കുറവിലങ്ങാട് തിരുനാൾ കൊടിയേറി: ബാവൂസാ നമസ്കാരം നാളെ മുതൽ
റെനി തോമസ് തയ്യിൽ:ചീഫ് എഡിറ്റർ, നസ്രാണി വാർത്ത
പാലാ: പരിശുദ്ധ കന്യകാമറിയം ലോകത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന കുറവിലങ്ങാടിന്റെ പാരമ്പര്യത്തിന്റെ നീരുറവകൾ ഒഴുകുന്ന മണ്ണിൽ ഭാരത നസ്രാണി പാരമ്പര്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ കുറവിലങ്ങാട് ദേവാലയത്തിൽ മൂന്ന് നോമ്പ് തിരുന്നാളിന് ഇന്ന് കൊടിയേറി.ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം മൂന്നു നോമ്പിൻറെ ചൊവ്വാഴ്ചയാണ് നടക്കുക.മാർത്തോമ നസ്രാണികളുടെ പാരമ്പര്യമായുള്ള ബാവൂസാ നമസ്കാരം ഈ വർഷത്തെ തിരുനാളിൻ്റെ വലിയൊരു പ്രത്യേകതയാണ്.പഴയകാലത്ത് മൂന്നു നോമ്പ് തിരുനാളിന്റെ പ്രധാന കർമ്മമായിരുന്നു ബാവുസാ നമസ്കാരം .മൂന്നു നോമ്പിൻറെ എല്ലാ ദിവസങ്ങളിലും പള്ളിയിൽ ഭജനമിരുന്ന് പൗരസ്ത്യ പിതാക്കന്മാരുടെ പ്രാർത്ഥനകൾ ഉൾപ്പെടെയുള്ള നമസ്കാരങ്ങൾ ചൊല്ലുന്നത് മാർത്തോമാ നസ്രാണികളുടെ പാരമ്പര്യ ശൈലിയായിരുന്നു. രാവിലെയും വൈകിട്ടും ആണ് ബാവൂസാ പ്രാർത്ഥന നടത്തുന്നത്.
യോനാ പ്രവാചകന്റെ പ്രവാചക ദൗത്യവുമായി ബന്ധപ്പെട്ടാണ് നിനവേക്കാരുടെ രോദനം എന്നർത്ഥം വരുന്ന ബാവുസാ പ്രാർത്ഥന ചൊല്ലുന്നത്.പാപത്തിൽ മുഴുകിയിരുന്ന നിനവേ നിവാസികളെ അതിൽനിന്നു പിന്തിരിപ്പിച്ചു ദൈവത്തിങ്കലേക്ക് മടക്കി വിളിക്കണമെന്ന ദൈവകൽപ്പന ലംഘിച്ച് മറ്റൊരിടത്തേക്ക് കപ്പൽ കയറിയ യോനാ പ്രവാചകനെ,കടൽക്ഷോഭത്തെ തുടർന്ന് കപ്പലിലുള്ള മറ്റ് യാത്രികർ അതിനു കാരണക്കാരനെന്നാരോപിച്ച് കടലിൽ എറിയുകയും കടലിൽ വീണ പ്രവാചകനെ തിമിംഗലം വിഴുങ്ങുകയുമാണ് ഉണ്ടായത്.
തിമിംഗലത്തിന്റെ ഉദരത്തിൽ ഇരുന്ന് പ്രാർത്ഥിച്ച അദ്ദേഹത്തെ തിമിംഗലം നിനവേ തീരത്ത് ഛർദ്ദിക്കുകയും തുടർന്ന് അദ്ദേഹം നിനവേ നിവാസികളോട് മാനസാന്തരത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു.യോനാ പ്രവാചകന്റെയും നിനവേ നിവാസികളുടെയും മാനസാന്തര പ്രാർത്ഥനയെ മാതൃകയാക്കിയാണ് മൂന്നുദിവസം നോമ്പും അനുതാപവുമായി മൂന്നു നോമ്പ് തിരുനാൾ ആചരിക്കുന്നത്. പൗരാണിക കാലങ്ങളിൽ പള്ളിക്ക് ചുറ്റും കുടിലുകൾ കെട്ടിയാണ് വിശ്വാസികൾ നോമ്പിലും തിരുനാളിലും പങ്കെടുത്തിരുന്നത്.
ഈ വർഷത്തെ കുറവിലങ്ങാട് പള്ളിയിലെ ബാവൂസാ നമസ്കാരത്തിന്റെ സമയക്രമം താഴെ കൊടുക്കുന്നു
ജനുവരി 26 തിങ്കൾ രാവിലെ 10 മണിക്ക്തിങ്കൾ ഒന്നാം മൗത്വാ - _ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി_ വൈകുന്നേരം നാലുമണിക്ക് തിങ്കൾ രണ്ടാം മൗത്വാ - _ഫാ. മാത്യു വെണ്ണായിപ്പള്ളി,
ജനുവരി 27, ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്ക് ചൊവ്വാ ഒന്നാം മൗത്വാ - _റവ. ഡോ. ജോൺ കണ്ണന്താനം, വൈകുന്നേരം ഏഴരയ്ക്ക്ചൊവ്വാ രണ്ടാം മൗത്വാ - ഫാ. മാത്യു കവളംമാക്കൽ,
ജനുവരി 28, ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക്ബുധൻ ഒന്നാം മൗത്വാ - ഫാ. തോമസ് തയ്യിൽ_ഉച്ചകഴിഞ്ഞ് മൂന്നിന് ബുധൻ രണ്ടാം മൗത്വാ - ഫാ. ജോസഫ് നരിതൂക്കിൽ
യോനാ പ്രവാചകന്റെ കപ്പൽ യാത്രയും തുടരനുഭവങ്ങളും ആവിഷ്കരിക്കുന്ന ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം മൂന്ന് നോമ്പിന്റെ ചൊവ്വാഴ്ച നടക്കും.കടൽക്ഷോഭത്തിലകപ്പെട്ടപ്പോൾ കുറവിലങ്ങാട് മുത്തിയമ്മയെ വിളിച്ച് പ്രാർത്ഥിക്കുകയും കപ്പലിന്റെ മാതൃക പള്ളിക്ക് നേർച്ച നൽകാമെന്ന് നേരുകയും ചെയ്ത കടപ്പൂർ നിവാസികൾ പ്രദക്ഷിണത്തിൽ കപ്പൽ വഹിക്കും. കാളികാവ് കരക്കാർ തിരുസ്വരൂപങ്ങളും, കണിവേലിൽ കുടുംബക്കാർ മുത്തുക്കുടകളും എടുക്കും.



Comments
Post a Comment