കട്ടച്ചിറ ഓർത്തോഡോക്സ്പ ള്ളിയിൽ സംസ്കാരത്തിനിടെ സംഘർഷം; 10 വിശ്വാസികൾക്ക് പരിക്ക്.
ആലപ്പുഴ : സഭാതർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളിയിൽ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കുട്ടികളടക്കം 10 വിശ്വാസികൾക്ക് പരിക്ക്.
അനിയൻ ഫിലിപ്പോസ് (82), എമിൽ (11), ഷോണ (13), സ്നേഹ (21), എൽസ (24), ഷിബി (50), എൽദോ മോൻസി (20), ഡീക്കൻ എൽദോജി റോയ് (27), തെക്കേമങ്കുഴി സ്വദേശി തോമസ് (48), വാത്തികുളം സ്വദേശി ഷിബു ഡാനിയൽ (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാഹനാപകടത്തിൽ മരിച്ച വിദ്യാർഥി വട്ടപ്പറമ്പിൽ ബേസിൽ ബിനുമോന്റെ മൃതദേഹം സംസ്കരിക്കാൻ യാക്കോബായ വിശ്വാസികൾ സെമിത്തേരിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. വൈദീകർ സെമിത്തേരിയിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.
സമാധാനപരമായി മൃതദേഹം സംസ്കരിക്കാനെത്തിയ കുട്ടികളടക്കമുള്ള വിശ്വാസികളെ പോലീസ് അതിക്രൂരമായി മർദിക്കുകയായിരുന്നെന്ന് യാക്കോബായ സഭ മാനേജിങ് കമ്മിറ്റി ആരോപിച്ചു. പെൺകുട്ടികളെയടക്കം മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പള്ളിക്ക് മുൻപിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും മാനേജിങ് കമ്മിറ്റി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സെമിത്തേരി ബില്ലിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥർ നൽകുന്നതെന്നും ഇടവക മാനേജിങ് കമ്മിറ്റി ആരോപിച്ചു.
സംഘർഷത്തിനിടെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിച്ചു.


Comments
Post a Comment