എടത്വാ പള്ളിയിൽ തിരുനാൾ പ്രക്ഷിണം ഭക്തിസാന്ദ്രമായി

 എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ പ്രക്ഷിണം ഭക്തിസാന്ദ്രമായി നടന്നു


ചരിത്ര നിമിഷങ്ങളെ അനുസ്മരിപ്പിച്ച് പതിനായിരങ്ങൾ അകമ്പടി സേവിച്ച തിരുനാൾ പ്രദക്ഷിണം  പൂർത്തിയാക്കി. തമിഴ്നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്  പ്രദക്ഷിണത്തിന് മുഖ്യനേതൃത്വം വഹിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള നിരവധി തീർത്ഥാടകർ തിരുസ്വരൂപ പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു വിശുദ്ധന്റെ തിരുസ്വരൂപം ചെറുരൂപങ്ങളുടെയും പൊന്നിൻ കുരിശിൻ്റെയും വാദ്യമേളങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പ്രദക്ഷിണത്തിനായി പള്ളിക്ക് പുറത്തേയ്ക്ക് ആനയിച്ചപ്പോൾ വിശ്വാസികൾ ഇരുകൈയ്യും കൂപ്പി വണങ്ങി നിന്നു.


“പുനിത ജോർജിയരേ എങ്കളുക്കാ കൈവേണ്ടും കാത്തുകൊൾകേ ...” എന്ന പ്രാർഥന തമിഴ് മക്കളുടെ നാവിൽ നിന്നുയർന്നു. പള്ളി മണികൾ കൂട്ടമായി ശബ്ദിച്ചു. തളിർ വെറ്റിലയും നാണയത്തുട്ടുകളും നോട്ടുമാലയും വിശുദ്ധൻ്റെ തിരുസ്വരൂപത്തിൽ ചാർത്താനായി വിശ്വാസികൾ തിരക്കും തിരക്കും കൂട്ടി.

തിരുനാൾ ദിനത്തിൽ പുലർച്ചെ 4.30 ന് തിരുകർമ്മങ്ങൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 3 ന് പാളയംകോട്ട് രൂപത ബിഷപ്പ് റവഃ ഡോ. ജൂഡ് പോൾ രാജിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു. തുടർന്ന് ഫാ. സേവ്യർ തുലവുംമൂട്ടിലിൻ്റെ നേത്യത്വത്തിൽ തിരുനാൾ പ്രദക്ഷിണം നടന്നു. കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് വിശുദ്ധ ഗീവർഗീസിൻ്റെ തിരുസ്വരൂപം വഹിച്ചത്. പ്രദക്ഷിണം പൂർത്തിയായതോടെ അവകാശ നേർച്ചകളായ ഉപ്പ്, മുളക്, മലര്, വലയിൽ ചേർക്കാനുള്ള തലനൂൽ എന്നിവ പള്ളി വികാരി ഫാ. ജോസഫ് കളരിക്കലിൻ്റെ കൈയ്യിൽ നിന്ന് സ്വീകരിച്ചാണ് തുറക്കാർ മടങ്ങിയത്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി