ബിജെപിയുടെ ഫാക്ടറികളിൽ നിന്നും കല്ലുവെച്ച നുണകൾ
എഫ് സി ആർ എ ഭേദഗതി ബില്ലിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത് ഹൈന്ദവ ക്രൈസ്തവ സാഹോദര്യം തകർക്കലോ? അത്രത്തോളം കല്ലുവെച്ച നുണകളാണ് ബിജെപിയുടെ ഫാക്ടറികളിൽ നിന്നും ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കണക്ക് ബോധിപ്പിക്കാത്തവരെ പിടികൂടുക എന്നുള്ളതുദ്ദേശിച്ചുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് എന്നാണ് ബിജെപി വൃത്തങ്ങൾ പടച്ചുവിടുന്നത്. അതിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ല എന്ന് മാത്രമല്ല എഫ് സി ആർ എ എന്താണെന്ന് പോലും അറിയില്ലാത്ത സാധാരണ ബിജെപി പ്രവർത്തകർ ക്രൈസ്തവ പുരോഹിതർക്കെതിരെ ശക്തമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നും കൊണ്ടുവരുന്ന കാശിന് കണക്ക് കാണിച്ചാൽ പ്രശ്നം തീർന്നല്ലോ എന്നാണ് സാധാരണ ചിന്താഗതിയിൽ അവർ പറയുന്നത്.എന്നാൽ പുതിയ എഫ്സിആർഎ ഭേദഗതി ബില്ലിൽ കണക്കു കാണിക്കൽ എന്ന ഒരു വിഷയത്തെക്കുറിച്ച് പരാമർശിക്കുന്നതേയില്ല. രജിസ്ട്രേഷൻ മാത്രമാണ് ഇവിടുത്തെ വിഷയം.
ബിജെപിക്കാരുടെ പ്രചരണത്തിൽ നിന്നും മനസ്സിലാവുന്ന മറ്റൊരു കാര്യം ഇതെന്തോ പുതിയതായിട്ട് അവതരിപ്പിച്ച ഒരു ബില്ലാണ് എന്നുള്ള രീതിയിലാണ്.അത് തികച്ചും തെറ്റാണ്.
2010ലെ എഫ് സി ആർ എ നിയമമനുസരിച്ച് എല്ലാവർഷവും ഡിസംബർ 31ന് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുൻപിൽ കണക്കുകൾ ബോധിപ്പിക്കേണ്ടതും ഭാരവാഹികളുടെ ലിസ്റ്റ് സമർപ്പിക്കേണ്ടതും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുമാണ്. വിദേശ സഹായം പറ്റുന്ന എല്ലാ സംഘടനകളും എഫ് സി 4 എന്ന ഫോമിൽ വാർഷിക റിട്ടേൺ സമർപ്പിക്കേണ്ടതുമാണ്.ഒപ്പം തന്നെ അംഗീകൃത ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കണക്കും അതോടൊപ്പം ഹാജരാക്കണം.ഇതിൽ എന്തെങ്കിലും ഒരു പിഴവ് പറ്റിയാൽ ലൈസൻസ് റദ്ദാക്കപ്പെടും എന്ന കർശന നിയമം ഇപ്പോൾ തന്നെ വർഷങ്ങളായി നിലവിലുള്ളതാണ്. അനുസരിച്ചാണ് വിദേശ സഹായം കൈപ്പറ്റുന്ന എല്ലാ സന്നദ്ധ സംഘടനകളും,ക്രൈസ്തവ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്നത്. 2010 ലെ നിയമം അനുസരിച്ച് എല്ലാ വിദേശ സഹായങ്ങളും സ്വീകരിക്കേണ്ടത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൽഹി ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാവണം. അക്കൗണ്ട് വഴി മാത്രമേ ഈ പണം ചെലവഴിക്കാനും പാടുള്ളൂ. ഇത്ര കർശനമായ ഈ നിയമം കൊണ്ടുവന്നത് ബിജെപി സർക്കാറല്ല മറിച്ച് കേന്ദ്രo ഭരിച്ചിരുന്ന യുപിഎ സർക്കാരാണ് എന്നുകൂടി ഓർക്കണം.ഇത്തരം കാര്യങ്ങളിൽ ഇതേവരെ യാതൊരു പ്രതിഷേധവും പ്രകടിപ്പിക്കാതിരുന്നവർ എന്തുകൊണ്ടാണ് ഇപ്പോൾ ഇത് പ്രകടിപ്പിക്കുന്നത് എന്ന് സാമാന്യ ബുദ്ധികൊണ്ട് ചിന്തിക്കേണ്ടതുണ്ട്.അതുകൊണ്ടുതന്നെ കണക്കു ചോദിച്ചതാണ് എതിർപ്പിന് കാരണം എന്നുള്ളത് തികച്ചും തെറ്റായ രാഷ്ട്രീയ ലാക്കോട് കൂടിയ കുപ്രചരണം മാത്രമാണ് എന്നു മനസ്സിലാവും.
പിന്നെ എന്താണ് ഇവിടുത്തെ പ്രശ്നം?
സെക്ഷൻ 14 പ്രകാരമുള്ള രജിസ്ട്രേഷൻ നടപടികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഇഷ്ട പ്രകാരം ലൈസൻസ് പുതുക്കുകയോ റദ്ദാക്കുകയോ ആവാം. പുതുക്കാൻ അനുവാദം നൽകുന്നില്ലെങ്കിൽ ആ സ്ഥാപനം വിദേശത്തുനിന്നും സ്വദേശത്ത് നിന്നും സമാഹരിച്ച ഫണ്ടുപയോഗിച് കെട്ടിപ്പൊക്കിയിരിക്കുന്ന സ്ഥാപനങ്ങളെല്ലാം കേന്ദ്രസർക്കാരിൻറെ കൈവശമാക്കുന്നതിനും അത് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഒരു കമ്മറ്റിക്ക് (ഫലത്തിൽ കേന്ദ്രസർക്കാർ തന്നെ) അതിൻറെ നടത്തിപ്പ് നിയന്ത്രണം ഏറ്റെടുക്കുകയും വേണമെങ്കിൽ അതിൻ്റെ വിൽപ്പന നടത്തുകയും ചെയ്യാവുന്നതാണ്. അതുകൊണ്ടുതന്നെ അത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് എന്നതിൽ നിന്നും കൺട്രോളിംഗിലേയ്ക്ക് നിയമം മാറിമറിയുന്ന അവസ്ഥയാണ്. രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുകയോ സറണ്ടർ ചെയ്യുകയോ ചെയ്താൽ സ്വത്ത് കേന്ദ്രസർക്കാരിൻറെ പരിധിയിലേക്ക് വരുന്ന നിയമം 2010 ലെ റെഗുലേഷൻ ആക്ട് സെക്ഷൻ 15 ൽ നിലവിലുണ്ട്. പക്ഷേ ഇപ്പോൾ കേന്ദ്രസർക്കാരിന് ഇഷ്ടമല്ലാത്ത എല്ലാ സംഘടനകളുടെയും രജിസ്ട്രേഷൻ റദ്ദാക്കി സ്വത്തുക്കൾ കൈവശപ്പെടുത്താം എന്നുള്ള അപകടകരമായ നിലയിലേക്കാണ് ഭേദഗതിബിൽ കൊണ്ടുപോകുന്നത്.അതിനെയാണ് ക്രൈസ്തവ സഭാ നേതൃത്വം എതിർക്കുന്നത്. ഇതോടെ നിരവധി സ്കൂളുകളും ഹോസ്പിറ്റലുകളും ഒക്കെ നിർത്തിവെക്കുകയും സഭയുടെ സ്വത്തുക്കൾ കൈയടക്കി സഭയെ നിർവീര്യമാക്കുകയും ചെയ്യാം എന്നുള്ളതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. അവർ ഉദ്ദേശിച്ച ക്രൈസ്തവ ഹൈന്ദവ സമുദായത്തെ രണ്ട് തട്ടുകളായി തിരിക്കുക എന്നുള്ളതിന്റെ പ്രാഥമിക ഘട്ടം ഇപ്പോൾ കടന്നു കഴിഞ്ഞു.

Comments
Post a Comment