സങ്കീര്‍ത്തനങ്ങള്‍ 18 : 31-50

 


കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?

അവിടുന്നു ശക്തികൊണ്ട് എന്‍റെ അരമുറുക്കുന്നു; എന്‍റെ മാര്‍ഗം സുരക്ഷിതമാക്കുന്നു.

അവിടുന്ന് എന്‍റെ കാലുകള്‍ക്കുമാന്‍പേടയുടെ വേഗം നല്‍കി; ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി.

എന്‍റെ കൈകളെ അവിടുന്നുയുദ്ധമുറ അഭ്യസിപ്പിച്ചു; എന്‍റെ കരങ്ങള്‍ക്കു പിച്ചളവില്ല് കുലയ്ക്കാന്‍ കഴിയും.

അങ്ങ് എനിക്കു രക്ഷയുടെ പരിച നല്‍കി; അവിടുത്തെ വലത്തുകൈ എന്നെ താങ്ങിനിറുത്തി; അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി.

എന്‍റെ പാത അങ്ങു വിശാലമാക്കി;

എന്‍റെ കാലുകള്‍ വഴുതിയില്ല.

എന്‍റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല. 

എഴുന്നേല്‍ക്കാനാവാത്തവിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്‍റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു.

യുദ്ധത്തിനായി ശക്തികൊണ്ട് അങ്ങ് എന്‍റെ അരമുറുക്കി; എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനമാക്കി.

എന്‍റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു. 

സഹായത്തിനുവേണ്ടി അവര്‍ നിലവിളിച്ചു; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, കര്‍ത്താവിനോട് അവര്‍ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളിയില്ല.

കാറ്റില്‍ പറക്കുന്ന ധൂളിപോലെ ഞാന്‍ അവരെ പൊടിച്ചു; തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു. 

ജനത്തിന്‍റെ കലഹത്തില്‍ നിന്ന് അങ്ങ് എന്നെ രക്ഷിച്ചു; അങ്ങ് എന്നെ ജനതകളുടെ അധിപനാക്കി; എനിക്ക് അപരിചിതമായിരുന്ന ജനത എന്നെ സേവിച്ചു.

എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവര്‍ എന്നെ അനുസരിച്ചു; അന്യജനതകള്‍ എന്നോടു കേണിരന്നു. 

അന്യജനതകള്‍ക്കു ധൈര്യമറ്റു; കോട്ടകളില്‍നിന്നു വിറയലോടെ അവര്‍ പുറത്തുവന്നു.

കര്‍ത്താവു ജീവിക്കുന്നു; എന്‍റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ; എന്‍റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.

ദൈവം എനിക്കുവേണ്ടി പ്രതികാരംചെയ്തു; ജനതകളെ എനിക്ക് അധീനമാക്കി. 

ശത്രുക്കളില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി; അക്രമികളില്‍നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു.

ആകയാല്‍ കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാസ്തോത്രം ആലപിക്കും; അങ്ങയുടെ നാമം പാടി സ്തുതിക്കും.

തന്‍റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു: തന്‍റെ അഭിഷിക്തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു;

ദാവീദിനോടും അവന്‍റെ സന്തതിയോടും തന്നെ.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി