നൂറിന്റെ നിറവിൽ പാലാ രൂപതയുടെ വലിയ ഇടയൻ
റെനി തോമസ്, ചീഫ് എഡിറ്റർ, നസ്രാണി വാർത്ത
ഒളിമങ്ങാത്ത ശിശു സഹജമായ പുഞ്ചിരി പുഞ്ചിരിയും ആത്മീയ ശാന്തതയുടെ നൈർമല്യവും ഉറവ വറ്റാത്ത കരുണയുടെ ഹൃദയവുമായി എണ്ണ വറ്റാത്ത വിളക്കുമരമായി പാലാ രൂപതയുടെ ദ്വിതീയ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിൽ ഇന്ന് നൂറിൻ്റെ നിറവിൽ.
ഇക്കഴിഞ്ഞ വിശുദ്ധവാര തിരുകർമ്മങ്ങളിലും പിതാവ് തൻറെ അജഗണത്തിനായി പ്രാർത്ഥിച്ചുകൊണ്ട് പാതിരാക്കുർബാനയിലും മറ്റും സജീവമായി പങ്കെടുത്ത് സിംഹാസന പള്ളിയായ പാലാ കത്തീഡ്രലിൽ ഉണ്ടായിരുന്നു. നിർമ്മല സ്നേഹത്തിൻറെ പ്രഭ ചൊരിയുന്ന വലിയ പിതാവിൻറെ ചുറ്റിലും അപ്പോഴും പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.
രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിന്റെ പിൻഗാമിയായി പാലാ രൂപതയെ തൻറെ കരങ്ങളിൽ ഏറ്റുവാങ്ങുമ്പോൾ ഏറെ കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടായിരുന്നു. തെല്ലും പതറാതെ രൂപതയ്ക്ക് ചുക്കാൻ പിടിച്ച പള്ളിക്കാപറമ്പിൽ പിതാവ് രൂപതയെ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ തന്നെ നിർണായക ശക്തിയാക്കി മാറ്റുന്നതിൽ വലിയ പങ്കു വഹിച്ചു.
2004ല്‍ വിരമിക്കുന്നതു വരെ പ്രാർത്ഥനയോടെ സമൃദ്ധിയിൽ രൂപതയെയും ആത്മീയവും ഭൗതികവുമായ സമൃദ്ധിയിൽ നയിച്ചു.അതേ ചൈതന്യവും ആത്മീയതയും പ്രൗഢിയും ഇന്ന് മാർ ജോസഫ് കല്ലറങ്ങാട്ടിലൂടെ തുടരുന്നത് വലിയ പിതാവ് സുകൃതമായി കരുതുന്നു. പ്രാർത്ഥനയിലും പ്രവൃത്തിയിലും ധാരാളിത്തവും ഭക്ഷണത്തിൽ മിതത്വവും കാണിക്കുന്ന പള്ളിക്കാപറമ്പിൽ പിതാവിനെപോലെ തന്നെ കുടുംബത്തില്‍ ഏറെപ്പേരും വലിയ ആയുസ്സിന്റെ ഉടമകൾ. അപ്പന് 104 വയസിലും വല്യപ്പന് 99 വയസിലുമാണ് മരിച്ചത്. ജീവിതത്തിലെ നിഷ്ഠയും പ്രാര്‍ഥനയും ഭക്ഷണവുമാണ് ഇതിനുപിന്നിൽ.
എസ്ബി കോളജില്‍ ഇന്റര്‍മീഡിയറ്റും ട്രിച്ചി സെന്റ് ജോസഫ്സ് കോളജില്‍ ബിഎയും ചെന്നൈ ലയോള കോളജില്‍ എംഎയും കഴിഞ്ഞ് 22-ാം വയസിലാണ് ദൈവവിളി അറിഞ്ഞ് ചങ്ങനാശേരി മൈനര്‍ സെമിനാരിയിൽ പ്രവേശിക്കുന്നത്. മാര്‍ ജയിംസ് കാളാശേരിയാണ് മൈനര്‍ സെമിനാരിയില്‍ പ്രവേശനം നൽകിയത്. 1958 നവംബര്‍ ഇരുപത്തി മൂന്നിന് റോമില്‍വച്ച് പ്രോപ്പഗാന്ത കോണ്‍ഗ്രിഗേഷന്റെ പ്രിഫെക്റ്റ് ആയിരുന്ന കര്‍ദ്ദിനാള്‍ അഗജീനിയന്റെ കൈവയ്പ്പ് വഴിയാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. 1962 -ലാണ് പിതാവ് തിരിച്ച് കേരളത്തില്‍ എത്തുന്നത്. ആ കാലത്ത്, മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളെക്കുറിച്ച് ഫിലോസഫിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പിതാവ്, റോമിലെ മലബാര്‍ കോളേജില്‍ പ്രിഫെക്ട് ആയും നിയമിതനായിരുന്നു.
1962 -ല്‍ അദ്ദേഹം തിരികെ കേരളത്തിലേയ്ക്ക് എത്തിയപ്പോള്‍ ഇവിടെ കേരള സുറിയാനി കത്തോലിക്കാസഭ നിര്‍ണ്ണായകമായ ഒരു ചുവടുവയ്പ്പിന് ഒരുങ്ങുകയായിരുന്നു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ ആരംഭമായിരുന്നു അത്. ആ വര്‍ഷം ജൂലൈ മൂന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട സെമിനാരിയില്‍, ജൂലൈ ഒമ്പതിന് പള്ളിക്കാപറമ്പില്‍ പിതാവ് അദ്ധ്യാപകനായി പ്രവേശിച്ചു.
എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റോമിലെ പ്രോപ്പഗാന്ത കോളേജിലെ വൈസ്റെക്ടര്‍ സ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന് ക്ഷണം ലഭിക്കുകയും, തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങള്‍ ആ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു.
1969 -ല്‍ റോമില്‍നിന്ന് തിരികെ കേരളത്തില്‍ എത്തിയ പിതാവ് സീറോമലബാര്‍ മെത്രാന്‍ സമിതിയുടെ ആവശ്യപ്രകാരം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടര്‍ സ്ഥാനം ഏറ്റെടുത്തു. പൗരോഹിത്യജീവിതത്തില്‍ ഒരു ദിവസംപോലും പിതാവ് ഇടവക വികാരിയായിരുന്നിട്ടില്ല!
1973ല്‍ പാലാരൂപതയുടെ സഹായമെത്രാനായി.മെത്രാന്പദവിയിലിരിക്കെ 752 ഡീക്കൻമാർക്കു പൗരോഹിത്യപട്ടം നല്‍കിയിട്ടുണ്ട്.
ആത്മീയ ശുശ്രൂഷയില്‍ വാഴ്ത്തപ്പെട്ര്പറമ്പില് കുഞ്ഞച്ചൻ്റെ സാന്നിധ്യവും അനുഗ്രഹവും ഉണ്ടായിരുന്നു പിതാവിന്!രാമപുരം പള്ളിയില്‍ വച്ച് മാമോദീസ നല്‍കിയത് അമ്മയുടെ അമ്മാവനായിരുന്ന കുഞ്ഞച്ചനാണ്. കുഞ്ഞച്ചന്റെ മൃതസംസ്കാരം നടത്താന്‍ നിയോഗമുണ്ടായതും പള്ളിക്കാപറമ്പിൽ പിതാവിനാണ്. 1973ല്‍ സഹായമെത്രാനായി രണ്ടു മാസം കഴിഞ്ഞായിരുന്നു അത്. കുഞ്ഞച്ചനെ ധന്യനായി പ്രഖ്യാപിച്ചതിനും അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയതിനും കബറിടങ്ങള്‍ തുറന്നതിനും സാക്ഷ്യം വഹിക്കാനായി.
പിതാവിന്റെ ശിഷ്യരായിരുന്ന ഏറെ മെത്രാന്‍മാരും വൈദികപ്രമുഖരും ഇന്ന് കേരളസഭയുടെ മുഖ്യധാരയിലുണ്ട്. മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് എബ്രഹാം മാര്‍ ജൂലിയസ്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ മാത്യു അറക്കല്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
ഭൗതികവികസനപ്രവര്‍ത്തനങ്ങളെക്കാള്‍ കൂടുതലായി അജപാലനരംഗങ്ങളിലാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചത്. ആണ്ടുവട്ടത്തില്‍ മുപ്പത് ഞായറാഴ്ചകളിലെങ്കിലും ഇടവകകളില്‍ ചെലവഴിക്കുവാനും, ചെറുതും വലുതുമായ ഇടവകകളിലെ അംഗങ്ങളുമായി നേരിട്ടുള്ള ആത്മബന്ധം സൃഷ്ടിക്കുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഇടവകകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെസിഎസ്എല്‍, ലീജിയന്‍ ഓഫ് മേരി, മിഷന്‍ലീഗ് തുടങ്ങിയ ഭക്തസംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുവാനും, കുട്ടികള്‍ കൂടുതല്‍ തീക്ഷ്ണതയോടെ ഭക്തകൃത്യങ്ങളില്‍ മുഴുകുവാനും വേണ്ടതെല്ലാം അദ്ദേഹം ചെയ്തു. അതിന്റെ ഫലമായാണ്, ഒരുപക്ഷേ, ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ദൈവവിളികളുള്ള രൂപതയായി പാലാ രൂപതയ്ക്ക് മാറുവാന്‍ കഴിഞ്ഞത്.
ഇലഞ്ഞിയിലെ കാർഷിക കുടുംബാംഗമെന്ന നിലയിൽ കൃഷിയിൽ തല്പരനായ വലിയ പിതാവിന് തന്റെ രൂപതയിലെ ഓരോ പള്ളിയിലും ഓരോ മരങ്ങളും നിൽക്കുന്ന സ്ഥാനം വരെ അറിയാം ഇപ്പോഴും! പാലാ ബിഷപ്സ് ഹൗസിനു മുന്നിൽ, ഫല സമൃദ്ധിയിൽ നിലകൊള്ളുന്ന രണ്ടു കൂറ്റൻ മാവുകളും 1983ൽ പിതാവിൻറെ നിർദ്ദേശപ്രകാരം നട്ടതാണ്.






Comments
Post a Comment