എ കെ സി സി ക്കെതിരെ സേവ് ചർച്ച് ഫോറം

 പാലാ : കെട്ടടങ്ങിയ പ്രശ്നം വീണ്ടും ആളിക്കത്തിച്ച് എ കെ സി സി എന്തിന് പ്രശ്നം ഉണ്ടാക്കുന്നു എന്ന് സേവ് ചർച്ച് ഫോറം. അങ്ങേയറ്റം നിർജീവമായ, സഭയിലെ വരേണ്യ വർഗ്ഗത്തിന്റെ മാത്രം കുത്തകയായ എ കെ സി സി ഇപ്പോഴും ചലനാത്മകമാണെന്ന് തെളിയിക്കുവാൻ ഒരു വിവാദത്തെ കൂട്ടുപിടിക്കുന്നതാണെന്ന് അവർ കുറ്റപ്പെടുത്തി.

എഫ് സി ആർ എ ഭേദഗതി ബിൽ അടക്കം വിവിധ പ്രശ്നങ്ങളിൽ ബിജെപിക്കെതിരെ ശക്തമായ നിലപാടെടുത്ത സേവ് ചർച്ച് ഫോറം ഇപ്പോൾ എ കെ സി സി യുടെ നിലപാടിനെതിരെ രംഗത്ത് വന്നു . മലയാളി മെമ്മോറിയലിലും, ഉത്തരവാദ പ്രക്ഷോഭണത്തിലും വിമോചന സമരത്തിലും നിർണായക പങ്കു വഹിച്ച എ കെ സി സി ഇപ്പോൾ സഭയെ മണിയടിച്ചു നിൽക്കുന്നവർക്ക് സ്ഥാനങ്ങൾ അലങ്കരിക്കാൻ വേണ്ടിയുള്ള ഒരു ചാപിള്ളയായി മാറിയെന്നും വല്യപ്പൻ ആനപ്പുറത്തിരുന്ന തഴമ്പ് കൊച്ചുമക്കൾക്കുണ്ടാവില്ലെന്ന് നിലവിലെ എകെസിസി നേതാക്കൾ എന്ന് നടിക്കുന്നവർ മനസ്സിലാക്കണം എന്നും സേവ് ചർച്ച് ഫോറം വക്താവ് ബോബി ജോസഫ് പറയുന്നു. നർക്കോട്ടിക്ക് ജിഹാദ് പ്രശ്നത്തിൽ എ കെ സി സി യുടെ സമരപ്പന്തലിൽ പിസി ജോർജ് എത്തിയെന്നും സംസാരിക്കാൻ അവസരം ചോദിച്ചെന്നുമൊക്കെ പിസി ജോർജിനെ അപമാനിക്കും വിധമുള്ള ഫാ. ജോർജ് ഞാറക്കുന്നേലിന്റെ പ്രസ്താവന ഒരു വരേണ്യ വർഗ സംഘടനയുടെ സവർണ്ണ ബോധത്തിന്റെ തെളിവാണെന്നും , പിന്തുണയുമായി പി സി ജോർജിനെ പോലുള്ള ഒരു ജനകീയ നേതാവ് എത്തിയെങ്കിൽ അത് ഗുണകരമായ രീതിയിൽ ഉപയോഗിക്കുന്നതിൽ എ കെ സി സി പരാജയപ്പെട്ടുവെന്നും ബോബി ജോസഫ് പറഞ്ഞു. താനൊന്ന് ഫോൺ വിളിച്ചാൽ ആയിരക്കണക്കിന് എകെസിസി പ്രവർത്തകർ അരമനയുടെ മുൻപിൽ എത്തുമായിരുന്നു എന്ന് വീമ്പിളക്കിയ ഫാ. ജോർജ് ഞാറക്കുന്നേലിന്റെ ഫോൺ അന്ന് ഔട്ട് ഓഫ് കവറേജ് ഏരിയയിൽ ആയിരുന്നിരിക്കാം.

ഈയടുത്ത കാലം വരെ പാലാ രൂപതയുടെ എല്ലാ പരിപാടികളിലും ക്ഷണിച്ചുവരുത്തി വേദിയിലിരുത്തിയ പിസി ജോർജ് ഒരു ദിനം കൊണ്ട് എങ്ങനെയാണ് എ കെ സി സി ക്കും രൂപതക്കും അനഭിമതനായതെന്ന് മനസ്സിലാകുന്നില്ല. നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ ബിഷപ്പിനെ ജയിലിൽ അടയ്ക്കണമെന്ന് ആക്രോശിച്ച വി ഡി സതീശൻെറ കൈമുത്തി നടക്കുന്ന നിലവിലെ നയം വിശ്വാസികളിൽ അങ്ങേയറ്റത്തെ അമർഷമാണുളവാക്കിയിരിക്കുന്നത്. നിലവിൽ വർത്തമാനകാല ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായ എന്തു പങ്കാണ് എ കെ സി സിക്ക് വഹിക്കാൻ സാധിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണം. വെറും പത്രപ്രസ്താവനയുമിറക്കി ചുളുങ്ങാത്ത തിളങ്ങുന്ന കുപ്പായവുമിട്ട് നടക്കുന്ന സവർണ്ണ മേധാവിത്വബോധത്തിൽ നിന്നും ജനകീയ സമൂഹത്തിലേക്ക് ഇറങ്ങി വരാൻ സാധിക്കാത്ത എ കെ സി സി യുടെ പ്രസക്തി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും സഭയെ ആത്മീയമായി മുന്നോട്ട് നയിക്കാൻ സാധിക്കുന്ന ഒരു വ്യക്തി പോലും ഇപ്പോൾ എ കെ സി സിയിൽ ഉണ്ടോ എന്ന് സംശയമാണ്. എകെസിസി നേതാക്കളുടെ എത്ര ബന്ധുക്കൾ രൂപതാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട് എന്നതിനെക്കുറിച്ച് സാധാരണക്കാരായ അല്മായർ അന്വേഷിക്കേണ്ടിയിരിക്കുന്നു എന്ന് സേവ് ചർച്ച് ഫോറം പറഞ്ഞു.  എകെസിസിയുടെ അംഗങ്ങളെല്ലാം മദ്യപാന വിമുക്തരാണെന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ ഫാ. ജോർജ് ഞാറക്കുന്നേലിന് ധൈര്യമുണ്ടോ എന്ന് സേവ് ചർച്ച് ഫോറം വെല്ലുവിളിച്ചു. ക്രൈസ്തവ സമൂഹം നേരിടുന്ന ബിസിനസ് തകർച്ച, രാഷ്ട്രീയ ശക്തിയിലെ കുറവ്, യുവതലമുറയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയൽ തുടങ്ങി നിരവധി പ്രശ്നങ്ങളിൽ ഒന്നിൽ പോലും യാതൊരു പങ്കും വഹിക്കാൻ സാധിക്കാത്ത എ കെ സി സി വെറുതെ വിവാദങ്ങൾ ഉണ്ടാക്കി തങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി