രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക നന്മയെ അപകടത്തിലാക്കുകയാണ് കേന്ദ്രസർക്കാർ:മാർ ജോസഫ് കല്ലറങ്ങാട്ട്

 കേന്ദ്രസർക്കാരിൻറെ നടപടികൾ ലൈസൻസ് രാജിലേക്കുള്ള മടക്കയാത്ര എന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.കേന്ദ്രസർക്കാർ എഫ് സി ആർ എയിൽ വരുത്തിയ ഭേദഗതികളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എലിയെ പിടിക്കാൻ ഇല്ലം ചുടുകയാണ് കേന്ദ്രസർക്കാർ എന്നും അദ്ദേഹം പറഞ്ഞു.

കേരളം കാത്തിരുന്നത് മാർ കല്ലറങ്ങാട്ടിൻ്റെ പ്രതികരണമായിരുന്നു.ആഴത്തിൽ പഠിച്ചും അളന്നു മുറിച്ചുമുള്ള അദ്ദേഹത്തിൻറെ പ്രതികരണമാണ് സീറോ മലബാർ സഭയുടെ ഏറ്റവും ശക്തമായ പ്രതികരണമായി പൊതുസമൂഹം കാണുന്നത്.മാർ കല്ലറങ്ങാട്ടിന്റെ പ്രതികരണത്തിന്റെ സംക്ഷിപ്തരൂപം:

 കേന്ദ്രസർക്കാരിൻറെ എഫ് സി ആർ എ ഭേദഗതി ബിൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തിനിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.പ്രസ്തുത ബിൽ അതിൻറെ നിരീക്ഷണ സ്വഭാവത്തിൽ നിന്നും  നിയന്ത്രണ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്.ട്രസ്റ്റുകളുടെ ഗുണഭോക്താക്കൾ പൊതുസമൂഹമാണ്. കാലാകാലങ്ങളിൽ ട്രസ്റ്റ് നിയമങ്ങളിൽ  കൂട്ടിച്ചേർക്കറുകൾ വരാറുണ്ട്. ഗുണകരമെങ്കിൽ അത് നല്ലതുമാണ്.ഇപ്പോൾതന്നെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുന്ന എഫ്സി ആർ എ നിയമത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സദുദ്ദേശത്തോടയണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


സർക്കാരിന് ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കണമെന്നില്ല. അതുകൊണ്ടാണ് പൊതു ട്രസ്റ്റുകളും എൻ ജി ഓകളും ജനനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.മറ്റു രാജ്യങ്ങളിൽ നിന്ന് സഹായം ഒന്നും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റയല്ല , വ്യർത്ഥാഭിമാനത്തിന്റെ ലക്ഷണമാണ്.കേന്ദ്രസർക്കാർ എന്തിനാണ് ചാരിറ്റിയെ ഭയക്കുന്നത്? ക്രിമിനൽ നടപടികളെ നിയന്ത്രിക്കുവാൻ ട്രസ്റ്റുകൾക്ക് മൂക്കുകയറിടേണ്ടതില്ല.ക്രിമിനൽ കുറ്റങ്ങൾ നിയന്ത്രിക്കുവാൻ ശക്തമായ നിയമങ്ങൾ രാജ്യത്ത് വേറെയുണ്ട്.

ഭാഷാ - മത ന്യൂനപക്ഷങ്ങളെയും അവരുടെ അന്താരാഷ്ട്ര കൂട്ടായ്മയെയും തള്ളിപ്പറയുന്ന നയമാണ് പുതിയ എഫ് സി ആർ എ ഭേദഗതി സ്വീകരിച്ചിരിക്കുന്നത്.രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക നന്മയെ അപകടത്തിലാക്കുകയാണ് കേന്ദ്രസർക്കാർ.ദാതാക്കൾക്ക് വിശ്വാസമുള്ളതുകൊണ്ടാണ് അവർ സംഭാവന നൽകുന്നത്.ഗവൺമെൻറ് സംവിധാനങ്ങൾക്ക് കൊടുക്കുവാൻ വിശ്വാസമില്ലാത്തവരാണ് ട്രസ്റ്റുകൾക്ക് നൽകുന്നത്. സ്വത്തുക്കൾ ദാതാക്കളുടെ ഇഷ്ടത്തിനല്ല വിനിയോഗിക്കപ്പെടുന്നത് എങ്കിൽ അത് അവർക്ക് തിരികെ നൽകുകയാണ് വേണ്ടത്. അത് സ്വന്തമാക്കുവാൻ ഗവൺമെൻറ് തത്രപ്പെടേണ്ടതില്ല.സർക്കാരിന്റെ ഇത്തരം നടപടികൾ സാമൂഹിക സേവനരംഗത്ത് വലിയൊരു അപചയം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. ഇപ്പോഴത്തെ നടപടികൾ ഒരു ലൈസൻസ് രാജിലേക്കുള്ള മടക്കയാത്ര പോലെ തോന്നുന്നു.സഭ എന്നും സത്യസന്ധമായ രീതിയിലും കൃത്യമായ നിയന്ത്രണങ്ങൾക്ക് വിധേയമായുമാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതും അത് ചെലവഴിക്കുന്നതും സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതും. എന്നാൽ സ്ഥാപനങ്ങളുടെ നിയമപരമായ നിയന്ത്രണത്തിൽ നിന്ന് ഭരണപരമായ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് പുതിയ എഫ് സി ആർ എ ഭേദഗതി നീങ്ങുന്നതു പോലെ തോന്നുന്നു.നിയുക്ത അധികാരി എന്ന പദവി സൃഷ്ടിക്കലും സ്വത്തുക്കളുടെ കൈവശപ്പെടുത്തലും നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ്.എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയാണ് പുതിയ നിയമഭേദഗതി.സഭയിലെ പതിനായിരക്കണക്കിനാൾക്കാരാണ് ലക്ഷക്കണക്കിനാൾക്കാർക്ക് സേവനം ചെയ്തു കൊണ്ടിരിക്കുന്നത്. അവയെ രാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമായി തന്നെയാണ് കണക്കാക്കുന്നത്.അതുകൊണ്ട് ദേശീയ താൽപര്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ ഒരു സമതുലിതാവസ്ഥ പാലിക്കേണ്ടതുണ്ട്.ആർട്ടിക്കിൾ 25 ,26, 30 എന്നിവയുടെ മേൽ ഹിതകരമല്ലാത്ത കാഴ്ചപ്പാട് ഉണ്ടാകുമെന്ന് ഉറപ്പാണ്.അതുകൊണ്ടുതന്നെ  ഭരണഘടന ഉറപ്പ് നൽകുന്ന മതപരമായ അവകാശങ്ങൾക്കുമേൽ കടന്നുകയറ്റം ഉണ്ടാവരുതെന്ന് ന്യൂന പക്ഷങ്ങൾ പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗങ്ങൾ ആഗ്രഹിക്കുകയാണ്.ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്നതുപോലെയാണ് നിയമത്തിന്റെ ഫലം വരുന്നത് എന്ന് ഉറപ്പാണ്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി