൻ്റെ സ്ഥാപകൻ മാർ ആദായി ആണെന്നും, അതല്ല അദ്ദേഹത്തിൻ്റെ ശിഷ്യരായ മാർ ആഗായിയും മാർ മാറിയുമാണെന്നും, ഒക്കെ വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹയുമായി ഈ സഭയെ ബന്ധിപ്പിക്കാവുന്ന ഏക വാദം അദ്ദേഹം കിഴക്കൻ സിറയയിൽ താമസിച്ചിരുന്ന ചില പേർഷ്യാക്കാരെ സുവിശേഷവതക്കരിച്ചെന്നും അവർ പിന്നെ സ്വന്തം നാട്ടിൽ പോയി സ്ഥാപിച്ചതാണ് പേർഷ്യൻ സഭയെന്നുള്ളതാണ്. ഇതിന് കുറഞ്ഞ പക്ഷം ചരിത്രപരമായ സാധ്യത കല്പിക്കാൻ കഴിയും. എന്നാൽ ഇതിലും പിടി വിടാതെ ചിലർ അടുത്ത പിടിവള്ളിയായി പിടിക്കുന്ന വാദമാണ് മാർ ആദായി മാർ തോമാ ശ്ലീഹായുടെ ശിഷ്യനാണ് എന്നത്! എന്നാൽ മാർ തോമാ ശ്ലീഹായ്ക്ക് ഇങ്ങനൊരു ശിഷ്യനുള്ളതായിട്ടോ, അല്ലെങ്കിൽ ഇദ്ദേഹത്ത് ഏതെങ്കിലും ശ്ലീഹൻ ഗുരുവായി ഉള്ളതായിട്ടോ ഒരു രേഖയുമില്ല. യഥാർത്ഥത്തിൽ ഈ മാർ ആദായിയുടെ പശ്ചാത്തലം എന്താണെന്നതിനെ കുറിച്ചേ ഒരു വ്യക്തതയുമില്ല. പെന്തക്കോസ്താ തിരുനാളിൽ ജറുസലേമിൽ പത്രോസ് ശ്ലീഹയുടെ പ്രസംഗം കേട്ട് മാമോദീസ സ്വീകരിച്ച 3000 പേരിൽ പാർത്തിയാക്കാരും ഉണ്ടായിരുന്നതായി അ.പ്ര. 2:9 സാക്ഷ്യപ്പെടുത്തുന്നു. അന്നു മാമ്മോദീസ സ്വീകരിച്ച ഒരു പാർത്തിയാക്കാരനാണ് മാർ ആദായി എന്നൊരു വാദമുണ്ട്. യേശു തിരഞ്ഞെടുത്ത 72 ശ്ലീഹന്മാരിൽ ഒരുവനാണ് മാർ ആദായി എന്നും മറ്റൊരു പാരമ്പര്യവും ഉണ്ട്. ഇതിൽ ഏത് വാദം നോക്കിയാലും ഇദ്ദേഹത്തേ മാർ തോമാ ശ്ലീഹായുടെ കീഴിൽ കൊണ്ട് കൂട്ടികെട്ടാനുള്ള ഒരു സാധ്യതയും കാണുന്നില്ല. അങ്ങനെ കൊണ്ട് കൂട്ടി കെട്ടണമെന്ന് നിർബന്ധമുള്ളവരുടെ ആവശ്യം എന്താണെന്ന് നമുക്ക് ഊഹിക്കാവുന്ന തേയുള്ളു.
