സങ്കീര്‍ത്തനങ്ങള്‍ 18 : 1-15


 കര്‍ത്താവേ! എന്‍റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. 

അങ്ങാണ് എന്‍റെ രക്ഷാശിലയും കോട്ടയും വിമോചകനും, എന്‍റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും, എന്‍റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും. 

സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും. 

മരണപാശം എന്നെ ചുറ്റി, വിനാശത്തിന്‍റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.

പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്‍റെ കുരുക്ക് എന്‍റെ മേല്‍ ഇതാ വീഴുന്നു.

കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്‍റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്‍റെ ആലയത്തില്‍നിന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

കര്‍ത്താവിന്‍റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി, 

അവിടുത്തെ നാസികയില്‍നിന്നു ധൂമപടലമുയര്‍ന്നു; വായില്‍നിന്നു സംഹാരാഗ്നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു.

ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു, കൂരിരുട്ടിന്‍മേല്‍ അവിടുന്നു പാദം ഉറപ്പിച്ചു. 

കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്‍റെ ചിറകുകളില്‍അവിടുന്നു പാഞ്ഞുവന്നു. 

അന്ധകാരംകൊണ്ട് അവിടുന്ന് ആവരണം ചമച്ചു; ജലം നിറഞ്ഞ കാര്‍മേഘങ്ങള്‍കൊണ്ടു വിതാനമൊരുക്കി.

അവിടുത്തെ മുന്‍പില്‍ ജ്വലിക്കുന്ന തേജസ്സില്‍നിന്നു കന്‍മഴയും തീക്കനലും മേഘങ്ങള്‍ഭേദിച്ചു ഭൂമിയില്‍ പതിച്ചു. 

കര്‍ത്താവ് ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്‍റെ ശബ്ദം മുഴങ്ങിക്കേട്ടു, കന്‍മഴയും തീക്കനലും പൊഴിഞ്ഞു.

അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു; മിന്നല്‍പിണര്‍കൊണ്ട് അവരെ പായിച്ചു.

കര്‍ത്താവേ, അങ്ങയുടെ ശാസനയാല്‍, അങ്ങയുടെ നാസികയില്‍നിന്നു പുറപ്പെട്ട നിശ്വാസത്താല്‍, സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി. 




Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി