മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 46മത് ഓർമ്മപെരുന്നാൾ ഇന്ന്

  മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 46മത്  ഓർമ്മപെരുന്നാൾ ജൂൺ 25ന് ആചരിക്കുന്നു........

സുറിയാനി സഭയ്ക്ക് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നിർണായക നേതൃത്വം വഹിച്ച പരിശുദ്ധ യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ സമർത്ഥനായ ഭരണാധികാരിയും, അനുഗ്രഹീതമായ ശബ്ദസവിശേഷതയുടെ ഉടമയും,ആരാധനാനുഷ്ഠാന സൗകുമാര്യം കൊണ്ട് അനുഗ്രഹീതനും,പണ്ഡിതനായ ഗ്രന്ഥകാരനും,സഭയെ ശക്തിപ്പെടുത്തിയ എക്യുമെനിക്കൽ വ്യക്താവും,മലയാള ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന മലയാളിയായ പാത്രിയർക്കീസും ആയിരുന്നു.

പരിശുദ്ധ യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ പഴയ മെസ്സോപ്പോട്ടോമിയ എന്നറിയപ്പെടുന്ന ഇറാഖിലെ മൂസലിനടുത്തുള്ള ബർത്തലേ എന്ന ഗ്രാമത്തിൽ പുരാതനവും അതിശ്രേഷ്ഠവുമായ കുടുംബത്തിൽ  തോമായുടെയും ശ്മുനിയുടെയും മകനായി 1912 ഒക്ടോബർ 13ന് ഭൂജാതനായി.


ബാല്യത്തിൽ  ശബാ എന്ന പേരിൽ വിളിക്കപ്പെട്ടു.  പ്രാഥമിക വിദ്യാഭ്യാസം സ്വന്ത ഗ്രാമമായ ബർത്തലേയിൽ ആയിരുന്നു. തന്റെ 11മത് വയസ്സിൽ 1923ൽ,തന്റെ ജീവിത നിയോഗം മറ്റെന്നാണ് തിരിച്ചറിഞ്ഞ ബാവ ദൈവവിളിയാൽ മുസലിലെ മാർ മത്തായിയുടെ ദയറായിൽ ചേർന്നു.അവിടെ  വൈദീക വിദ്യാഭ്യാസം ചെയ്തു. ആലാപനത്തിൽ കഴിവുള്ള ബാവ സുറിയാനി രാഗങ്ങൾ ഹൃദ്യസ്ഥമാക്കുകയും, സുറിയാനി ഭാഷയിലും, ചരിത്രത്തിലും,അവഗാഹമായ പാണ്ഡിത്യവും നേടി.

1924ൽ മോർ ക്ലീമീസ് യൂഹാനോൻ മെത്രാപ്പോലീത്തായിൽ നിന്നും കോറൂയോ പട്ടവും,1929ൽ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായിൽ നിന്നും യൗഫദിയക്കനൊ പട്ടവും സ്വീകരിച്ചു.

1931 മുതൽ 1933 വരെ ബെയ്‌റൂട്ടിലെ വൈദീകപാഠശാലയിൽ സുറിയാനി മല്പാനായിരുന്നു. അറബി,ഇംഗ്ലീഷ്,ഫ്രഞ്ച് എന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്യുമായിരുന്നു.1933 കർക്കിടകം 20ന് പ. അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനായി മലങ്കരയിൽ നിന്നെത്തിയ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ യൂലിയോസ് ഏലിയാസ് ബാവായോടുകൂടെ വന്ദ്യ അബ്ദുൾ ആഹാദ് റമ്പാൻ 1933ൽ മലങ്കരയിൽ വന്നു. മഞ്ഞിനിക്കര ദയറായിൽ  മോർ യൂലിയോസ് ബാവായോടൊപ്പം താമസിച്ചു. 1934ൽ മോർ യൂലിയോസ് ഏലിയാസ് ബാവ,അബ്ദുൾ ആഹാദ് റമ്പാനെ കശീശയാക്കി.റമ്പാച്ചൻ 1933 മുതൽ 1946 വരെ നീണ്ട 13 വര്‍ഷം മഞ്ഞിനിക്കരയിൽ താമസിച്ച് തനിക്കു യൗഫദിയക്കനൊ പട്ടം തന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ വി. കബറിങ്കൽ ശുശ്രൂഷിച്ച്, അനേകം  വൈദിക വിദ്യാർഥികളെ സുറിയാനി ഭാഷ പഠിപ്പിച്ചു  മല്പാൻ ആയി സേവനം അനുഷ്ടിച്ചു.ഈ കാലത്ത് മലയാള ഭാഷ നന്നായി പഠിച്ചു. മലയാളത്തില്‍ വി. കുർബാന അർപ്പിക്കുമായിരുന്നു. അനായാസം മലയാളം സംസാരിച്ച പ. പിതാവ് മഞ്ഞനിക്കരയിലെ എല്ലാവരുമായി നല്ല ബന്ധം പുലർത്തിരുന്നു.


1946ൽ അബ്ദുൾ ആഹാദ് റമ്പാച്ചൻ താൻ എറെ സ്നേഹിച്ചിരുന്ന മഞ്ഞിനിക്കര ദയറായിൽ നിന്ന് മൂസലിലേക്കു മടങ്ങിപ്പോയി.അവിടെ 1950 വരെ റമ്പാച്ചൻ മൂസലിലെ മോർ അഫ്രേം വൈദിക സെമിനാരിയുടെ ചുമതല വഹിച്ചു. 1950ൽ അബ്ദുൾ ആഹാദ് റമ്പാച്ചനെ ബെയ്‌റൂട്ട് - ഡമാസ്കസ് ഇടവകകളുടെ മെത്രാപ്പോലീത്തയായി യാക്കോബ് മോർ സേവേറിയോസ് എന്ന പേരിൽ പ. അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവ വാഴിച്ചു.  1957 ജൂണ് 23ന്  പ. അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവാ കാലം ചെയ്തപ്പോൾ 1957 ഒക്ടോബർ 14ന് കൈമാഖാമായ അഭിവന്ദ്യ കുരിയാക്കോസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ആകമാന സുന്നഹദോസ് യാക്കോബ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായെ പാത്രിയർക്കീസായി തിരഞ്ഞെടുക്കുകയും 1957 ഒക്ടോബർ 27ന് പാത്രിയർക്കാ സ്ഥാനാരോഹണം നടത്തുകയും ചെയ്തു.

പ. യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ സ്ഥാനാരോഹണം ചെയ്ത ഉടനെ സഭാ സമാധാനത്തിനുള്ള താല്പര്യം വ്യക്തമാക്കിക്കൊണ്ട് 1957 നവംബർ 11ന് 82മത് നമ്പറായി കല്പന പുറപ്പെടുവിച്ചു. പാത്രിയർക്കീസ് പക്ഷം ഹൈക്കോടതിയിൽ പൂർണ്ണമായി വിജയിച്ചിരുന്ന അവസരത്തിലായിരുന്നു ഈ കല്പന.1958 ഡിസംബർ 16ലെ തീയതിയിലെ 497മത് നമ്പർ കല്പന പ്രകാരം മോർ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയനെ കാതോലിക്കയായി സ്വീകരിച്ചു.1963 ജനുവരി 3ന് മോർ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു.തുടർന്ന് 1964 മെയ് 22ന് പ. യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ മോർ ഔഗേൻ തിമോത്തിയോസിനെ കാതോലിക്കയായി കോട്ടയത്തു വെച്ച് വാഴിച്ചു. പിന്നീട് മോർ ഔഗേൻ പ്രഥമൻ കാതോലിക്ക ബാവ സ്വതന്ത്ര സഭാ നിലപാട് സ്വീകരിക്കുകയും മുടക്കപ്പെടുകയും ചെയ്തു.തുടർന്ന് 1975 ൽ പ. പാത്രിയർക്കിസ് ബാവ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായെ വാഴിച്ചു.

പ. യാക്കോബ് തൃതീയൻ ബാവായുടെ, പാത്രിയർക്കീസെന്ന നിലയിലുള്ള 23 വർഷങ്ങളിലെ ശുശ്രൂഷകൾ അഭിമാനാർഹമാണ്.ഈ കാലയളവിൽ രണ്ടു കാതോലിക്ക ബാവാമാരെയും, 13 മെത്രാപ്പോലീത്തന്മാരെയും വാഴിച്ചു. മലങ്കരയ്ക്കുവേണ്ടി 1973 - 75 കാലഘട്ടത്തിൽ 6 മെത്രാപ്പോലീത്തന്മാരെയും വാഴlച്ചു.എഴുപതുകളിൽ സഭയുടെ ഏറ്റവും പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിൽ ധീരമായ നേതൃത്വം നൽകുന്നതിന് വാഴിച്ച  ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായും (അന്ന് മെത്രാപ്പോലിത്ത), പുണ്യശ്ലോകരായ പെരുമ്പിള്ളി തിരുമേനിയും,കുര്യാക്കോസ് മോർ കൂറിലോസ് തിരുമേനിയും ഇതിൽ ഉൾപ്പെടുന്നു.

      പ. യാക്കോബ് തൃതീയൻ ബാവായുടെ സ്വരമാധുര്യം പ്രശംസനീയമാണ്.നിരവധി മണിക്കൂറുകളെടുത്ത് പാടിയ എക്കാറകൾ (സുറിയാനി രാഗങ്ങൾ) കാസറ്റുകളിലായി ഇന്ന് പ്രചാരത്തിലുണ്ട്.1971 ഒക്ടോബറിൽ വെസ്റ്റ് ജർമ്മനിയിലെ ഗോറ്റിൻഗൻ സർവ്വകലാശാലയിൽ സുറിയാനി ഓർത്തഡോക്സ്‌ സഭയെ സംബന്ധിച്ച് അവതരിപ്പിച്ച പ്രബന്ധം പരിശുദ്ധ ബാവായുടെ പണ്ഡിത്യത്തിനും,സുറിയാനി സഭയ്ക്കും അംഗീകാരമുണ്ടാക്കി.1971ലും 1980ലും റോമൻ കത്തോലിക്കാ സഭയുമായി സഭൈക്യ ചർച്ചകൾ നടത്തുകയും പോപ്പിനെ സന്ദർശിച്ച് സംഭാഷണങ്ങൾ നടത്തുകയും സഭാബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.

ലബനോനിലെ അച്ചാനിയിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള അനാഥമന്ദിരം,വൈദിക സെമിനാരി,ബെയ്‌റൂട്ടിലെ മോർ സേവേറിയോസ് കോളേജ്, സഹലയിലെ മെത്രാസന അരമന,ഡമാസ്കസിലെ പാത്രിയർക്കാ ആസ്ഥാനം, മോർ അപ്രേം ലൈബ്രറി എന്നിവ ബാവായുടെ പരിശ്രമത്താൽ പരിപോഷിപ്പിക്കപ്പെട്ടവയാണ്. ധാരാളം പുസ്തകങ്ങൾ എഴുതിട്ടുള്ള ബാവ മലങ്കരയിലെ സുറിയാനിസഭയുടെ ചരിത്രം രചിച്ചിട്ടുണ്ട്.

      1960ൽ W.C.C യിൽ സുറിയാനി സഭ അംഗമാകുകയും നിരവധി വൈദികരെയും മെത്രാപ്പോലീത്തന്മാരെയും വിദേശങ്ങളിൽ ഉപരിപഠനത്തിനയക്കുകയും, സഭാ സമ്മേളനങ്ങളിൽ പ്രതിനിധികളെ അയയ്ക്കുകയും അതുവഴി സഭയുടെ മഹത്വം ഉയർത്തിക്കാട്ടുന്നതിന് പരിശ്രമിക്കുകയും ചെയ്തു.

1980 ജൂണ് 25 ന് പരിശുദ്ധ യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ 68മത്തെ വയസ്സിൽ കാലംചെയ്തു.ജൂൺ 28ന് ഡമാസ്കസിലെ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് ജോർജ് കത്തീഡ്രലിന്റെ മദ്ബഹായുടെ കിഴക്കുഭാഗത്തായി കബറടക്കിയിരിക്കുന്നു. പ. ബാവായുടെ ഓർമ്മപ്പെരുന്നാൾ സുറിയാനി സഭ ജൂൺ 25ന് ആചരിക്കുന്നു.പ. ബാവായുടെ ഭൗതിക തിരുശേഷിപ്പുകൾ പ. അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ 2016 ജൂണ് 29 ന്  മാറാത്ത് സെയ്ദനായിലെ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന കബറിങ്കലേക്ക് മാറ്റി സ്ഥാപിച്ചു.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി