പുതുപ്പള്ളി പുണ്യാളച്ചൻ്റെ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു
പുതുപ്പള്ളി പുണ്യാളച്ചൻ്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
കോട്ടയം : ചരിത്ര പ്രസിദ്ധമായ പുതുപ്പള്ളി പുണ്യാളച്ചൻ്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട്, പുതുപ്പള്ളി യാക്കോബായ പള്ളിയിൽ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത കൊടിയേറ്റ് കർമ്മം ഇന്നലെ വൈകുന്നേരം 5 മണിക്ക് നിർവ്വഹിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയിൽ രാവിലെ അഭിവന്ദ്യ മെത്രാപ്പൊലീത്തയുടെ പ്രധാന കാർമിത്വത്തിൽ വിശുദ്ധ കുർബ്ബാന നടത്തപ്പെട്ടിരുന്നു. ഉച്ചക്ക് 2 മണിക്ക് വകത്താനം പതിനഞ്ചിൽ ശ്രീ. ബിജു പുന്നൂസിൻ്റെ ഭവനാംഗണത്തിൽ നിന്നും ആഘോഷപൂർവ്വം ഞാലിയാകുഴി, പുതുപ്പള്ളി കവല വഴി പള്ളിയിലേക്ക് കൊടിമര ഘോഷയാത്ര നടത്തി. തുടർന്ന് നടന്ന സന്ധ്യാ നമസ്കാരത്തിന് ശേഷമായിരുന്നു കോടിയേറ്റ് കർമ്മം നിർവഹിക്കപ്പെട്ടത്.
2026 ഏപ്രിൽ 25 ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് പെരുന്നാൾ സന്ധ്യ നമസ്കാരം, അഖില മലങ്കര വൈദിക സെക്രട്ടറി റവ.ഫാ. ജോൺ ഐപ്പ് മങ്ങാട്ട് നൽകുന്ന പെരുന്നാൾ സന്ദേശം, രാത്രി 8 മണിക്ക് ഭക്തി നിർഭരമായ റാസ, തുടർന്ന് സ്നേഹ വിരുന്ന് എന്നിവ നടത്തപ്പെടും. പ്രധാന പെരുന്നാൾ ദിനമായ എപ്രിൽ 26 ഞായറാഴ്ച്ച വെളുപ്പിന് 12 മണിക്ക് വെച്ചൂട്ട് നേർച്ചക്കുള്ള അരിയിടീൽ ചടങ്ങ്, രാവിലെ 9 മണിക്ക് ശ്രേഷ്‌ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ പ്രധാന കാർമിത്വത്തിൽ വിശുദ്ധ കുർബ്ബാന, തുടർന്ന് പ്രദക്ഷിണം, ആശീർവ്വാദം, ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് നേർച്ച എന്നിവ നടത്തപ്പെടും. മെയ് 10 ഞായറാഴ്ച കൊടിയിറക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.


Comments
Post a Comment