സീറോ മലബാർ സഭയിൽ രൂപങ്ങൾ വണങ്ങാമോ?

 ആദിമനൂറ്റാണ്ടുകൾ മുതൽ പാശ്ചാത്യ - പൗരസ്ത്യ സഭകളിലെല്ലാം ഒരുപോലെ രക്തസാക്ഷികളെയും വിശുദ്ധരെയും അവരുടെ തിരുശേഷിപ്പുകളെയും വണങ്ങാൻ തുടങ്ങിയിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


എന്നാൽ പൗരസ്ത്യസഭകളിൽ ഈ വണക്കത്തിന്റെ ഭാഗമായി രൂപങ്ങൾ ഉണ്ടാക്കി വണങ്ങിയിരുന്നില്ല. പാശ്ചാത്യസഭയിൽ ഉത്ഭവിച്ചു പ്രചുരപ്രചാരം നേടിയ ഒന്നാണ് തിരുസ്വരൂപ വണക്കം - വിശുദ്ധരുടെ രൂപവും ചിത്രവും വണങ്ങുന്ന രീതി. പല പൗരസ്ത്യസഭകളിലും വിശുദ്ധരുടെ ചിത്രങ്ങളും ഐക്കണും (icons) വണക്കത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും രൂപങ്ങൾ ഉപയോഗിക്കുന്നില്ല.
റോമൻ കത്തോലിക്കാ സഭയിലാണ് രൂപങ്ങളുടെ വണക്കം നിലനിൽക്കുന്നതെന്നു സാരം. അതേസമയം റോമൻ കത്തോലിക്കാസഭയുടെ ഭാഗമായ മിക്കവാറും പൗരസ്ത്യസഭകളിലും ഇപ്പോഴും രൂപങ്ങൾ ഉപയോഗിക്കുന്നില്ല; മറിച്ച് ചിത്രങ്ങൾ അഥവാ ഐക്കൺസ് മാത്രം.


കത്തോലിക്കാസഭയുടെതന്നെ ഭാഗവും പൗരസ്ത്യസഭയുമായ സീറോമലബാർ സഭയിൽ വിശുദ്ധരുടെ രൂപങ്ങൾ വണക്കത്തിനായി ഉപയോഗിക്കുന്നുണ്ട്. 1599-ലെ ഉദയംപേരൂർ സൂനഹദോസുവരെ കേരളത്തിലെ നസ്രാണിപ്പള്ളികളിൽ വിശുദ്ധരുടെ രൂപങ്ങളും ക്രൂശിതരൂപവും ഉപയോഗിച്ചിരുന്നില്ല.  കേരളത്തിലെ നസ്രാണികൾരൂപങ്ങളോ ചിത്രങ്ങളോ ഐക്കൺസോ വണക്കത്തിനായി ഉപയോഗിച്ചിരുന്നില്ലെന്നു വിദേശീയ മിഷണറിമാരുടേയും സഞ്ചാരികളുടേയും വിവരണങ്ങളിൽനിന്നു എളുപ്പത്തിൽ മനസ്സിലാക്കാം. 1500 - 1502-ൽ യൂറോപ്പിൽ പര്യടനം നടത്തിയ ജോസഫ് എന്നു പേരായ വൈദികൻ യൂറോപ്യൻമാരുടെ ആഗമനത്തിനു മുമ്പുള്ള നസ്രാണികളെക്കുറിച്ചും അവരുടെ ആചാരങ്ങളെക്കുറിച്ചും മറ്റും നടത്തിയ വിവരണങ്ങളിൽ (India in 1500 AD: The Narratives of Joseph The Indian എന്ന ഗ്രന്ഥത്തിൽ) കേരളത്തിലെ പള്ളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഈ വിവരണത്തിൽ നസ്രാണികളുടെ പള്ളികളിൽ ഒരു കുരിശുമാത്രമേയുള്ളൂവെന്നും വിശുദ്ധരുടെ രൂപങ്ങളൊന്നും അതിലില്ല എന്നും പറഞ്ഞിരിക്കുന്നു. യൂറോപ്പിലുള്ള പള്ളികളിൽനിന്നു വലിയ വ്യത്യാസമില്ലാത്തതും വലിയ ഭിത്തികളുള്ളതുമായ പള്ളികളാണു കേരളത്തിലുള്ളതെന്നും ജോസഫ് പറഞ്ഞു. അതുപോലെ പള്ളിക്കുപുറത്തു വലിയ കുരിശും മേൽക്കൂരയ്ക്കു മുകളിലും അടിത്തറയിലും ചെറിയ കുരിശുകളും സ്ഥാപിച്ചിരുന്നുവെന്നും പള്ളികളിൽ മണികൾ ഉണ്ടായിരുന്നില്ലായെന്നും ജോസഫ് സാക്ഷ്യപ്പെടുത്തുന്നു (Antony Vallavanthara, p.167). പോർട്ടുഗീസുകാർ കേരളത്തിലെത്തിയപ്പോൾ നസ്രാണികൾ അവരെ സന്ദർശിച്ചു നൽകിയ ഒരു വിവരണത്തിൽ അവരുടെ പള്ളികളിൽ കുരിശല്ലാതെ പ്രതിമകളില്ലായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തി കാണുന്നു. എന്തെന്നാൽ പൗരസ്ത്യസഭാംഗങ്ങൾ പൊതുവെ പ്രതിമകൾ ഉപയോഗിച്ചിരുന്നില്ല (ഫാ. പൊടിപാറ, p. 203).


ഉദയംപേരൂർ സൂനഹദോസാണു രൂപങ്ങളുടെ വണക്കം അഥവാ പ്രതിമാവണനം സുറിയാനിനസ്രാണികൾക്കിടയിൽ ഇദംപ്രഥമമായി അവതരിപ്പിച്ചത്. അതേസമയം, ഉദയംപേരൂർ സൂനഹദോസിനുമുമ്പു ചുരുക്കം ചില പള്ളികളിൽ ചില രൂപങ്ങൾ ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നതിലും തെറ്റില്ല. എന്തെന്നാൽ സൂനഹദോസിന്റെ ഒരു കാനോനയിൽ "മലങ്കരെ എടവകയിലെ പള്ളികളിൽ മിക്കതിലും രൂപങ്ങൾ ഇല്ലാതെ അത്രെ ആകുന്നു" എന്നാണു രേഖപ്പെടുത്തിയിരിക്കുക. ആകയാൽ ചില പള്ളികളിൽ രൂപങ്ങൾ ഉണ്ടായിരുന്നു എന്ന ധ്വനിയതിലുണ്ട്. എന്നാൽ ഈ രൂപങ്ങൾ പാശ്ചാത്യസഭയിലേതുപോലെ പരസ്യവണക്കത്തിന് ഉപയോഗിച്ചിരിക്കാൻ സാധ്യതയില്ല. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെയെത്തിയ പോർട്ടുഗീസ് മിഷണറിമാരുടെ സ്വാധീനത്താൽ ഏതെങ്കിലും ചില പള്ളികളിൽ രൂപങ്ങൾ പ്രതിഷ്ഠിച്ചിരിക്കാം. അല്ലെങ്കിൽ ബുദ്ധ-ജൈന- ഹൈന്ദവസംസ്കാരങ്ങളുടെ മദ്ധ്യേ ജീവിച്ചിരുന്ന സുറിയാനിനസ്രാണികൾ അവരുടെ അമ്പലങ്ങളിലുള്ളതുപോലെ വിശുദ്ധരുടെ കൊത്തുരൂപങ്ങൾ തയ്യാറാക്കി പ്രതിഷ്ഠിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മൈലാപ്പൂരുള്ള തോമ്മാശ്ശ്ലീഹായുടെ പള്ളി വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരുന്നുവെന്നു ഹിയത്തോനുസിനെപ്പോലെയുള്ളവർ (1300) രേഖപ്പെടുത്തിയിട്ടുണ്ട്.  ഹൈന്ദവ ക്ഷേത്രങ്ങളിൽ കാണുന്നതരം കൊത്തുപണികളോ ഭാരതീയ ശിൽപകലയനുസരിച്ചുള്ള പ്രതിമകളോ ആകാം ഈ വിഗ്രഹങ്ങൾ എന്നാണു ബഹു. പ്ലാസിഡച്ചന്റെ അഭിപ്രായം (ഫാ. പൊടിപാറ, p. 192). ഈ വാദഗതിയെ സമർത്ഥിക്കാൻ ഉപകരിക്കുന്ന മൂന്നുരൂപങ്ങൾ, (ഉണ്ണിയീശോ, മാതാവ്, വിശുദ്ധ ഗീവർഗീസ്) ബുദ്ധകലയോടു സാദൃശ്യമുള്ളത്, എറണാകുളം - അങ്കമാലി അതിരൂപതവക കാത്തലിക് ആർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. എങ്കിലും തിരുസ്വരൂപ വണക്കം ഉദയംപേരൂർ സൂനഹദോസിനുശേഷമാണു കേരളസഭയിൽ ആരംഭിച്ചത് എന്നു പറയുന്നതാവും ഉത്തമം.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി