ദീപിക കൈവിട്ടു പോയ വഴികൾ
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ജിഹ്വാ ആയിരുന്ന നസ്രാണി ദീപിക മറ്റൊരാളുടെ കൈകളിലേക്ക് മാറ്റപ്പെട്ടതും അത് തിരിച്ചു പിടിച്ചതുമായി ബന്ധപ്പെട്ട് ചെറുകര സണ്ണി ലൂക്കോസ് കേരള ശബ്ദത്തിൽ 15 ഏപ്രിൽ 2007 ൽ എഴുതിയ ലേഖനം
ദീപിക വിഭജനം: ബിഷപ്പ് മാത്യു അറയ്ക്കൽ
120 വർഷത്തെ പൗരാണികതയും പാരമ്പര്യവുമുള്ള ‘ദീപിക’ കത്തോലിക്കാ സമുദായത്തിന്റേയും സഭയുടേയും മുഖപത്രമായിരുന്നു. 1989-ൽ ‘ദീപിക’ രാഷ്ട്രദീപിക കമ്പനിയായി മാറ്റപ്പെട്ടു. സഭയിലെ മെത്രാന്മാരുടെ ആഹ്വാനമനുസരിച്ച് 21000-ൽപ്പരം വിശ്വാസികൾ കമ്പനിയിൽ ഓഹരിയെടുത്തു. നഷ്ടത്തിലായ പ്രസ്ഥാനത്തെ രക്ഷപ്പെടുത്താൻ 2004 ഡിസംബർ 14 ന് ബിഷപ്പ് മാർ മാത്യു അറയ്ക്കലിനെ ഏൽപ്പിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ ‘ദീപിക’ എന്ന പേരും കോട്ടയത്തെ പഴയ ഒരു ഓഫീസുകെട്ടിടവും 8 കോടിയുടെ ബാധ്യതയും കത്തോലിക്കാസഭയ്ക്ക് മടക്കിനൽകിയ മാർ അറയ്ക്കൽ, ‘രാഷ്ട്രദീപിക’ കമ്പനിയും അതിന്റെ വിപുലമായ ആസ്തികളും മറ്റ് പ്രസിദ്ധീകരണങ്ങളും നെറ്റ്‌വർക്ക് മുഴുവനും ബിസിനസ്സുകാരനായ സുഹൃത്ത് ഫാരിസിന് നൽകി. വീണ്ടും ഒരു പെസഹായ്ക്ക് കത്തോലിക്കർ ഒരുങ്ങുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ തെളിയുക മാർ മാത്യു അറയ്ക്കലിന്റെ രൂപമാകും.
മർക്കോ: 14-16
‘പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസ് സ്കറിയോത്ത പ്രധാന പുരോഹിതന്മാരുടെ അടുത്തുചെന്ന് ചോദിച്ചു. ഞാൻ അവനെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നാൽ നിങ്ങൾ എനിക്ക് എന്തുതരും? അവർ അവന് മുപ്പതു വെള്ളിനാണയങ്ങൾ വാഗ്ദാനം ചെയ്തു. അപ്പോൾ മുതൽ അവൻ യേശുവിനെ ഒറ്റിക്കൊടുക്കാൻ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.’
2007 വർഷങ്ങൾക്കുശേഷം വീണ്ടും ഒരു പെസഹാ സമാഗതമായിരിക്കുന്നു. മനുഷ്യപുത്രന്റെ അന്ത്യത്താഴസമയത്താണല്ലോ നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു പറഞ്ഞത്. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുമ്പോൾ വീണ്ടും ഒരു ‘ഒറ്റിക്കൊടുക്കൽ’ കേരളത്തിലെ ക്രൈസ്തവരെ വേദനിപ്പിക്കുന്നു.
ക്രിസ്തുവിന്റെ പ്രധാന ശിഷ്യനായ പത്രോസിന്റെ ശ്ലൈഹികപാരമ്പര്യം അവകാശപ്പെടുന്ന മെത്രാന്മാർ, കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഏറ്റവും ബഹുമാനം നൽകുന്നവരാണ്. സഭാ മക്കളുടെ വിമർശനത്തിനതീതരാണ്. കേരളത്തിലെ നാല് അതിരൂപതകളിലെ ആർച്ചുബിഷപ്പുമാരും പതിനൊന്ന് രൂപതകളിലെ ബിഷപ്പുമാരും പതിനൊന്ന് മിഷൻ രൂപതകളിലെ ബിഷപ്പുമാരുമടങ്ങിയതാണ് സീറോ മലബാർ സിനഡ്. (സീറോ മലബാർ മേജർ ആർച്ച് എപ്പിസ്കോപ്പൽ ഹയരാർക്കി) ‘സിനഡ്’ എടുക്കുന്ന ഏതു തീരുമാനത്തെയും വിശ്വാസികൾ കണ്ണും പൂട്ടി അനുസരിക്കും. ഇങ്ങനെയൊരു സമിതിയിലെ ഒരു അംഗം സഭയുടെ മൂല്യങ്ങൾക്കും ആത്മീയതയ്ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ വിശ്വാസികൾക്കിടയിൽ അത് വലിയ ഉതപ്പിന് കാരണമാകും. മെത്രാൻ സമിതിയിലെ ഒരംഗം സഭയുടെ താൽപ്പര്യത്തെ ഒറ്റുകൊടുത്തുവെന്ന് ബഹുഭൂരിപക്ഷം അൽമായരും വിശ്വസിക്കുന്നു. മൂല്യബോധത്തിലും അച്ചടക്കത്തിലും അടിയുറച്ച കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചെറിയ പ്രതിസന്ധിയല്ല.
2007 മാർച്ച് 26 ന് കൊച്ചിയിൽ ചേർന്ന മെത്രാന്മാരുടെ യോഗമാണ് നിർണ്ണായകമായ ആ തീരുമാനം എടുത്തത്. ‘ദീപിക’ പത്രവും, കുട്ടികളുടെ ദീപികയും, കോട്ടയം ഓഫീസും ഫിക്സഡ് ഡെപ്പോസിറ്റുകാരുടെ എട്ടുകോടി ബാധ്യതയും സഭ മടക്കിയെടുത്തുകൊണ്ട് ‘രാഷ്ട്രദീപിക’ കമ്പനിയും മറ്റ് പ്രസിദ്ധീകരണങ്ങളും ആസ്തികളും ഫാരിസിന് നൽകുക. ഈ തീരുമാനത്തിലേക്ക് മറ്റ് മെത്രാന്മാരെയെല്ലാം നിർബന്ധിതരാക്കിയ മാർ മാത്യു അറയ്ക്കൽ വിജയശ്രീലാളിതനെപ്പോലെ നിറഞ്ഞ ചിരിയുമായാണ് സെന്റ് തോമസ് മൗണ്ടിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിന്റെ പടിയിറങ്ങിയത്.
പിറ്റേന്നത്തെ ‘ദീപിക’യിൽ ഇക്കാര്യത്തിൽ തന്നെ അകമഴിഞ്ഞ് സഹായിച്ച ദീപിക വൈസ് ചെയർമാൻ എം.എ. ഫാരിസിനും മറ്റ് ഡയറക്ടർമാർക്കും നന്ദി അറിയിച്ചുകൊണ്ട് ഇങ്ങനെയെഴുതി. ‘എന്നെ ഏൽപ്പിച്ച ചുമതല വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണെന്ന് വിശ്വസിക്കുന്നു. കത്തോലിക്കരുടെ മുഴുവൻ അഭിമാനസ്തംഭമായ, എന്നാൽ 17 വർഷം മുമ്പ് സ്വകാര്യവൽക്കരിക്കപ്പെട്ട ‘ദീപിക’ തിരികെ കത്തോലിക്കാസഭയുടെ കൈയിലെത്തിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.’
ലൂക്കാ: 22, 48-49
‘ഒറ്റുകാരൻ അവർക്ക് ഈ അടയാളം നൽകിയിരുന്നു. ഞാൻ ആരെ ചുംബിക്കുന്നുവോ അവൻതന്നെ അവനെ പിടിച്ചു കൊള്ളുക
അവൻ പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന് ഗുരോ സ്വസ്തി എന്ന് പറഞ്ഞ് അവനെ ചുംബിച്ചു.
