പുത്തൻപീടിക സെന്റ് തോമസ് ദൈവാലയം ഇനി മാർത്തോമൻ തീർത്ഥാടന ദൈവാലയം


പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയിലെ പുരാതന വിശ്വാസകേന്ദ്രമായ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയം, പുത്തൻപീടിക ഒരു പുതിയ ചരിത്രഘട്ടത്തിലേക്ക് ഉയർന്നു. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഈ ദൈവാലയത്തെ ഔദ്യോഗികമായി മാർത്തോമൻ തീർത്ഥാടന ദൈവാലയമായി ഉയർത്തി പ്രഖ്യാപിച്ചു. ശതാബ്ദ്ധി ആഘോഷങ്ങളുടെ സന്തോഷവേളയിൽ ഉണ്ടായ ഈ പ്രഖ്യാപനം പുത്തൻപീടിക വിശ്വാസ സമൂഹത്തിന് അഭിമാന നിമിഷമായി മാറി.

പുത്തൻപീടികയുടെ ചരിത്രപാരമ്പര്യം

പത്തനംതിട്ട ജില്ലയിലെ വിശ്വാസപാരമ്പര്യത്തിൽ പുത്തൻപീടികയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. നിലയ്ക്കലിൽ നിന്ന് ആരംഭിച്ച വിശുദ്ധ തോമാസ്ലീഹായുടെ സുവിശേഷ പാരമ്പര്യം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഈ വിശ്വാസസമൂഹം തലമുറകളായി ആരാധനാ ജീവിതം  നയിച്ചു. പള്ളിയുടെ ആദിമ രൂപം ലളിതമായിരുന്നുവെങ്കിലും, അതിന്റെ ആത്മീയ ഊർജ്ജം സമൃദ്ധമായിരുന്നു. പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവയിൽ ഉറച്ചുനിന്ന വിശ്വാസികൾ ഈ ദൈവാലയത്തെ പ്രദേശത്തെ ആത്മീയ കേന്ദ്രമായി വളർത്തി.


1926-ൽ ഈ വിശ്വാസസമൂഹം മാർ ഈവാനിയോസ് തിരുമേനിയുടെ അനഗ്രഹാശിസുകളാൽ കത്തോലിക്കാ കൂട്ടായ്മയിലേക്ക് പ്രവേശിച്ചു. അന്നുമുതൽ  കത്തോലിക്കാ സഭയുടെ ആരാധനാചാരങ്ങളും പാരമ്പര്യങ്ങളും വിശ്വസ്തമായി പാലിച്ചുകൊണ്ട്, സഭയുടെ വളർച്ചയിൽ സജീവ പങ്കാളികളായി. ചെറിയൊരു ദൈവാലയത്തിൽ ആരംഭിച്ച ആത്മീയയാത്ര ഇന്ന് രൂപതയിലെ ശ്രദ്ധേയ കേന്ദ്രമായി മാറിയിരിക്കുന്നു.


ശതാബ്ദിയും ചരിത്രപ്രഖ്യാപനവും

കത്തോലിക്കാ കൂട്ടായ്മയിലേക്ക് കടന്നുവന്നതിന്റെ നൂറാം വാർഷികാഘോഷ വേളയിലാണ് ഈ അസാധാരണ പ്രഖ്യാപനം നടന്നത്. വിശ്വാസസമൂഹത്തിന്റെ ദീർഘകാല സമർപ്പണത്തിനും ആത്മീയ വളർച്ചയ്ക്കുമുള്ള അംഗീകാരമായാണ് മാർത്തോമൻ തീർത്ഥാടന ദൈവാലയ പദവി ലഭിച്ചത്.തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടതോടെ, ദൈവാലയത്തിന്റെ ആത്മീയപ്രാധാന്യം കൂടുതൽ ശക്തമായി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് ഇവിടെ എത്തി പ്രാർത്ഥിക്കാനും ആത്മീയ അനുഗ്രഹം നേടാനും അവസരം ലഭിക്കും.

തിരുശേഷിപ്പ് പ്രതിഷ്ഠ – വിശ്വാസത്തിന്റെ ഉച്ചകോടി

മാർത്തോമാ ശ്ലീഹായുടെ  കബറിടം ചെന്നൈയിലെ San Thome Basilicaയിലാണ്.എന്നാൽ തിരുശേഷിപ്പുകൾ  ഇറ്റലിയിലെ Ortona Cathedralലിലാണ് സൂക്ഷിച്ചിരിക്കുന്നത്.പ്രഖ്യാപനത്തോടൊപ്പം തന്നെ വിശുദ്ധ തോമാസ്ലീഹായുടെ തിരുശേഷിപ്പ് ദൈവാലയത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്ന് ബാവാ തിരുമേനി വിശ്വാസികളെ അറിയിച്ചു. ഇത് ദൈവാലയത്തിന്റെ ആത്മീയഗൗരവം അനന്തഗുണം വർധിപ്പിക്കുന്ന സംഭവമാകും. വിശുദ്ധ തോമാസ്ലീഹായുടെ സാക്ഷ്യവും സുവിശേഷപാരമ്പര്യവും കൂടുതൽ ദൃഢമായി അനുഭവിക്കാനുള്ള അവസരമായി വിശ്വാസികൾ ഇതിനെ കാണുന്നു.

ഭാവിയിലേക്ക് ഒരു ആത്മീയ ദീപസ്തംഭം

പുത്തൻപീടിക സെന്റ് തോമസ് ദൈവാലയം ഇനി ഒരു പ്രദേശിക ആരാധനാകേന്ദ്രം മാത്രമല്ല; മാർത്തോമൻ തീർത്ഥാടന ദൈവാലയമായി വിശ്വാസത്തിന്റെ ദീപസ്തംഭമായി ഉയരുകയാണ്. ശതാബ്ദ്ധിയുടെ പുണ്യവേളയിൽ ലഭിച്ച ഈ അംഗീകാരം ഭാവി തലമുറകൾക്ക് ആത്മീയ പ്രചോദനമായി തുടരും.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി