ഭീഷണിയുടെ സ്വരം വേണ്ടെന്ന് മാർ കല്ലറങ്ങാട്ട്
പാലാ: ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്നും എപ്പോഴും ന്യൂട്രലായി മിണ്ടാപ്രാണികൾ ആയിരുന്നോളണമെന്നുള്ള നയം നടപ്പാകില്ലെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കലറങ്ങാട്ട് .ജയ്ഗിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിസി ജോർജിൻ്റെയും ഷോൺ ജോർജിൻ്റെയും നിരന്തരമായ ആക്ഷേപത്തെ തുടർന്നാണ് മാർ കല്ലറങ്ങാട്ട് ഉറച്ച ശബ്ദത്തിൽ പ്രതികരിച്ചത്.ശക്തമായ നിലപാടുകളാണ് മാർ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നത്.
അദ്ദേഹത്തിൻറെ വാക്കുകളിലേക്ക്: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മത നേതാക്കന്മാരെ കുറിച്ച് സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു സംസാരിക്കുന്നത് നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്.ആരാണെങ്കിലും മത നേതാക്കൻ മാരെ കുറിച്ച് അതിർ വരമ്പുകളില്ലാതെ സംസാരിക്കുന്നത് ശരിയല്ല.വിശ്വാസികളുടെ വികാരത്തെ മാനിക്കാതെ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്ക് വേണ്ടിയല്ല സംസാരിക്കേണ്ടത്. നമ്മൾ ഒരു ചാനൽ കയ്യടിയും ഭാഷാ സംസ്കാരവും സൃഷ്ടിക്കണം എന്ന് കരുതുന്നത് ശരിയല്ല.ഭീഷണിയുടെ സ്വരം വിലപ്പോവില്ല.അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.രാഷ്ട്രീയനേതൃത്വങ്ങൾ സമുദായത്തിൽ നിന്നുണ്ടാകുന്നത് സഭ എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.എത്രയോ രാഷ്ട്രീയ നേതാക്കന്മാർ നമ്മുടെ സഭയിൽ നിന്നും വളർന്നു വന്നിട്ടുണ്ട്. അതിനെയെല്ലാം നാം സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. സഭയിലൂടെയാണ് ആശയങ്ങൾ വളർത്തി അവർ വളർന്നുവന്നതെന്നും അത്തരം ആശയങ്ങളിലൂടെ നാടിന് വളർച്ച ഉണ്ടാക്കാനാണ് അവർ ശ്രമിച്ചതെന്നും നാം തിരിച്ചറിയണം.എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കില്ല.മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ആ പറയുന്നതിന് അർത്ഥം? അത് ഈ പരമാധികാര ജനാധിപത്യത്തിൽ നടക്കുമെന്ന് ഞാൻ കരുതുന്നില്ല.ആയിരക്കണക്കിന് വൈദികരും സന്യാസിനിമാരും മേൽപ്പട്ടക്കാരും ഉള്ള ഈ സഭയിൽ ഒരു മൂലയ്ക്ക് കൊണ്ടേയിരുത്തി മിണ്ടാപ്രാണികൾ ആയിരിക്കണം എന്ന് ആരോടാണ് പറയുന്നത്?ആർക്കുവേണ്ടിയാണ് പറയുന്നത്?എപ്പോഴും ന്യൂട്രൽ ആയിരിക്കുന്നത് നമ്മുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്തും.സ്വയം ബഹുമാനം ഇല്ലാതെ എപ്പോഴും ന്യൂട്രൽ ആയിരിക്കുക എന്നതൊന്നും നടപ്പാക്കുന്ന കാര്യമല്ല.അത് നടപ്പിലാക്കാൻ ആരും ചിന്തിക്കുകയും ചെയ്യരുത്.നമ്മുടെ ഐഡൻറിറ്റി എന്താണെന്ന് വിളിച്ചു പറയുന്നതിനുള്ള അവസരം നമ്മുടെ രാജ്യം നമുക്ക് തരുന്നുണ്ട്. അത് ആർക്കും മാന്യമായി പറയാവുന്നതാണ്.
ആരോ എവിടെയോ രഹസ്യമായി വോട്ട് ചോദിച്ചെന്നാണല്ലോ ചിലർ പറയുന്നത്! എന്തിനാണ് രഹസ്യമായി ചോദിക്കുന്നത്? പരസ്യമായി വോട്ട് ചോദിക്കാൻ നമുക്ക് അവകാശമില്ലേ?പരസ്യമായിട്ട് നമ്മുടെ കാര്യങ്ങൾ പറയുന്നതിൽ നമ്മൾ ആരെയാണ് പേടിക്കേണ്ടത്? എന്തിനെയാണ് പേടിക്കേണ്ടത്?
സത്യമെന്താണെന്ന് അറിയുവാനും ആ സത്യത്തെ പൊതുജനസമക്ഷം അവതരിപ്പിക്കുവാനും ധൈര്യം വേണം.പൊതുസമൂഹത്തിൽ മതത്തിന് വളരെയേറെ കാര്യങ്ങൾ ചെയ്യുവാൻ ഉണ്ട്. മതാനുയായികളെ തിരുത്തുവാനും ആത്മീയതയിലേക്ക് നയിക്കുവാനും നമുക്ക് അവകാശമുണ്ട്.നമുക്ക് ഈ രാജ്യത്ത് ജീവിക്കണം വളരണം. ഈ രാജ്യത്തിന് വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്.രാഷ്ട്ര നിർമാണത്തിനായാണ് സഭ തങ്ങളുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം പടുത്തുയർത്തിയതും, ഇപ്പോൾ അതുതന്നെയാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നതും. വളരെ മോശപ്പെട്ട രീതിയിലുള്ള വാക്കുകൾ കൊണ്ട് എവിടെയും ഏത് സ്ഥലത്തും,പൊതുസമൂഹത്തിലും മെത്രാന്മാർ താമസിക്കുന്ന മുറികളുടെ മുൻപിൽ നിന്ന് വിളിച്ചു കൂവാമെന്ന് ആരും കരുതരുത്.
നമ്മൾ സത്യം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഒരു അനീതിയും ആരോടും ചെയ്യുന്നില്ല.ആ സത്യത്തെ മുക്കി കളയുന്നു അല്ലെങ്കിൽ ആ സ്വരം കേൾക്കാൻ തയ്യാറല്ലാതെ വരുന്നു എന്നു പറയുമ്പോൾ നമുക്ക് പ്രതികരിക്കാതിരിക്കാൻ ആവില്ല.നമുക്ക് സത്യസന്ധമായ നിലപാടുകൾ വേണം. ആരെയും ആക്ഷേപിക്കാൻ വേണ്ടിയാവരുത്.നമുക്ക് നമ്മുടെ ഭരണഘടന അനുവദിച്ച നൽകുന്ന അവകാശങ്ങൾ വേണം. നമ്മുടെ പത്ര മാസികകളെ ആക്ഷേപിക്കരുത്.നമ്മുടെ നിലപാടുകൾ സുവിശേഷ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളിലൂടെ മാത്രവുമാണ്.സുവിശേഷം പറയാനും സഭയുടെ പ്രബോധനങ്ങൾ പറയുവാനും നമുക്ക് അവകാശമുണ്ട്. മീനച്ചിൽ താലൂക്കിലെ ക്രൈസ്തവരായ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ശ്രമിക്കേണ്ടത് നമ്മുടെ പൗരാണികമായ സുറിയാനി ഭാഷയും സംസ്കാരവും വളർത്തുന്നതിനും അതിനുവേണ്ടിയുള്ള യൂണിവേഴ്സിറ്റികളും മറ്റും സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്നതിനും ആണ്.സുറിയാനി ഭാഷയും സഭയുടെ പൗരാണികമായ ചരിത്രവും ഉറഞ്ഞുകൂടി കിടക്കുന്ന സ്ഥലമാണ് പൂഞ്ഞാറും അരുവിത്തുറയും എല്ലാം. അതാണ് അവർ ശ്രദ്ധിക്കേണ്ടത്..

Comments
Post a Comment