ദൈവവചനത്തിലൂടെ വിശ്വാസത്തിൽ ആഴപ്പെടണം: ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ
ആലപ്പുഴ:ദൈവവചനത്തിലൂടെ വിശ്വാസത്തിൽ ആഴപ്പെടണമെന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ .ദൈവവചനം അനുഗ്രഹത്തിൻ്റെ വഴിയും രക്ഷയ്ക്ക് കാരണവുമായി തീരുന്നു. ആലപ്പുഴ നഗരത്തിലെ ലത്തീൻ, സിറോ മലബാർ, സിറോ മലങ്കര റീത്തുകളിലെ വിവിധ് ഇടവകകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആലപ്പി കാത്തലിക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ .
ദൈവ വചനം ജീവിതയാത്രാ ഭക്ഷണമാണ്.രക്ഷയുടെ പൂർത്തികരണത്തിന് യേശു ക്രിസ്തു മനുഷ്യാവതാരം എടുത്തത്.
ദൈവത്തിൻ്റെ ഹിതത്തിന് വിധേയരാകണമെന്നും ബിഷപ് ആനാപറമ്പിൽ പറഞ്ഞു. ആലപ്പുഴ രൂപത വികാരി ജനറാൾ റവ. ഡോ. ജോയി പുത്തൻവീട്ടിൽ , മൗണ്ട് കാർമൽ കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസീസ് കൊടിയനാട്, പഴവങ്ങാടി മാർസ്ലീവ ഫൊറോന തീർഥാടന പള്ളി വികാരി ഫാ. മാത്യു നടമുഖത്ത്, സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. രഞ്ജിത് മടത്തിറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന കൺവെൻഷൻ ശനിയാഴ്ച സമാപിക്കും. ഇന്ന് മാവേലിക്കര മുൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, നാളെ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ എന്നിവർ സന്ദേശം നൽകും. എല്ലാ ദിവസവും വൈകിട്ട് നാലരയ്ക്ക് ജപമാലയോടെയാണ് കൺവെൻഷൻ ആരംഭിക്കുന്നത്. തുടർന്ന് വിശുദ്ധ കുർബാനയും വചന പ്രഘോഷണവും നടക്കും.
കൺവെൻഷനു ശേഷം വിവിധയിടങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ആലപ്പുഴ നഗരത്തിലെയും പരിസരങ്ങളിലെയും 25 ലധികം കത്തോലിക്ക ഇടവകകളിൽ നിന്നുള്ള വിശ്വാസികളാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്.

Comments
Post a Comment