ജീവന്റെ മഹത്വം പ്രഘോഷിച്ചു കൊണ്ട് ജസ്‌ന യാത്രയായി
അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ജനുവരി 21-ന് നിത്യതയിലേക്ക് യാത്രയായ ജസ്ന, ലോകത്തിന് മുന്നില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുകയാണ്. ജനുവരി 23-ന് ആയിരക്കണക്കിന് പ്രോ ലൈഫ് പ്രവര്‍ത്തകര്‍ ജീവന്റെ മഹത്വം പ്രഘോഷിച്ചുകൊണ്ട് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ അണിനിരന്നപ്പോള്‍, സ്വജീവന്‍ തന്നെ ഈ നിയോഗത്തിനായി നല്‍കിക്കൊണ്ട് ജസ്‌ന നിത്യതയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.
കേരളത്തില്‍ ജനിച്ച്, രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടി ബിസിനസ് അനലിസ്റ്റായി ജോലി നേടിയ ജസ്‌ന ജോര്‍ജ്, ഭര്‍ത്താവ് തോമസ് പയ്യപ്പിള്ളിക്കൊപ്പം പെന്‍സില്‍വാനിയയിലെ മാല്‍വേണിലായിരുന്നു താമസച്ചിരുന്നത്. ഏഴ് വയസുകാരി ഈവ മരിയ, അഞ്ച് വയസുകാരന്‍ എസക്കിയേല്‍, മൂന്ന് വയസുകാരന്‍ ജോന എന്നിവരായിരുന്നു ഇവരുടെ ലോകം.
വിവാഹത്തിന് ശേഷം കുഞ്ഞുങ്ങള്‍ ജനിക്കാന്‍ നേരിട്ട കാലതാമസവും പിന്നീട് ഉദരത്തിലായിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടതും ദൈവിക നിയോഗമാക്കി ജീസസ് യൂത്ത് പ്രസ്ഥാനത്തിലൂടെ ആത്മീയ ശക്തി പ്രാപിച്ച ജെസ്ന, പ്രോ ലൈഫ് മേഖലയില്‍ സജീവമായിരുന്നു. വന്ധ്യത മൂലവും ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍ മൂലവും ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കുന്ന ‘പ്രോജക്ട് ലിറ്റില്‍ ഫ്‌ളവര്‍’ എന്ന കൂട്ടായ്മയുടെ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ച അതേ വേദനകളിലൂടെ കടന്നുപോയവര്‍ക്ക് ജസ്‌ന ആശ്വാസവും കരുതലും നല്‍കി.വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അഞ്ചാമതും ഒരു കുഞ്ഞിനെ നല്‍കി ദൈവം ജസ്നയെയും തോമസിനെയും അനുഗ്രഹിച്ചെങ്കിലും 27-ാം ആഴ്ചയില്‍ ജനിച്ച അഞ്ചാമത്തെ കണ്മണിയായ കുഞ്ഞ് ജറമിയയെ കൈകളില്‍ എടുത്ത് താലോലിക്കാന്‍ സാധിക്കുന്നതിന് മുമ്പ് ജസ്ന ഈ ലോകത്തോട് വിടപറയുകയായിരുന്നു.


Comments
Post a Comment