സങ്കീര്‍ത്തനങ്ങള്‍ 4 : 1-8

 


എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ!

മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്‍റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും?

കര്‍ത്താവു നീതിമാന്‍മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.

കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ചുധ്യാനിച്ചു മൗനമായിരിക്കുക.

ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയും കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍.

ആര് നമുക്കു നന്‍മ ചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ എന്നു പലരും പറയാറുണ്ട്.

ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്‍റെ ഹൃദയത്തില്‍ അങ്ങു നിക്ഷേപിച്ചിരിക്കുന്നു.

ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി