കന്യാസ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ദക്ഷിണ ബ്രസീലിയൻ നഗരമായ ഇവായിലെ മഠത്തിൽ അതിക്രമിച്ചു കയറിയ യുവാവ് കന്യാസ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. 82 വയസ്സുള്ള കന്യാസ്ത്രീയെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഉക്രേനിയൻ ഗ്രീക്ക് കാത്തലിക് സഭയുടെ ‘സിസ്റ്റേഴ്‌സ് സെർവന്റ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് മേരി’ സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ നാദിയ ഗാവൻസ്‌കി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 32 വയസ്സുള്ള പ്രാദേശിക യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കോൺവെന്റിനോട് ചേർന്നുള്ള പറമ്പിൽ കോഴികൾക്ക് തീറ്റ നൽകിക്കൊണ്ടിരിക്കുകയായിരുന്നു സിസ്റ്റർ നാദിയ. ഈ സമയത്താണ് മതിൽ ചാടിക്കടന്ന് പ്രതി അകത്തെത്തിയത്. കോൺവെന്റിലെ ഒരു ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫറാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി ഒരാൾ നിൽക്കുന്നത് ആദ്യം കണ്ടത്.
തുടർന്ന് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ ശേഷം പോലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയായിരുന്നു. പിടിക്കപ്പെട്ട പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. തലേദിവസം രാത്രി മുഴുവൻ ലഹരിമരുന്നും മദ്യവും ഉപയോഗിച്ചിരുന്നതായി ഇയാൾ മൊഴി നൽകി. ആരോ തന്നോട് കൊലപ്പെടുത്താൻ ആജ്ഞാപിക്കുന്നത് പോലെ തോന്നിയതുകൊണ്ടാണ് കോൺവെന്റിൽ കയറിയതെന്ന് ഇയാൾ പറഞ്ഞു. സിസ്റ്ററെ കണ്ടപ്പോൾ ഭയപ്പെടുത്താൻ ശ്രമിച്ചെന്നും, അവർ ബഹളം വെച്ചപ്പോൾ വായ പൊത്തിപ്പിടിച്ചതായും യുവാവ് സമ്മതിച്ചു. അതേസമയം കന്യാസ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ മരണ കാരണം ശ്വാസം കിട്ടാതെയാണെന്നാണ് എന്നാണ് പ്രാഥമിക നിഗമനം. മോഷണമോ മറ്റ് ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിസ്റ്റർ നാദിയയുടെ വിയോഗത്തിൽ പ്രാദേശിക ക്രൈസ്തവ സമൂഹം വലിയ ദുഃഖം രേഖപ്പെടുത്തി.


Comments
Post a Comment