എഫ് സി ആർ എ ഭേദഗതി ബില്ലിൽ ബിജെപിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ തെറ്റിദ്ധാരണ പരത്തുന്നു
പാലാ: എഫ് സി ആർ എ ഭേദഗതി ബില്ലിൽ ബിജെപി നേതാക്കളും ബിജെപിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സേവ് ചർച്ച് ഫോറം കുറ്റപ്പെടുത്തി. ഇത്രനാൾ ഇല്ലാതിരുന്ന എന്തോ ഒരു പുതിയ നിയമം കൊണ്ടുവന്നത് പോലെയാണ് അവരുടെ പ്രചാരണം.
വർഷങ്ങളായി ഭാരതത്തിൽ വളരെ കർശനമായി നിലനിന്നു പോരുന്ന നിയമമാണ് എഫ് സി ആർ എ നിയമം. ക്രൈസ്തവ സഭകൾക്ക് വേണ്ടി മാത്രമല്ല സഭ പ്രതികരിക്കുന്നത്.സഭയുടേതടക്കം കോടിക്കണക്കിന് രൂപ ഈ നിയമപ്രകാരം കേന്ദ്രസർക്കാർ തടഞ്ഞു വച്ചിട്ടുണ്ട്.ഹൈന്ദവ സംഘടനകളുടെതും പലതും തടഞ്ഞുവെച്ചിട്ടുണ്ട് എന്നത് ശരി തന്നെ. ഇങ്ങനെ തടഞ്ഞുവെക്കാൻ കാരണം നിയമം വളരെ കർശനമായി എല്ലാ സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കുന്നതുകൊണ്ടും ചെറിയ ചെറിയ പോരായ്മകൾ പോലും വളരെ കർശനമായി നിയന്ത്രിക്കപ്പെടുന്നതും കൊണ്ടാണ്. അത് അഭിനന്ദനാർഹം എന്നു തന്നെയാണ് ക്രൈസ്തവ സഭകൾ പറഞ്ഞിരിക്കുന്നത്.പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് നിയന്ത്രണത്തിനും തിരുത്തലുകൾക്കും അപ്പുറം രജിസ്ട്രേഷൻ പുതുക്കുന്നതിലടക്കം ചെറിയൊരു കൈപ്പിഴ വന്നാൽ പോലും ആ സംഘടനയുടെ സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളും കേന്ദ്രസർക്കാറിന് ഏറ്റെടുത്ത് ഉപയോഗിക്കാൻ കഴിയും എന്നുള്ളതുകൊണ്ടാണ്.തങ്ങൾക്ക് ഇഷ്ടമില്ലാത്തത് എല്ലാം ഏറ്റെടുക്കുന്നതിനും അങ്ങനെ അവരെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലും ഇല്ലാതാക്കാനും സർക്കാരിന് കഴിയും എന്നുള്ളതാണ് ഇതിൽ ഏറ്റവും ഭയാനകമായ കാര്യം.ഇ ഡി യെ ഉപയോഗിച്ച് നിരവധി രാഷ്ട്രീയ നേതാക്കളെ ഒതുക്കുന്നത് നമ്മൾ കണ്ടതാണ്. ആർഎസ്എസ്സിന്റെ രാഷ്ട്രീയ മുഖമായ ബിജെപി നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്ന് വ്യക്തം. ഇപ്പോൾ സാമ്പത്തികമായും സംഘടനാപരമായും വളരെ ശക്തിയിൽ നിൽക്കുന്ന ക്രൈസ്തവ സഭകളെയും അവർ നടത്തുന്ന പ്രവർത്തനങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നുള്ളത് ഇതിൽ പ്രധാന ഘടകമാണ് എന്ന് സംശയിക്കുന്നതായി സേവ് ചർച്ച് ഫോറം വക്താവ് ബോബി ജോസഫ് പറഞ്ഞു. സ്വന്തം കാര്യസാധ്യങ്ങൾ നടക്കാത്തതിൻ്റെ പേരിൽ സഭക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവരെ കൂടി ഈ ബിൽ ഭേദഗതിയുടെ പേരിൽ സഭക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നതായി ഫോറം കുറ്റപ്പെടുത്തി.

Comments
Post a Comment