ആദ്യകുർബ്ബാന സ്വീകരണത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ദൈവാലയ ശുശ്രൂഷയ്ക്കോ ആഘോഷങ്ങൾക്കോ
ഇത് ആദ്യകുർബ്ബാന സ്വീകരണ കാലമാണ്. ആദ്യകുർബ്ബാന സ്വീകരണത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ദൈവാലയ ശുശ്രൂഷയ്ക്കോ ആഘോഷങ്ങൾക്കോ എന്നതാണ് ചോദ്യം.
മുൻപൊക്കെ ആദ്യകുർബ്ബാന സ്വീകരണത്തിന് എല്ലാവരെയും പ്രധാനമായും ദേവാലയത്തിലെ വിശുദ്ധ ശുശ്രൂഷയിൽ പങ്കെടുക്കാനാണ് ക്ഷണിച്ചിരുന്നത്. അന്ന് എത്തിച്ചേരുന്നവർ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുകയും, വിശുദ്ധ കുർബാനയിൽ ആദ്യമായി ഈശോയെ സ്വീകരിച്ച് പുറത്തുവരുന്ന കുഞ്ഞിൽ നിന്ന് സ്നേഹത്തോടെ സ്തുതി വാങ്ങുകയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു. കൃപയാൽ നിറഞ്ഞ ആ നിമിഷങ്ങൾ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ആത്മീയ ആനന്ദത്തിന്റെ അനുഭവമായിരുന്നു.
എന്നാൽ ഇന്ന് പലപ്പോഴും ക്ഷണക്കത്തിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് ആഘോഷങ്ങൾക്കും ഹാളിലെ സൽക്കാരങ്ങൾക്കുമാണ്. “പള്ളിയിൽ ചടങ്ങ് രാവിലെ, ഉച്ചയ്ക്ക് ഹാളിൽ സൽക്കാരം” എന്ന രീതിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുമ്പോൾ, കൂദാശയുടെ ആത്മീയ ഗൗരവം പിന്നിലേക്ക് നീങ്ങുന്നില്ലേ എന്ന് നാം ചിന്തിക്കണം.
ആദ്യമായി ദിവ്യകാരുണ്യത്തിൽ ഈശോയെ സ്വീകരിക്കുന്ന കുഞ്ഞിന്റെ ഹൃദയത്തിൽ ആ നിമിഷം ഏറ്റവും വിശുദ്ധവും അനുഗ്രഹീതവുമാണ്. എന്നാൽ ഉടൻതന്നെ ആഘോഷങ്ങളുടെയും ആർഭാടങ്ങളുടെയും തിരക്കിലേക്ക് കടക്കുമ്പോൾ, ആ ദൈവിക അനുഭവത്തിന്റെ ആഴവും ഓർമ്മയും മങ്ങിയുപോകാനുള്ള സാധ്യതയുണ്ട്.
ഇത് നമ്മുടെ മുൻഗണനകൾ എവിടേക്കാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നത് പരിശോധിക്കേണ്ട കാര്യമല്ലേ?
കൂദാശകൾ ആത്മീയതയുടെ ഉന്നത നിമിഷങ്ങളാണ്. അവയെ ലൗകിക ആഘോഷങ്ങളുടെയും ആർഭാടങ്ങളുടെയും പിന്നിലാക്കാതെ, ദൈവസാന്നിധ്യത്തിന്റെ മഹത്വം മുൻനിരയിൽ നിലനിർത്തുക എന്നത് ഓരോ മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
ഈ വർഷം ആദ്യകുർബ്ബാന സ്വീകരണത്തിന് ഒരുങ്ങുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഓർമ്മിക്കുക... നിങ്ങളുടെ കുഞ്ഞിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം ദിവ്യകാരുണ്യത്തിലെ ഈശോ തന്നെയാണ്. ആ മഹത്തായ അനുഗ്രഹത്തേക്കാൾ മറ്റൊന്നിനും ഉയർന്ന സ്ഥാനം നൽകരുത്. നിങ്ങളുടെ കുഞ്ഞിന്റെ ഹൃദയത്തിലൂടെ ആദ്യമായി കുടുംബത്തിലേക്ക് കടന്നുവരുന്ന ഈശോയ്ക്ക് ഏറ്റവും പ്രഥമ സ്ഥാനമൊരുക്കുക. അതാണ് കുഞ്ഞിനും കുടുംബത്തിനും യഥാർത്ഥ സന്തോഷവും സ്ഥിരമായ അനുഗ്രഹവും നൽകുന്നത്.


Comments
Post a Comment