കടമറ്റം സെന്റ് ജോർജ്ജ് പള്ളി പെരുന്നാളിന് തുടക്കമായി.
കടമറ്റം : കണ്ടനാട് ഭദ്രാസനത്തിലെ പുരാതനവും, ചരിത്ര പ്രസിദ്ധവുമായ കടമറ്റം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ഷാജി മേപ്പാടത്തിന്റെ സാന്നിധ്യത്തിൽ സഹ വികാരി ഫാ. മാത്യൂസ് മണപ്പാട്ട് കൊടി ഉയർത്തി. മോർ ഗീവർഗീസ് ക്രിസ്ത്യൻ അസോസിയേഷൻ സെക്രട്ടറി ഷിബു വർഗീസ്, വൈസ് പ്രസിഡൻ്റ് ബാബു വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇടവക സംഗമവും, ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇടവകാംഗങ്ങളെ ആദരിക്കലും വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് നടന്നു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഇവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 6 വെള്ളിയാഴ്ച (ഇന്ന് ) വൈകീട്ട് 6 മണിക്ക് സന്ധ്യാ പ്രാർഥന, 7.30ന് പ്രദക്ഷിണം എന്നിവ നടക്കും. ഫെബ്രുവരി 7 ശനിയാഴ്ച (നാളെ) രാവിലെ 7:30ന് പ്രഭാത പ്രാർഥന, 8:30ന് മുവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻന്മേൽ കുർബ്ബാനയും, 10:30ന് പ്രദക്ഷിണവും, നേർച്ചയും ഉണ്ടാകും.


Comments
Post a Comment