നോമ്പുകാലം മാനസാന്തരത്തിനുള്ള സമയം, തിരുവചനത്തിനു ചെവി കൊടുക്കണം: ലെയോ പാപ്പ

 

വത്തിക്കാന്‍ സിറ്റി: നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും, തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും, ഈ സമയം ഫലപ്രദമാക്കണമെന്നു ലെയോ പാപ്പ. നമ്മുടെ വിശ്വാസത്തിന്റെ ഊർജ്ജം വീണ്ടെടുക്കാനും, ദൈനംദിന ഉത്കണ്ഠകൾക്കും വ്യതിചലനങ്ങൾക്കും ഇടയിൽ ഹൃദയം നഷ്ടപ്പെടാതിരിക്കാനും ദൈവീക രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ തിരികെ സ്ഥാപിക്കാൻ സഭ നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പു കാലമെന്നും പാപ്പ പറഞ്ഞു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക, എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ പാപ്പ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചു.

നോമ്പുകാലത്ത് തിരുവചനം വായിക്കുവാനും ശ്രവിക്കുവാനും പാപ്പ ഏവരെയും ക്ഷണിച്ചു. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ കാര്യമെന്നു പാപ്പ എടുത്തുപറഞ്ഞു. യാഥാർഥ്യങ്ങളെ തിരിച്ചറിയുവാനും, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ, നമ്മെ കടന്നുപോകുന്ന നിരവധി ശബ്ദങ്ങളിൽ, തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്ന സ്വരം തിരിച്ചറിയുവാൻ ഈ ശ്രവണം നമ്മെ സഹായിക്കുമെന്നും പാപ്പ പറഞ്ഞു. നോമ്പ് ശ്രവിക്കുവാനുള്ള സമയമാണെങ്കിൽ, ദൈവവചനത്തെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന പ്രവർത്തനമാണ് ഉപവാസമെന്നു പാപ്പാ ഓർമ്മപ്പെടുത്തി.



പുരാതനവും പകരം വയ്ക്കാനാവാത്തതുമായ ആത്‌മീയ വ്യായാമമാണ് ഇതെന്നും നമ്മുടെ ഉപജീവനത്തിന് അത്യന്താപേക്ഷിതമെന്നു നാം കരുതുന്ന കാര്യങ്ങളെക്കുറിച്ചു കൂടുതൽ ബോധ്യമുള്ളവരാകുവാൻ ഇത് നമ്മെ സഹായിക്കുമെന്നും പാപ്പാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ഉപവാസം ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കുന്നതു മാത്രമല്ലെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ, അയൽക്കാരനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ ഉപേക്ഷിക്കുവാനും കുടുംബത്തിൽ സുഹൃത്തുക്കൾക്കിടയിൽ, ജോലിസ്ഥലത്ത് സമൂഹ മാധ്യമങ്ങളിൽ അപവാദങ്ങൾക്കു പകരം വാക്കുകൾ അളന്നു ഉപയോഗിക്കുവാനും ദയാപൂർവ്വമായ പെരുമാറ്റം വളർത്തിയെടുക്കുവാനും ഏവരെയും ക്ഷണിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി