പരിശുദ്ധ സിംഹാസനത്തിന്റെ ക്ഷണം നിരസിച്ച് പത്താം പിയൂസ് സൊസൈറ്റി
പരിശുദ്ധ സിംഹാസനവുമായി ദൈവശാസ്ത്ര സംവാദത്തിനില്ലെന്നും, ജൂലൈ ഒന്നിന് നടത്താനിരുന്ന മെത്രാഭിഷേകങ്ങൾ മാറ്റിവയ്ക്കില്ലെന്നും പത്താം പിയൂസ് പൗരോഹിത്യ സാഹോദര്യ സമൂഹം. രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകൾ മാറ്റാനോ, ആരാധനാപരമായ പരിഷ്‌കാരത്തിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടാനോ സാധിക്കില്ലാത്തതുകൊണ്ട്, സംവാദം നടത്താനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആഹ്വാനം നിരസിക്കുകയാണെന്ന്, ഈ സമൂഹത്തിന്റെ ജനറൽ കൗൺസിലിലെ അഞ്ച് അംഗങ്ങളും ഒപ്പിട്ട ഒരു കത്തിലൂടെ സൊസൈറ്റി സുപ്പീരിയർ ജനറൽ ദാവിദേ പാല്യറാനി അറിയിച്ചു.
![]() |
| വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടസും പത്താം പിയൂസ് പൗരോഹിത്യ സാഹോദര്യ സമൂഹം സുപ്പീരിയർ ജനറൽ പാല്യറാനിയും |
രണ്ടാം വത്തിക്കാൻ കൗൺസിൽ നടത്തിയ പരിഷ്‌കാരങ്ങളുമായി യോജിച്ചുപോകാനാകില്ലെന്ന അഭിപ്രായം മുന്നോട്ട് വച്ച്, എഴുപതുകളിൽ ഈ സമൂഹം സ്ഥാപിച്ച ആർച്ച്ബിഷപ് മർസെൽ ലെഫെബ്രിൻറെ പേരുമായി ബന്ധപ്പെടുത്തി, "ലെഫെബ്രിയൻ" സമൂഹമെന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘടനാനേതൃത്വവുമായി ഫെബ്രുവരി 12-ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസ് നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന്, സഭാപരമായ ഐക്യം മുന്നിൽക്കണ്ട് കർദ്ദിനാൾ നൽകിയ നിർദ്ദേശങ്ങളായിരുന്നു, ദൈവശാസ്ത്രപരമായ സംവാദവും, മെത്രാന്മാരുടെ അഭിഷേകം നിറുത്തിവയ്ക്കുക എന്നതും. ഫെബ്രുവരി രണ്ടാം തീയതിയായിരുന്നു മെത്രാന്മാരെ വാഴിക്കുന്നത് സംബന്ധിച്ച് പത്താം പിയൂസ് സമൂഹം അറിയിപ്പ് നൽകിയത്.
പൂർണ്ണവും, സാർവത്രികവും, നേരിട്ടുള്ളതും, പരമോന്നതവുമായ അധികാരമുള്ള പരിശുദ്ധ പിതാവിന്റെ അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തുന്നത് സഭാകൂട്ടായ്മയ്ക്കെതിരെയുള്ള ശീശ്മയ്ക്ക് കാരണമാകുമെന്നും, പത്താം പിയൂസ് പൗരോഹിത്യ കൂട്ടായ്മ അവരുടെ തെറ്റായ പ്രവർത്തനങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പേരിൽ കർദ്ദിനാൾ ഫെർണാണ്ടസ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ അതേസമയം, രണ്ടാം വത്തിക്കാൻ കൗൺസിലിൽ രൂപപ്പെട്ട വിശ്വാസപരമായ ചിന്തകളും തീരുമാനങ്ങളും കഴിഞ്ഞ അറുപത് വർഷങ്ങളായി പാപ്പാമാർ പാലിച്ചുപോന്നവയാണെന്നും, ഫ്രാൻസിസ് പാപ്പാ 2021-ൽ പുറത്തിറക്കിയ "ത്രദിസിയോണിസ് കുസ്തോദെസ്" വരെയുള്ള രേഖകൾ വെളിവാക്കുന്നത്, പരിശുദ്ധ സിംഹാസനം നടത്താൻ ഉദ്ദേശിക്കുന്ന ചർച്ചകളുടെ ചട്ടക്കൂട് ഇതിനകം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട് എന്നുമാണെന്ന് സൊസൈറ്റി സുപ്പീരിയർ ജനറൽ
ഫെബ്രുവരി 18-ന് കർദ്ദിനാൾ ഫെർണാണ്ടസിനയച്ച മറുപടിയിൽ എഴുതി. വിശ്വാസപരമായ കാര്യത്തിൽ ഒരു യോജിപ്പിലേക്കെത്താൻ സാധിക്കില്ല എന്ന പൊതുവായ അവബോധത്തിൽ, ആത്മാക്കളോടും സഭയോടുമുള്ള കരുണയാണ് ഇനി ഇരു സമൂഹങ്ങൾക്കുമുള്ള പൊതുവായ ഏകസാധ്യത എന്ന് പാല്യറാനി കൂട്ടിച്ചേർത്തു.
ആരാധനാപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായുണ്ടായ ആരാധനാക്രമത്തിന്റെ നിയമസാധുത അംഗീകരിക്കാത്ത പത്താം പിയൂസ് പുരോഹിത്യ സാഹോദര്യസമൂഹം, നിലവിലെ തീരുമാനമനുസരിച്ച് സഭാപരമായ ഗൗരവതരമായ ഭിന്നതയിലേക്ക് നയിക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകാനുള്ള സാധ്യതയാണുള്ളത്. ആർച്ച്ബിഷപ് മർസെൽ ലെഫെബ്റ് 1988-ൽ മെത്രാൻ പദവിയിലേക്കുയർത്തിയ നാലിൽ രണ്ടു മെത്രാന്മാരായിരിക്കും ജൂലൈ 1-ന് പുതിയ മെത്രാന്മാരെ അഭിഷേകം ചെയ്യുക.

Comments
Post a Comment