പിതാവിനെതിരെ സൈബർ ആക്രമണം : പ്രതിഷേധിച്ച് പാലാ രൂപത
പാലാ: ഭീഷണി ഇങ്ങോട്ടു വേണ്ട എന്ന മാർ കല്ലറങ്ങാട്ടിൻ്റെ ശക്തമായ തിരിച്ചടിയെതുടർന്ന് പേപിടിച്ച നായ്ക്കളെപ്പോലെ അഡ്രസ് ഇല്ലാത്തവരുടെ വ്യാജവാർത്താ വിളയാട്ടത്തിൽ സോഷ്യൽ മീഡിയ നിറയുന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പാലാ രൂപത.
എഫ് സി ആർ എ ഭേദഗതി ബില്ലിനെതിരെ പിതാവ് നിലകൊള്ളുകയും, ദീപിക പത്രത്തിനെതിരെ ഷോൺ ജോർജ്ജും പിസി ജോർജും അങ്ങേയറ്റം പൊട്ടിത്തെറിക്കുന്ന രീതിയിൽ സംസാരിച്ചതിനെയും മെത്രാന്മാരെ അവഹേളിക്കുന്ന രീതിയിൽ പിസി ജോർജ് സംസാരിച്ചതിനെതിരെയും ഇക്കഴിഞ്ഞ ദിവസം മാർ കല്ലറങ്ങാട്ട് അതിരൂക്ഷ ഭാഷയിൽ വിമർശിച്ചതിനെയും തുടർന്നാണ് സൈബർ കൂട്ടങ്ങൾ നട്ടെല്ലില്ലാതെ വ്യാജ ഐഡികളിൽ നിന്നും കള്ളത്തരത്തിന്റെ വെട്ടുകിളികളെ അഴിച്ചുവിട്ടത്. കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷന്മാരിൽ ലോകം ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്ന സ്വരം മാർ കല്ലറങ്ങാട്ടിൻ്റെതാണ് എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ പ്രതികരണം ബിജെപിക്ക് വൻ തിരിച്ചടിയായിരുന്നു.ഇതിന് പിന്നിൽ ബിജെപി ഹാൻഡിലുകൾ ആണോ അതോ ബിജെപിയുമായി ഉണ്ടായിരിക്കുന്ന അസ്വാരസ്യം മുതലെടുക്കാനുള്ള മറ്റേതെങ്കിലും വിഭാഗങ്ങളുടെ തന്ത്രമാണോ എന്ന് അറിയാനായിട്ടില്ല. എന്നാൽ ബിജെപി ഹാൻഡിലുകളിൽ തുടർച്ചയായി വൈദികരെയും പൗരോഹിത്യത്തെയും സഭയെയും തട്ടിപ്പുകാരാക്കി അവഹേളിക്കുന്ന രീതിയിലുള്ള നിരന്തര കുപ്രചരണങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്. തങ്ങൾ ആഗ്രഹിച്ച പിന്തുണ കിട്ടാതെ വന്നപ്പോൾ തുറന്നു വിട്ടിരിക്കുന്ന ആക്രമണമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സീറോ മലബാർ സഭയും പാലാ രൂപതയും സംഘടനകളും വിവിധ രാഷ്ട്രീയ കക്ഷികളും മാർ കല്ലറങ്ങാട്ടിന് ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000 വർഷങ്ങളായി നിരവധി ആക്രമണങ്ങൾ ഏറ്റു വളർന്നുവന്ന സഭയാണിതെന്ന് മറന്നുകൊണ്ടാണ് ഈ നെറികട്ട ആക്രമണമെന്ന് പറയാതെ വയ്യ. ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന കേരളത്തിലെ ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ശക്തമായ കുത്തിതിരിപ്പ് ഉണ്ടാക്കാൻ മാത്രമാണ് ബിജെപി അടിയന്തരമായി എഫ് സി ആർ എ ഭേദഗതി ബിൽ കൊണ്ടുവന്നത് എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

Comments
Post a Comment