3. തോമാശ്ലീഹായുടെ പ്രേഷിതദൗത്യം
തോമാശ്ലീഹായുടെ പേർഷ്യയിലെ സുവിശേഷവൽക്കരണ സാധ്യത എന്തുകൊണ്ട് തള്ളിക്കളയുന്നു എന്നതിൻ്റെ വിശദീകരണം ഇനി വിവരിക്കാം. സഭാചരിത്രം നമ്മൾ പരിശോധിക്കുകയാണെങ്കിൽ തോമാശ്ലീഹയുടെ രണ്ടു പ്രേഷിതയാത്രകളാണ് ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. ആദ്യത്തേത് ഏതാണ്ട് AD 48ന് ജറുസലേമിൽ നിന്നും അലക്സാൻഡ്രിയ വന്ന് അവിടുന്ന് മെഡിറ്ററേനിയൻ കടലിലൂടെ കപ്പൽ മാർഗ്ഗം ഗുജറാതിലുള്ള ബറൂച്ച് തീരത്ത് എത്തുകയും അവിടെ ഗുണ്ടഫറസിന്റെ ദേശത്ത് പാർക്കുകയും തുടർന്ന് തിടുക്കത്തിൽ ചൈനയിൽ നിന്നും സിൽക്ക് റൂട്ടിലൂടെ ജറുസലേമിൽ മടങ്ങുകയും ചെയ്യുന്നു. തോമാശ്ലീഹായുടെ നടപടി പുസ്തകത്തിലെ വിവരണം അനുസരിച്ച് അദ്ദേഹം ജറുസലേമിൽ നിന്നും കപ്പൽ മാർഗ്ഗം മെഡിറ്ററേനിയൻ കടലിലൂടെ കെസേറിയ വഴി അലക്സാൻഡ്രിയയിൽ എത്തുന്നു. അലക്സാൻഡ്രിയയിൽ നിന്നും നൈൽ നദിയിലൂടെ കൊപ്ടോസിൽ എത്തി, അവിടുന്നു കര മാർഗ്ഗം ബെരെനിക്കിൽ എത്തി അവിടുന്ന് ചെങ്കടലിലൂടെ ഗുജറാത്തിലെ തുറമുഖ പട്ടണമായ ബറൂച്ചിൽ എത്തുന്നു. തോമാ ശ്ലീഹായുടെ നടപടി പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത് മാതിരി അവിടെ ഗുണ്ടഫറസ് എന്ന രാജാവിനെ കണ്ടുമുട്ടുന്നു. ഇത് ബലൂചിസ്ഥാൻ ഭാഗത്തുള്ള ഇത് ഇൻഡോ - പാർത്തിയൻ സാമ്രാജ്യമാണ്. ഗുണ്ടഫറസ് ഇന്തോ - പാർത്ഥ്യൻ രാജാവാണ്. ഇന്തോ പാർത്ത്യൻ സാമ്രാജ്യം പാർത്ത്യൻ സാമ്രാജ്യത്തിന് വെളിയിൽ ഇന്ത്യൻ ഭൂപ്രദേശത്തുള്ള മറ്റൊരു രാജ്യമാണ്. ഒരു പക്ഷെ പാർത്ത്യൻ രാജവംശത്തിൻ്റെ ആരെങ്കിലും ഇന്ത്യ അക്രമിച്ചു ആ ഭാഗം കീഴ്പെടുത്തി മറ്റൊരു സാമ്രാജം സ്ഥാപിച്ചതാകാം. എന്തായാലും അതിനെ പാർത്തിയ എന്നു തെറ്റുധരിച്ചാകണം പലരും തോമാശ്ലീഹ പാർത്ത്യയിൽ സുവിശേഷം പ്രഘോഷിച്ചു എന്ന തെറ്റായ ധാരണയിൽ എത്തിയത് എന്ന് അനുമാനിക്കാവുന്നതാണ്. തുടന്ന് അദ്ദേഹം അവിടെ നിന്നും ഉജ്ജെൻ വഴി മധുരയിലേയ്ക്ക് പോകുകയും അവിടെ നിന്നും തക്ഷശിലയിൽ എത്തുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു. എന്തായാലും തക്ഷശിലയിൽ നിന്നും അദ്ദേഹത്തിന് പെട്ടെന്ന് തിരികെ ജറുസലേമിലേക്ക് പോകേണ്ടതായി വന്നു. മറിയത്തിൻ്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനും ജറുസലേം സുനഹദോസിൽ കൂടുവാനും വേണ്ടിയാണ് പെട്ടന്ന് തിരികെ പോകേണ്ടതായി വന്നതെന്ന് കരുതപ്പെടുന്നു. കരമാർഗ്ഗം അഫ്ഗാനിസ്ഥാനിലെ ഖൈബർ പാസ് വഴി ചൈനയിൽ നിന്നുള്ള സിൽക്ക് റൂട്ടിലേക്ക് കടന്ന് അവിടെ നിന്നും ജറുസലേമിലേക്കുള്ള യാത്രയിൽ തീർച്ചയായും പേർഷ്യൻ സാമ്രാജ്യത്തിൻ്റെ അതിർത്തികളിലൂടെയാകും സഞ്ചരിക്കുക. തിടുക്കത്തിൽ ജറുസലേമിലേക്ക് പോകുന്ന ഒരു വ്യക്തി അതിനിടയിൽ പേർഷ്യൻ സാമ്രാജ്യത്തിൽ കയറി സുവിശേഷം പ്രഘോഷിച്ചു എന്നു പറയുന്നതിൽ യാതൊരു യുക്തിയുമില്ല
തോമാ ശ്ലീഹായുടെ രണ്ടാമത്തേ പ്രേഷിത യാത്ര കപ്പൽ മാർഗ്ഗം സ്പൈസ് റൂട്ടിലൂടെ AD 52ൽ കേരളക്കരയായ മുസൂറിസ് തുറമുഖത്ത് വന്നിറങ്ങിയതായി പാരമ്പര്യം വെളിപ്പെടുത്തുന്നു. ഈ വരുന്ന വഴിക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ യമന്റെ അടുത്തുള്ള സൊക്കോട്രാ എന്ന ചെറുദ്വീപിൽ തങ്ങിയതായി അനുമാനിക്കപ്പെടുന്നു. അത് അന്ന് അറിയപ്പെടുന്ന ഒരു ഇന്ത്യൻ കോളനിയായിരുന്നു. കേരളത്തിൽ പ്രേഷിതവേല ചെയ്തു ഏഴര പള്ളികൾ സ്ഥാപിച്ചു. ഇവിടുന്ന് അദ്ദേഹം തമിഴ്നാട്ടിലെ ചോളമണ്ഡലത്തിലേക്ക് പോകുകയും അവിടെ മൈലപ്പൂറിൽ രക്തസാക്ഷിയായതായും വിശ്വസിക്കപ്പെടുന്നു. ഇവിടെ ചോദ്യം ഈ രണ്ടു യാത്രയിലും എവിടെയാണ് പേർഷ്യയിൽ സുവിശേഷം പ്രഘാഷിക്കാൻ ശ്ലീഹന് അവസരം ലഭിച്ചത്? അപ്പോൾ വ്യക്തമാകുന്നത് പേർഷൻ സഭ ഒരു അപോസ്തോലനാൽ സ്ഥാപിക്കപ്പെട്ട അപോസ്തോലിക സഭയല്ല . ആ സഭയ്ക്ക് തോമാ ശ്ലീഹയുമായി ഒരു അപോസ്തോലിക ബന്ധവുമില്ല. എന്നാൽ കേരള സഭ അപോസ്തോലൻ തോമസിനാൽ സ്ഥാപിക്കപ്പെട്ട അപോസ്തോലിക സഭയാണ്.
4. പേർഷ്യൻ കുടിയേറ്റം.
AD 345ൽ പേർഷ്യൻ സഭയുടെ മേൽ സസാനിയൻ രാജാവായ സപ്പോർ മൂന്നാമൻ്റെ ക്രൂരമായ മതപീഡനകാലത്താണ് അവിടെ നിന്നും കാനായി തൊമ്മനും 72 പേർഷ്യൻ കുടുംബങ്ങളും അഭയാർത്ഥികളായി കേരളത്തിലേക്ക് വരുന്നത്. ആ പേർഷ്യൻ ക്രൈസ്തവ കുടുംബങ്ങളെ ഇവിടുത്തേ മാർത്തോമ്മാ ക്രിസ്ത്യാനികൾ സൗഹാർദ്ദത്തോടും സഹോദര മനോഭാവത്തോടും കൂടി സ്വീകരിച്ചു. കേരളത്തിലെ ഭരണകർത്താക്കൾ പേർഷ്യാക്കാർക്ക് താമസിക്കുവാനും കൃഷി ചെയ്യാനുമുള്ള സ്ഥലം നൽകി. കേരളീയരുടെ സഹായ മനസ്തയാലും സഹവർത്തിത്വ മനോഭാവത്താലും കാനായി തൊമ്മനും കൂട്ടരും ഇവിടെ താമസമാക്കി. കുടിയേറി പാർത്ത ഇവർക്ക് എന്നാൽ എന്നാൽ പേർഷ്യൻ സഭാംഗങ്ങൾ എന്ന തങ്ങളുടെ വ്യക്തിത്വവും മുഖച്ഛായയും നിലനിർത്തണം എന്നുണ്ടായിരുന്നു. അതുകൊണ്ട് കാനായി തൊമ്മൻ പേർഷ്യൻ പാത്രിയാർക്കീസിനോട് കേരളത്തിലേക്ക് ഒരു മെത്രാനെയും ഏതാനും വൈദീകരെയും പേർഷ്യൻ സമൂഹത്തിൻ്റെ അജപാലകരായി അയയ്ക്കുവാൻ അഭ്യർത്ഥിച്ചു. ഈ അപേക്ഷ സ്വീകരിച്ചു കൊണ്ട് പേർഷ്യൻ പാത്രിയാർക്കീസ് മാർ ജോസഫ് ഉറാഹാ എന്ന മെത്രാനെയും ഏതാനും വൈദീകരെയും കേരളത്തിലേക്ക് അയച്ചു.