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനും നിധീരിക്കൽ മാണിക്കത്തനാരും ചേർന്ന് 1887 ഏപ്രിൽ 15 ന് ആരംഭിച്ച 'ദീപിക'യുടെ ഉടമസ്ഥത ഏതാണ്ട് ഒരു നൂറ്റാണ്ടിലധികം കാലം കത്തോലിക്കാസഭയിലെ കർമ്മലീത്താ വൈദിക സമൂഹത്തി (സി.എം.ഐ) നായിരുന്നു. ദൃശ്യമാധ്യമങ്ങളോ അധികം പത്രങ്ങളോ ഇല്ലാതിരുന്ന ദീർഘകാലം അഭിപ്രായങ്ങൾ രൂപീകരിക്കാനുള്ള ശക്തി ഉപയോഗിച്ച് സമൂഹത്തിലും അധികാരത്തിലും സ്വാധീനം ചെലുത്താൻ അവർക്ക് സാധിച്ചിരുന്നു. എന്നാൽ പത്രത്തെ പ്രൊഫഷണൽ മികവോടെ കാലാനുസൃതമായി പരിഷ്കരിച്ച് മുന്നോട്ടു നയിക്കുന്നതിൽ സി.എം.ഐ വൈദിക സമൂഹം പരാജയപ്പെട്ടു. കെടുകാര്യസ്ഥതകൊണ്ട് 'ദീപിക' സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.
പിടിച്ചുനിൽക്കാൻ കഴിയാതെ, 1987-ൽ 100 വയസ്സു തികഞ്ഞ 'ദീപിക'യെ 1989-ൽ 'രാഷ്ട്രദീപിക' ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. മെത്രാന്മാർ ആഹ്വാനം ചെയ്തതനുസരിച്ച് കത്തോലിക്കർ ഈ കമ്പനിയിൽ ഓഹരിയെടുത്തു. തുടർന്ന് ലാഭം മാത്രം ലക്ഷ്യമാക്കി ധർമ്മുപേക്ഷിച്ച് പ്രൊഫഷണലുകൾ എന്ന പേരിൽ പലരേയും തലപ്പത്തു വച്ച് മാറിമാറി പല പരീക്ഷണങ്ങളും നടത്തി. ഒടുവിൽ 'ന്യൂസ് വേ' എന്ന പേരിൽ ഒരു തട്ടിപ്പു പരിപാടി നടത്തി. ദീപികയിൽ വിശ്വസിച്ച് ഇതിൽ പണം ഇറക്കിയ അനേകർ തട്ടിപ്പിനിരയായി. പത്രത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് 2004 ആയപ്പോഴേക്കും കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാർ ഗൗരവമായി ചിന്തിച്ചു.
കത്തോലിക്കാ ബിഷപ്പുമാരിൽ ഏറെപ്പേരും ആത്മീയതയോടാഭിമുഖം പുലർത്തുന്നവരും, ഭൗതിക രംഗത്തെ കരു നീക്കങ്ങളെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് ഇവർക്കിടയിൽ വ്യത്യസ്തനായ, ഉന്നത രാഷ്ട്രീയ നേതാക്കളുമായും വൻ ബിസിനസ്സുകാരുമായും അധികാര കേന്ദ്രങ്ങളുമായും ഉറ്റബന്ധം പുലർത്തുകയും, ബിസിനസ് കാര്യങ്ങൾ നടത്താൻ സമർത്ഥനുമായ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലിനെ രാഷ്ട്രദീപിക കമ്പനി ഏൽപ്പിച്ചാൽ സ്ഥാപനത്തെ രക്ഷപ്പെടുത്തും എന്നു മെത്രാന്മാർ കരുതി. അവർ ദീപികയുടെ ചുമതല മാർ അറയ്ക്കലിനെ ഏൽപ്പിച്ചു.
14-12-2004 ൽ മാർ മാത്യു അറയ്ക്കൽ ചെയർമാനായി രാഷ്ട്രദീപിക കമ്പനിയിൽ ചാർജെടുത്തപ്പോൾ ബിസിനസ്സുകാരനായ യുവസുഹൃത്ത് എം.എ. ഫാരിസിനെയും കൂടി ഒപ്പം കൊണ്ടുവന്നു. ഇവർ ഇരുവരും ചേർന്ന് ദീപികയുടെ പുനരുദ്ധാരണ നടപടികൾ ആരംഭിച്ചു. 200 ഓളം ജീവനക്കാരെ വി.ആർ.എസ് നൽകി പറഞ്ഞയച്ചു. പല വൈദികരും സ്വയം രാജി വെച്ചൊഴിഞ്ഞു. ദീപികയുടെ സ്വന്തമായിരുന്ന പാലാരിവട്ടത്തെ 17 സെന്റ് സ്ഥലവും കേവലം 2.55 കോടി രൂപയ്ക്കും പാതാളത്തുള്ള 140 സെന്റ് സ്ഥലവും കെട്ടിടവും പ്രിന്റിംഗ് പ്രസ്സും ഉപകരണങ്ങളും കൂടി 3 കോടി രൂപയ്ക്കും ഫാരിസും ബന്ധുക്കളും ചേർന്നുവാങ്ങി. പിന്നീട് പ്രതിമാസം 60,000 രൂപ വാടകയ്ക്കാണ് ദീപിക ഈ കെട്ടിടത്തിന്റെ ഒരു നിലയിൽ പ്രവർത്തിപ്പിച്ചത്. ജീവൻ ടി.വിയും ഇതേ കെട്ടിടത്തിലാണ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്.
‘ദീപിക’ പത്രത്തിന്റെ നയം തീരുമാനിക്കുന്നത് ഫാരിസ് മാത്രമായി. കത്തോലിക്കസഭയുടെ വിശ്വാസങ്ങൾക്ക് നിരക്കാത്ത വാർത്തകളും, സി.പി.എം വിഭാഗീയതയുമായി ബന്ധപ്പെട്ട വാർത്തകളും ‘ദീപിക’യിൽ പതിവായി. ദീപികയുടെ പ്രഖ്യാപിത നയങ്ങൾക്ക് എതിരായ ഈ നീക്കം സഭയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായപ്പോൾ ബിഷപ്പുമാരുടെ സിനഡ് ചങ്ങനാശ്ശേരി, കോതമംഗലം, പാലാ ബിഷപ്പുമാരടങ്ങുന്ന ഒരു ഉപസമിതിയെ ചുമതലപ്പെടുത്തി.
ഈ ഘട്ടത്തിൽ തന്റെതായ ഒരു വിശദീകരണക്കുറിപ്പ് മാർ മാത്യു അറയ്ക്കൽ പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം ഇങ്ങിനെ പറഞ്ഞു: ‘ദീപികയുടെ ചുമതല ഞാൻ ഏറ്റെടുത്തശേഷം അടിയന്തിരമായി ബാദ്ധ്യത തീർക്കേണ്ടുന്ന ഒരു കോടി രൂപയ്ക്ക് സഭാ സംവിധാനങ്ങളിലൂടെ ഞാൻ ശ്രമിച്ചുനോക്കി. ഒപ്പം നിൽക്കാൻ ആരും ഉണ്ടായില്ല. പ്രിൻ്റിംഗ് മുടങ്ങുമെന്ന സന്ദർഭത്തിലാണ് മുമ്പ് പരിചയമു ണ്ടായിരുന്ന എം എ ഫാരീസ് എന്ന മുസ്ലീം വ്യവസായ സംരംഭകനെ ഞാൻ സമീപിച്ചത്. ഒരു കോടി രൂപാ 2 വർഷത്തേക്ക് വായ്പ തരാമെന്ന് അദ്ദേഹം സമ്മതിച്ചു. പണം തിരിച്ചു നൽകാൻ കഴിയുന്നി ല്ലെങ്കിൽ അത് സക്കാത്തായി കണക്കാക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു
ദീപികയുടെ നവീകരണ പ്രവർത്തനങ്ങളിൽ മുഴുവൻ എന്നെ സഹായിച്ചിരുന്നത് എം എ ഫാരിസ് എന്ന സഹോദരനാണ് സഹായിച്ച വിജാതീയനെ പുറം ജാതി എന്ന് വിളിച്ച് ആട്ടി യോടിക്കാനല്ല യേശുനാഥൻ മുതിർന്നത്.മറിച്ച് അവനെ നല്ല അയൽക്കാരനായി അംഗീകരിച്ചു
യേശുവിൻറെ ഈ മൂല്യങ്ങൾ തന്നെയാണ് എന്നെയും നയിക്കുന്നത്.വി ആർ എസിനും മറ്റുമായി 13 കോടി രൂപ ഫാരിസ് പലിശയില്ലാതെ വായ്പ തന്നിട്ടുണ്ട് ഇതിൽ 3.5 കോടി തിരിച്ച് നൽകിയിട്ടുണ്ട് പ്രധാന ഷെയർ ഉടമയായ പോൾജോൺ തൻ്റെ വില തിരിച്ചു കൊടുത്താൽ വസ്തുവകകൾ തിരിച്ചു നൽകാൻ അവർ സന്നദ്ധരാണ്.’ ഇതായിരുന്നു മാർ അറയ്ക്കലിന്റെ നിലപാടും വിശദീകരണവും.
തുടക്കത്തിൽ ഉത്തമസഹൃത്ത് എന്ന നിലയിൽ ഫാരിസ് ‘സക്കാത്തായി’ പണം തന്നു സഹായിച്ചതാണെന്ന് അറക്കൽ പറഞ്ഞെങ്കിലും പിന്നീട് ഫാരിസിന് 50.88 ശതമാനം ഷെയർ നൽകുകയും ഫാരിസിനെ കമ്പനിയുടെ വൈസ് ചെയർമാനായി നിയമിക്കുകയും ചെയ്തു. ചെയർമാൻ ഫാരിസിനെ ദീപികയിൽനിന്ന് ഒഴിവാക്കണമെന്ന മറ്റ് ബിഷപ്പുമാരുടെ അഭ്യർത്ഥന ചെയർമാൻ മുഖവിലയ്ക്ക് എടുത്തില്ല.
2006 നവംബർ 17 ന് രാഷ്ട്രദീപിക ഒന്നാകെ തിരികെ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ആദ്യമായി അൽമായ പ്രതിനിധികളെ കൂടി പങ്കടുപ്പിച്ചുകൊണ്ട് മേജർ ആർച്ച്ബിഷപ്പ് ഒരു യോഗം വിളിച്ചുകൂട്ടി. ഫാരിസിന് കൊടുക്കാനുണ്ടെന്ന് ചെയർമാൻ ഏറ്റവും ഒടുവിൽ പറയുന്ന 9.85 കോടി സമാഹരിച്ച് കൊടുത്ത് രാഷ്ട്രദീപിക കമ്പനിയൊന്നാകെ ഏറ്റെടുക്കണം എന്ന് യോഗം തീരുമാനമെടുത്തു. ഇതിനുള്ള നടപടികൾ നീക്കുന്നതിനായി കോട്ടയം ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനെ കൺവീനറായും ചങ്ങനാശ്ശേരി, എറണാകുളം, തൃശൂർ, തലശ്ശേരി, തിരുവല്ല ബിഷപ്പുമാരും സി.എം.ഐ പ്രതിനിധി രാജ്ഘോട്ട് ബിഷപ്പും അംഗങ്ങളായി ഒരു ഉപസമിതിയെ എടുത്തു.
ഇതിനിടെ ദീപിക ദിനപ്പത്രവും കുട്ടികളുടെ ദീപികയും സഭയ്ക്കും, രാഷ്ട്രദീപിക കമ്പനികളും അതിന്റെ ആസ്തിബാധ്യതകളും ഫാരിസിനും എന്നൊരു നിർദ്ദേശം ചെയർമാൻ മാർ മാത്യു അറയ്ക്കൽ കോട്ടയം ബിഷപ്പ് വഴി മുന്നോട്ടു വെച്ചു. 2006 ഡിസംബർ 7 ന് ചേർന്ന മെത്രാന്മാരുടെ യോഗം ഇതിനോട് തത്വത്തിൽ യോജിച്ചു. കമ്പനി എടുത്താൽ വലിയ ബാധ്യതയും ഏറ്റെടുക്കേണ്ടിവരും എന്നായിരുന്നു ബിഷപ്പുമാരുടെ ഭയം.
ഈ ആലോചനക്കെതിരെ അല്മായരുടെ ഭാഗത്തുനിന്നു ശക്തമായ പ്രതിഷേധം ഉയർന്നു. ഓഹരിയുടമകളായ കത്തോലിക്കരുടെ യോഗം പ്രത്യേക ചേർന്ന് പ്രതിഷേധം മേജർ ആർച്ച് ബിഷപ്പിനെ അറിയിച്ചു. തുടർന്ന് ജനുവരി 9 ന് ചേർന്ന സീറോ മലബാർ സിനഡ് പത്രം പൂർണ്ണമായി ഏറ്റെടുക്കുന്നതിനുള്ള ചുമതല ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന് നൽകി.
മാർച്ച് 2 ന് മാർ പൗവ്വത്തിൽ വിളിച്ചുകൂട്ടിയ യോഗം സഭ നേരിട്ട് പണം എടുക്കുന്നതിന് നിയമോപദേശം എതിരാണെന്ന് പറഞ്ഞുകൊണ്ട് കാത്തലിക് മീഡിയ ട്രസ്റ്റിന് രൂപം നൽകി. ഫാരിസിന് കൊടുക്കാനുള്ള തുക മടക്കിക്കൊടുത്ത് കമ്പനി ഒന്നാകെ വാങ്ങുന്നതിന് ഈ ട്രസ്റ്റിലേക്ക് മൂന്നര കോടി രൂപ സംഭാവന ചെയ്യാൻ ചങ്ങനാശ്ശേരി അതിരൂപതയിലെ വിവിധ കോൺഗ്രിഗേഷനുകൾ (സന്യാസസഭകൾ) തയ്യാറായി.
അല്മായരുടെ വകയായി ഒന്നരകോടി നൽകാൻ വിവിധ ഇടവകകളിൽനിന്നും തയ്യാറായി. ബാക്കി പണം നൽകാൻ സി.എം.ഐ സഭയും മുന്നോട്ടുവന്നു. എൻ.ആർ.ഐ ഗ്രൂപ്പാണ് സി.എം.ഐക്ക് വേണ്ടി രംഗത്തുവന്നത്.ഈ എൻ.ആർ.ഐ ഗ്രൂപ്പ് പിന്നീട് പിൻവാങ്ങുകയാണുണ്ടായത്. അപ്പോൾഒരുമിച്ച് വലിയ തുക മുടക്കാൻ നാട്ടിൽ തന്നെയുള്ള ചില അല്മായർ മുന്നോട്ടുവന്നു. കത്തോലിക്കാസഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ നിയന്ത്രണത്തിൽ ദീപിക ഒന്നാകെ ചെന്നു ചേരുന്നതിനോട് സഭയ്ക്ക് പുറത്ത് മാർ മാത്യു അറയ്ക്കലുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽനിന്നും ശക്തമായ എതിർപ്പുണ്ടായി.
കാത്തലിക് മീഡിയ ട്രസ്റ്റിലേക്ക് അല്മായരെന്ന പേരിൽ വ്യക്തികളുടെ പണം സ്വീകരിക്കാൻ പറ്റില്ലെന്നും അത് ഫാരീസിന്റെ വിരോധികളാണെന്നും പുതിയ നിബന്ധനകൾ വന്നു.ഇതോടെ മാർ ജോസഫ് പൗവ്വത്തിലിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയേറ്റു.
തുടർന്നങ്ങോട്ട് മാർ മാത്യു അറയ്ക്കലും ഫാരിസും നേരത്തെ രചിച്ചിട്ടുള്ള തിരക്കഥ പോലെ കാര്യങ്ങൾ നടന്നു.സഭയിലെ അത്മായരുടേയും ഓഹരിയുടമകളുടേയും ഭാഗത്തുനിന്ന് വന്ന താല്പര്യം തിരസ്കരിക്കപ്പെട്ടു. ഫാരിസിന്റെ ഭാഗത്തുനിന്നുവന്ന നിർദ്ദേശം സ്വീകരിക്കപ്പെട്ടു. മാർച്ച് 20ന് മാർ പൗവ്വത്തിൽ ദീപിക കാര്യത്തിനായുള്ള സമിതിയുടെ യോഗം വിളിച്ചുകൂട്ടി. അത്മായരെ ആരെയും പങ്കെടുപ്പിച്ചില്ല. 9.85 കോടി രൂപ ഫാരിസിന് കൊടുക്കാനുള്ളതിനുപകരം ഫിക്സഡ് ഡിപ്പോസിറ്റുകാരുടെ 8 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കാനും ദീപികയും കുട്ടികളുടെ ദീപികയും കോട്ടയം ഓഫീസും ഒഴിച്ച് മറ്റ് പ്രസിദ്ധീകരണങ്ങളും കമ്പനിയും ആസ്തിബാധ്യതകളും ഫാരിസിന് വിട്ടുകൊടുക്കാനുമുള്ള നിർദ്ദേശം മാർ അറയ്ക്കൽ മുന്നോട്ടുവെച്ചു. പണം ഒന്നും രൊക്കം ഉണ്ടാക്കിക്കൊടുക്കേണ്ടതില്ലാതെ 'ദീപിക' ദിനപ്പത്രം മടക്കിക്കിട്ടുന്നത് മഹാകാര്യമാണെന്നുമുള്ള നിലപാടായിരുന്നു മാർ മാത്യു അറയ്ക്കലിന്റേത്.
പദ്ധതികൾ എല്ലാം നേരത്തെ പ്ലാൻ ചെയ്തിരുന്ന ചെയർമാനും വൈസ് ചെയർമാനും മാർച്ച് 29ന് കോട്ടയത്ത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ വെച്ച് ദീപികയുടെ വാർഷിക ജനറൽ ബോഡി വിളിച്ചുകൂട്ടിയിരുന്നു. ഈ ജനറൽ ബോഡിക്ക് മുമ്പ് തങ്ങളുടെ പദ്ധതി സീറോ മലബാർ സിനഡിന്റെ തീരുമാനമായി അംഗീകരിപ്പിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയെങ്കിൽ പിന്നെ അത്മായരായ ഓഹരി ഉടമകൾ ജനറൽ ബോഡിയിൽ പ്രശ്നമുണ്ടാക്കില്ലെന്ന് അവർ കരുതി. പ്രായമാധിക്യത്തിന്റേയും ആരോഗ്യപ്രശ്നങ്ങളുടേയും പരിമിതികളുള്ളതിനാൽ പകരം ചുമതലകൾ വഹിക്കുന്ന തോമസ് ചാക്യത്തിനേയും ഒപ്പം നിർത്താൻ മാർ വർക്കി വിതയത്തിലിന് കഴിഞ്ഞതോടെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു കഴിഞ്ഞിരുന്ന മാർ ജോസഫ് പവ്വത്തിൽ നിസ്സഹായനായി.
മാർച്ച് 26ന് കൊച്ചിയിൽ മേജർ ആർച്ച് ബിഷപ്പ് ഹൗസ് സ്ഥിതിചെയ്യുന്ന കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിൽ ചേർന്ന ബിഷപ്പുമാരുടെ യോഗം ദീപികയുടെ വിഭജന തീരുമാനം അംഗീകരിച്ചു. 29-ാം തീയതി 14-ാം വാർഷിക പൊതുയോഗം ചേർന്നു വിഭജന തീരുമാനം അംഗീകരിക്കാനിരിക്കെ പൊതുയോഗം തടയണമെന്നാവശ്യപ്പെട്ട് മുൻ ഡയറക്ടർ ബോർഡ് അംഗം ചാക്കോച്ചൻ മലയിൽ കോട്ടയം മുൻസിഫ് കോടതിയിൽ ഹർജി നൽകി. ഇത് പരിഗണിച്ച കോടതി വാർഷിക പൊതുയോഗത്തിൽ പ്രധാനപ്പെട്ട
തീരുമാനങ്ങൾ എടുക്കാൻ പാടില്ലെന്നും, അവിടെയെടുക്കുന്ന തീരുമാനങ്ങൾ കോടതി തീരുമാനത്തിന് വിധേയമായിരിക്കുമെന്നും ഉത്തരവായി. ഇതേത്തുടർന്ന് വാർഷിക പൊതുയോഗം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലാണ് ദീപിക പത്രവും കോട്ടയം യൂണിറ്റും കുട്ടികളുടെ ദീപികയും ഏറ്റെടുത്തിട്ടുള്ളത്. ദീപികയിൽ പലരും ഫിക്സഡ് ഡെപ്പോസിറ്റായി നൽകിയിട്ടുള്ള 8 കോടി രൂപ നൽകാൻ ഉണ്ട് . ഈ ബാധ്യതയും സഭ ഏറ്റെടുത്തു.
സുഹൃത്ത് എന്ന നിലയിൽ മാർ മാത്യു അറക്കലിനെ സഹായിക്കാനായി ‘സക്കാത്ത്’ നൽകാനെത്തിയ ഫാരിസിന് രണ്ടുവർഷം കഴിഞ്ഞപ്പോൾ രാഷ്ട്രദീപിക കമ്പനിയും അതിന്റെ ആസ്തികളും, രാജ്യത്തൊട്ടാകെയുള്ള ഓഫീസുകളും നെറ്റ്‌വർക്കും, മാർക്കറ്റിംഗ് സംവിധാനവും രാഷ്ട്രദീപിക സായാഹ്നപത്രം, രാഷ്ട്രദീപിക സിനിമ, ബിസിനസ് ദീപിക, സ്ത്രീധനം തുടങ്ങിയ അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇപ്പോൾ സ്വന്തമായി. സമർത്ഥനായ ഒരു ബിസിനസ്സുകാരനെന്ന നിലയിൽ ഫാരിസിനെ ആർക്കും കുറ്റപ്പെടുത്താനാവില്ല. ലാഭമുണ്ടാക്കി മുതലാളിയാവുക എന്നതാണ് ബിസിനസ്സ്. ഫാരിസ് അത് ഫലപ്രദമായി നിർവ്വഹിച്ചു.
ഏറ്റവും ഒടുവിൽ ബിഷപ്പുമാർ കണക്കെടുപ്പിച്ചപ്പോൾ 29.14 കോടിയുടെ ആകെ ബാധ്യതയുണ്ടായിരുന്നു. ഇതിൽ ഫാരിസിന് നൽകാനുണ്ടെന്ന് പറഞ്ഞിരുന്ന 9.8 കോടിയും എഫ്.ഡിയുടെ 8.45 കോടിയുംപെടും. പിന്നെയുള്ളത് ഓവർഡ്രാഫ്റ്റിന്റെയും ന്യൂസ് പ്രിന്റിന്റേയും കുടിശ്ശികയാണ്. പാലക്കാട്, തൃശൂർ, കണ്ണൂർ യൂണിറ്റുകൾ മാത്രം വിറ്റാൽ ഫാരിസിന് 50 കോടിയോളം ലഭിക്കും.
സഭ ഏറ്റെടുക്കുന്ന ദീപികയ്ക്ക് ഇനി പുതിയ ബ്യൂറോകളും യൂണിറ്റുകളും ഉൾപ്പടെ എല്ലാ സംവിധാനങ്ങളും പുതുതായി ഉണ്ടാക്കേണ്ടിവരും. പ്രഫഷണൽ മാനേജ്‌മെന്റിനോടു മെത്രാന്മാർ വൈമുഖ്യം പ്രകടിപ്പിക്കാറുണ്ട് എന്നതുകൊണ്ട് ദീപികയുടെ ഭാവിയെക്കുറിച്ച് ആർക്കും വലിയ പ്രതീക്ഷയില്ല. ദീപിക-രാഷ്ട്രദീപിക വിഭജനം പ്രാബല്യത്തിൽ വന്നാലുടൻ ഫാരിസ് രാഷ്ട്രദീപിക ‘വാർത്ത’ ദിനപത്രം തുടങ്ങുമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. സായാഹ്നപത്രമടക്കമുള്ള മറ്റു പ്രസിദ്ധീകരണങ്ങളും പതിവുപോലെ ഇറക്കും.
ജീവനക്കാർ മിക്കവാറും എല്ലാവരും തന്നെ രാഷ്ട്രദീപിക കമ്പനിയിൽ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. സഭ ഏറ്റെടുക്കുന്ന ദീപികയുടെ ഭാവി സംബന്ധിച്ചുള്ള ആശങ്കയാണ് ജീവനക്കാരെ രാഷ്ട്രദീപികയിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. ദീപികയിലേക്ക് പോകാമെന്ന് വച്ചാൽ രാജിവെച്ചു പോകുന്ന അവർക്ക് കമ്പനിയിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുകയില്ല.
കോട്ടയം ഓഫീസില്ലെന്നത് ഒഴിച്ചാൽ രാഷ്ട്രദീപികയുടേതായി ഇന്നലെ വരെ സംസ്ഥാനത്തിനകത്തും പുറത്തും മുഴുവൻ ഉണ്ടായിരുന്ന സംവിധാനങ്ങൾ അതേപോലെ ലഭിച്ചിരിക്കുന്നത ഫാരിസ് കോട്ടയത്തും ഓഫീസ് കെട്ടിടം എടുത്തുകഴിഞ്ഞു. രാഷ്ട്രദീപിക വാർത്ത ഒരു സായാഹ്നപത്രം പോലെ മുന്നിലിരിക്കുമ്പോൾ ദീപിക വായനക്കാരുടെ കൈകളിലെത്തിക്കാൻ സഭയ്ക്ക് ഒരുപാട് പ്രയാസപ്പെടേണ്ടി വരും. നഷ്ടപ്പെട്ടത് മുഴുവനും കത്തോലിക്കാസഭയ്ക്കാണ്. അതിനുത്തരവാദികൾ സഭയുടെ ഹയറാർക്കി തന്നെയാണ്. 9 കോടിയല്ല 90 കോടിയുണ്ടാക്കണമെങ്കിലും കത്തോലിക്കാസഭയ്ക്ക് അസാധ്യമായ കാര്യമല്ല. എന്നിട്ടും മെത്രാന്മാർ എന്തുകൊണ്ട് ഇങ്ങനെയൊക്കെ പ്രവർത്തിച്ചു എന്ന് വിശ്വാസികളുടെ സംശയത്തിന് പെട്ടെന്നൊന്നും ഉത്തരം നൽകാനാകും എന്ന് തോന്നുന്നില്ല






Comments
Post a Comment