ചാലിശ്ശേരിയിൽ യാക്കോബായ വിശ്വാസികളുടെ പ്രാർഥനായജ്ഞം സമാപിച്ചു.
പാലക്കാട് : തൃശ്ശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികൾ പള്ളിയുടെ മുൻപിൽ നടത്തിയ പ്രാർഥനായജ്ഞം ഞായറാഴ്ച (ഇന്നലെ) വൈകീട്ട് സന്ധ്യാ പ്രാർഥനയ്ക്കുശേഷം സമാപിച്ചു.
ഈസ്റ്റർ ദിനത്തിൽ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ജോസഫ് ബാവ സെമിത്തേരിയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കോടതിയിൽ അനുകൂലമായ വിധി ഉണ്ടായിട്ടും പ്രിയപ്പെട്ടവരുടെ കല്ലറകളിലെത്തി വിശ്വാസികൾക്ക് പ്രാർഥിക്കാനുള്ള അവകാശം നൽകിയില്ല. പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ ദിവസങ്ങളിൽ സെമിത്തേരിയിൽ പ്രവേശിച്ച് കല്ലറകളിൽ പ്രാർഥിക്കാൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരുന്നു.
ഉയിർപ്പ് ശുശ്രൂഷകൾക്ക് ശേഷം മാതൃദൈവാലയത്തിന് മുന്നിൽ, മരിച്ച വൈദികർക്കും വിശ്വാസികൾക്കും വേണ്ടി പ്രത്യേക പ്രാർഥനയും ധൂപാർപ്പണവും നടന്നു. ഇടവകാംഗം വന്ദ്യ ഫാ. ജേക്കബ് ചാലിശ്ശേരി കോർ-എപ്പിസ്ക്കോപ്പ, വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച (ഇന്ന്) പള്ളി ഭരണസമിതി കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് പള്ളി ഭാരവാഹികളായ സെക്രട്ടറി ടൈറ്റസ് ഡേവിഡ് പറഞ്ഞു.
സംഭവസ്ഥലത്ത് ചാലിശ്ശേരി സ്റ്റേഷൻ ഓഫീസർ എം.എൻ. ബിജോയുടെ നേതൃത്വത്തിൽ പോലീസ് സംഘവും, പട്ടാമ്പി അഗ്നിരക്ഷാ സേനയും ആവശ്യമായ മുൻകരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.


Comments
Post a Comment