5. പേർഷ്യൻ സഭ കേരള സഭയെ വിഴുങ്ങുന്നു.
എന്തുകൊണ്ടാണ് സ്വന്തമായി ഒരു വ്യക്തിത്വവും, മുഖച്ഛായയും അപോസ്തോലിക സ്വഭാവവുമുള്ള ഏതാണ്ട് നാല് നൂറ്റാണ്ട് വളർന്നു വന്ന മാർത്തോമാ ക്രിസ്ത്യാനികളുടെ മലബാർ സഭ പേർഷ്യയിൽ നിന്നു വന്ന മെത്രാൻ്റെ ഭരണത്തിൻ കീഴിലായത്? ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടിയതു കൊണ്ടോ മുടന്തൻ ന്യായങ്ങൾ നിരത്തിയത് കൊണ്ടോ ചോദ്യത്തിന് ഉത്തരമാകില്ല. അങ്ങനെയുള്ള മുടന്തൻ കാരണങ്ങളിൽ ഒന്ന് മലബാർ സഭയുടെ മെത്രാനെ നഷ്ടപ്പെട്ടു എന്നതാണ്. എവിടെ നഷ്ടപ്പെട്ടു, എങ്ങനെ നഷ്ടപ്പെട്ടു? വാസ്തവത്തിൽ നടന്നത് ആതിഥേയർ അതിഥികൾക്ക് സ്വന്തം കുടുംബം ഭരിക്കാനുള്ള അവകാശം കൊടുത്തു എന്നുള്ളതാണ്. എന്തു വികാരമാണ് നമ്മുടെ പൂർവ്വികരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്? പേർഷ്യക്കാരോടുള്ള അമിത സ്നേഹമാണോ? അഥവാ വിദേശികളുടെ മുമ്പിൽ ചില സമയങ്ങളിൽ ഇന്ത്യാക്കാർക്ക് തോന്നുന്ന അപകർഷതാ ബോധമാണോ?
അതുകൊണ്ട് നഷ്ടമായത് മലബാർ സഭയ്ക്കാണ്. മലബാർ സഭയ്ക്ക് തനതായുള്ള അപോസ്തോലിക സഭയെന്ന മുഖച്ഛായയും പാത്രിയാർക്കീസ് പദവിയിലേക്ക് ഉയരാനുള്ള സാധ്യതയും അതു കാരണം നഷ്ടമായി. കേരള സഭയെ പേർഷ്യൻ സഭയുമായി ബന്ധപ്പെടുത്തുവാൻ കാനായി തൊമ്മൻ കളിച്ച കളി ചെറുതൊന്നുമല്ല. അതു കൊണ്ടു തന്നെ കേരള സഭ പേർഷ്യൻ സഭയുടെ കീഴിലെ കേവലം ഒരു കൊളോണിയൽ സഭയായി നിലകൊള്ളേണ്ടി വന്നു - റോമുമായി പിന്നീട് ഐക്യപ്പെടുന്നത് വരെ
________
കടപ്പാട്:
1. ഫാ. സ്റ്റീഫൻ പാമ്പയ്ക്കൽ - ഭാരതകത്തോലിക്കാസഭയുടെ സംക്ഷിപ്ത ചരിത്രം.
2. Stephen Nell - A History of Christianity in India
3. ബി. ജോസഫ് പാറേക്കാട്ടിൽ - ലിറ്റർജി എൻ്റെ ദൃഷ്ടിയിൽ



Comments
Post a Comment