വാഗ്ദാന ലംഘനം ഒരു സർക്കാർ പതിവോ എന്ന സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

 


വാഗ്ദാന ലംഘനം ഒരു സർക്കാർ പതിവോ എന്ന സീറോ മലബാർ സഭ മീഡിയ കമ്മീഷൻ. ഭിന്നശേഷി അധ്യാപക നിയമനം സംബന്ധിച്ച് കേരള സർക്കാർ ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾ പതിനായിരക്കണക്കിന് അധ്യാപകരെയും ന്യൂനപക്ഷ മാനേജ്മെന്റുകളെയും വീണ്ടും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എന്നും എൻ.എസ്.എസ് (NSS) സ്കൂളുകൾക്ക് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച അനുകൂല വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടത് ജനാധിപത്യപരമായ വഞ്ചനയായി മാത്രമേ കാണാൻ കഴിയൂ എന്നും മീഡിയ കമ്മീഷൻ പറഞ്ഞു. കമ്മീഷന്റെ പ്രസ്താവനയിൽ നിന്നും: 

വസ്തുതകൾ ഇങ്ങനെ:

മുഖ്യമന്ത്രിയുടെ വാഗ്ദാനവും ലംഘനവും: തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി, 2025  ഒക്ടോബർ 13  നു ബഹു.  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നത തലയോഗത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് NSS-ന് ലഭിച്ച വിധി മറ്റ് എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇത്  ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തിരഞ്ഞെടുപ്പ് നാടകമായിരുന്നോ  എന്നാണ് സർക്കാരിനോട് ഇപ്പോൾ ചോദിക്കാനുള്ളത്.


കോടതിയിലെ ഒളിച്ചുകളി: 2025  മാർച്ച് 4  ലഭിച്ച സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ഒരു സർക്കാർ ഉത്തരവിലൂടെ (GO) പരിഹരിക്കാവുന്ന വിഷയത്തെ വീണ്ടും സുപ്രീം കോടതിയിലേക്ക് വലിച്ചിഴച്ചത് ബോധപൂർവമാണെന്ന ആക്ഷേപം ശക്തമാണ്.  സുപ്രീം കോടതി വീണ്ടും ആറാഴ്ചകൾക്ക് ശേഷമാണ് ഇനി ഈ കേസ് പരിഗണിക്കുന്നത്. ഇതിൽനിന്നും പ്രശ്നപരിഹാരമല്ല   കേസ് അനന്തമായി നീട്ടിക്കൊണ്ടുപോക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നതു  വ്യക്തമാകുകയാണ്.


ന്യൂനപക്ഷ വേട്ട:  ക്രൈസ്തവ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിൽ സർക്കാർ കാണിക്കുന്ന കടുംപിടുത്തം വിവേചനപരമാണ്. സർക്കാർ നിർദേശം പാലിച്ചുകൊണ്ട്‌ ഭിന്നശേഷി ഉദ്യോഗാർത്ഥികളെ നിയമിക്കാൻ മാനേജ്മെന്റുകൾ തയ്യാറായിട്ടും, സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ജനറൽ കാറ്റഗറി നിയമനങ്ങൾ തടഞ്ഞുവെക്കുന്നത് ദ്രോഹ നടപടിയാണ്. പതിനാറായിരത്തിലധികം അധ്യാപകരാണ് ഈ സർക്കാരിന്റെ ക്രൈസ്തവ വിരുദ്ധതയുടെയും ജനദ്രോഹ നയങ്ങളുടെയും ഇരകളായിരിക്കുന്നത്.

സാധാരണക്കാരായ അധ്യാപകരുടെ ദുരിതം: വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുന്നതാണ് സർക്കാരിന്റെ ഈ നിലപാട്. ഒരു വശത്ത് "ഭിന്നശേഷി സംരക്ഷണം" എന്ന് പറയുകയും മറുവശത്ത് നിലവിലുള്ള അധ്യാപകരുടെ ജീവിതം തകർക്കുകയും ചെയ്യുന്ന ഈ രീതി അംഗീകരിക്കാനാവില്ല. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത, കോടതി വിധികളെ തങ്ങൾക്ക് അനുകൂലമായി മാത്രം വ്യാഖ്യാനിക്കുന്ന ഈ സർക്കാരിനെ വിശ്വസിക്കാൻ കൊള്ളില്ല എന്ന പൊതു  വികാരം തികച്ചും ന്യായമാണ്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി