വിശുദ്ധ വാരവും ഭരണകൂടത്തിന്റെ അവഗണനയും: ഒരു ജനാധിപത്യ ചോദ്യചിഹ്നം

 

ചേർപ്പുങ്കൽ :ഇന്ത്യയുടെ ഭരണഘടന ഓരോ പൗരനും നൽകുന്ന അടിസ്ഥാനാവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരാധനാസ്വാതന്ത്ര്യം. എന്നാൽ, അതേ ഭരണഘടനയെ ശിരസ്സിലേറ്റി ഭരണചക്രം മുന്നോട്ട് കൊണ്ടുപോകേണ്ടവർ തന്നെയാണ് ചിലപ്പോൾ ഈ അവകാശത്തെ അവഗണിക്കുന്ന നിലപാടുകൾ കൈക്കൊള്ളുന്നത് എന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണെന്ന് കത്തോലിക്ക കോൺഗ്രസ്സ് ചേർപ്പുങ്കൽ മേഖലാ പ്രസിഡൻ്റ് മാർട്ടിൻ ജെ കോലടി .വിശുദ്ധ വാര ദിനങ്ങളിൽ മത്സരപരീക്ഷകൾ നിശ്ചയിച്ച കേന്ദ്ര ഗവൺമെൻറ് തീരുമാനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ക്രൈസ്തവ സമൂഹത്തിന് ഏറ്റവും വിശുദ്ധമായ കാലഘട്ടമാണ് വിശുദ്ധ വാരം, പ്രത്യേകിച്ച് ദുഃഖവെള്ളിയും ഉയർപ്പ് ഞായറും  . ആത്മപരിശുദ്ധിയും, പ്രാർത്ഥനയും, വിശ്വാസപരമായ ആചാരങ്ങളും നിറഞ്ഞ ഈ ദിവസങ്ങളിൽ ദേശീയതല മത്സരപരീക്ഷകൾ നിശ്ചയിക്കുന്നത് ഒരു സാധാരണ അഡ്മിനിസ്ട്രേറ്റീവ് തീരുമാനമല്ല; മറിച്ച് അത് സമൂഹത്തിന്റെ ആത്മീയ ജീവിതത്തെ അവഗണിക്കുന്ന സമീപനമായി തന്നെ കാണപ്പെടേണ്ടതാണ്. വിദൂര സ്ഥലങ്ങളിൽ നിശ്ചയിക്കപ്പെടുന്ന പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ പോലും ആത്മീയ ആചാര ആചരണത്തിന് തടസ്സമാകും.


ഇത്തരം നടപടികൾ പതിവാക്കപ്പെടുമ്പോൾ, അത് വെറും അനാസ്ഥയോ യാദൃശ്ചികതയോ അല്ല  മറിച്ച്, പിന്നിൽ ഒരു രാഷ്ട്രീയ ഉദ്ദേശ്യം പ്രവർത്തിക്കുന്നുവെന്ന സംശയം ശക്തമാവുകയാണ്. വാക്കുകളിൽ "സമുദായ സൗഹൃദം" പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾ, പ്രവർത്തനത്തിൽ സമുദായത്തിന്റെ വികാരങ്ങളെ വേദനിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണ്.

ഇത് പാഷാണം മധുരത്തിൽ പൊതിഞ്ഞ് നൽകുന്നതിന് തുല്യമാണ്. പുറമേ സൗഹൃദം, ഉള്ളിൽ അവഗണനയും പീഡനവും എന്ന ഈ സമീപനം ജനാധിപത്യത്തിന്റെ ആത്മാവിനോട് തന്നെ വിരുദ്ധമാണ്.

വോട്ടിങ്ങ് ശതമാനത്തെ മാത്രം മാനദണ്ഡമാക്കി നീതി നിർവഹിക്കുന്നത്, ഒരു ജനാധിപത്യ - മതേതരത്വ ഭരണകൂടത്തിനും ചേർന്ന നിലപാട് അല്ല. അത് ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾക്കു നേരെയുള്ള വെല്ലുവിളിയുമാണ്. ഒരു സമുദായത്തിൽ  അംഗങ്ങളുടെ എണ്ണം ദേശീയ തലത്തിൽ  കുറവാണെന്ന കാരണത്താൽ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും അവഗണിക്കപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണ്.

ജാതി ,മതം, രാഷ്ട്രീയം, വർഗ്ഗം, വർണ്ണം എന്നിവയുടെ സങ്കുചിത  ചിന്തകളെ അതിജീവിച്ച് സമഭാവനയോടെ ഭരണം നിർവഹിക്കുകയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുക . ലോകത്തിനു മുന്നിൽ ഇന്ത്യ ഉയർത്തിക്കാട്ടിയ ജനാധിപത്യ സന്ദേശം അതാണ്. ആ മഹത്വവും വിശുദ്ധിയും സംരക്ഷിക്കുക എന്നത് ഓരോ ഭരണകർത്താവിന്റെയും ഉത്തരവാദിത്തമാണ്.

ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കാതെ, ഇത്തരത്തിൽ ഒളിയമ്പുകൾ പ്രയോഗിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ഇത് വെറും ഒരു സമുദായത്തിന്റെ പ്രശ്നമല്ല; മറിച്ച് ഇന്ത്യയുടെ മൂല്യ വ്യവസ്ഥയുടെ തന്നെ പരീക്ഷണമാണ്.

അതുകൊണ്ട്, വിശുദ്ധ വാരത്തെ മാനിച്ചുകൊണ്ട് ദേശീയ പരിപാടികളും പരീക്ഷകളും ക്രമീകരിക്കുന്നതിൽ ഭരണകൂടം ജാഗ്രത പുലർത്തണം. ഇത്തരം നടപകൾ ഉപേക്ഷിക്കണംഅല്ലാത്ത പക്ഷം, അത് ആരാധനാസ്വാതന്ത്ര്യത്തിന് നേരെയുള്ള ഇടപെടലായി ചരിത്രം രേഖപ്പെടുത്തും മേഖലാ സെക്രട്ടറി ജോസ് ജേക്കബ് പറഞ്ഞു.

പ്രതിഷേധ യോഗത്തിന് ഷൈജു കോയിക്കൽ , ജോയ് മുത്തോലി ,ദേവച്ചൻ താമരശ്ശേരി,തോമസ് കടുപ്പിൽ,സജി നരിക്കാട്ട്,എബിൻ കോന്നാട്ട്,ജസ്റ്റിൻ വാരപ്പറമ്പിൽ , മിനി ജോസ്ഫ് ,ലിസമ്മ മണ്ഡപത്തിൽ,മോളി കരുവാകുന്നേൽ,കൊച്ചു റാണി ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി