ട്രംപിനെതിരെ മാർപാപ്പ
യുദ്ധത്തിനെതിെര എന്നും പ്രതികരിക്കും; സമാധാനമാണ് ദൗത്യം’; ട്രംപിനെതിരെ മാർപാപ്പ
മാർപാപ്പ വിദേശനയങ്ങളിൽ പരാജയമാണെന്നും 'ആണവായുധങ്ങളുടെ കാര്യത്തിൽ ദുർബലനാണെന്നു'മായിരുന്നു ട്രംപിന്റെ പ്രധാന പരിഹാസം. കഴിഞ്ഞ മാസം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടത്തിയ പ്രസംഗത്തിൽ, യുദ്ധങ്ങൾ ആരംഭിക്കുന്ന നേതാക്കളുടെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ടെന്നും അവരുടെ പ്രാർത്ഥനകൾ ദൈവം നിരസിക്കുമെന്നും മാർപാപ്പ പറഞ്ഞിരുന്നു. ഇറാനുമായുള്ള സംഘർഷത്തിൽ ട്രംപ് സ്വീകരിച്ച നിലപാടുകളെ 'യുദ്ധത്തിന്റെ ഭ്രാന്ത്' എന്ന് വിശേഷിപ്പിച്ച മാർപാപ്പ, അക്രമം വെടിഞ്ഞ് ചർച്ചയുടെ പാത സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് മാർപാപ്പ 'തന്റെ പ്രവൃത്തികൾ കൂടുതൽ ഗൗരവമായി കാണണം' എന്ന് ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ നയങ്ങളെ മാർപാപ്പ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം സഭയുടെ പ്രോ-ലൈഫ് (ജീവൻ സംരക്ഷിക്കുക) എന്ന പഠിപ്പിക്കലിന് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഗർഭഛിദ്രത്തിന് എതിരാണെന്ന് പറയുകയും എന്നാൽ കുടിയേറ്റക്കാരോട് ക്രൂരമായി പെരുമാറുകയും ചെയ്യുന്ന ഒരാളെ എങ്ങനെ ജീവിതത്തിന് അനുകൂലമായ നിലപാടുള്ള വ്യക്തിയായി കാണാൻ കഴിയും?" - സെപ്റ്റംബറിൽ മാർപാപ്പ ചോദിച്ചു.
അമേരിക്കക്കാരനായ ലിയോ മാർപാപ്പയെ സഭ തിരഞ്ഞെടുത്തത് തന്നെ ട്രംപിനെ നേരിടാനാണെന്നായിരുന്നു പ്രസിഡന്റിന്റെ മറ്റൊരു വാദം. എന്നാൽ താൻ ക്രിസ്തുവിന്റെ വികാരിയാണെന്നും ആത്മാക്കളുടെ സംരക്ഷണത്തിനായാണ് സംസാരിക്കുന്നതെന്നും മാർപാപ്പ വ്യക്തമാക്കി. ട്രംപും മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുമായും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. യുദ്ധത്തിനും അനീതിക്കുമെതിരെ എന്നും താൻ ശബ്ദമുയർത്തുമെന്ന് പറഞ്ഞുകൊണ്ടാണ് ലിയോ മാർപാപ്പ തന്റെ പ്രതികരണം അവസാനിപ്പിച്ചത്.

Comments
Post a Comment