മഞ്ഞിനിക്കര പള്ളി പെരുന്നാൾ;ഫെബ്രുവരി എട്ടിന് കൊടിയേറും.
മഞ്ഞിനിക്കര (പത്തനംതിട്ട) : പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര പള്ളിയിൽ ഫെബ്രുവരി എട്ടിന് കൊടിയേറും. 14ന് സമാപിക്കും. എട്ടിന് രാവിലെ എട്ട് മണിക്ക് മോർ മിലിത്തിയോസ് യൂഹാനോൻ, മോർ തേവോദോസ്യോസ് മാത്യൂസ്, മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പോലീത്തന്മാരുടെ കാർമികത്വത്തിൽ ദയറാ പള്ളിൽ നടക്കുന്ന വിശുദ്ധ മൂന്നിൻന്മേൽ കുർബ്ബാനയ്ക്ക് ശേഷമാണ് കൊടിയേറ്റ്. വൈകീട്ട് 5.30ന് ബാവായുടെ കബറിടത്തിൽ നിന്നു കൊണ്ടുപോകുന്ന പതാക മഞ്ഞിനിക്കര ദയറാധിപൻ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലിത്ത ആറ് മണിക്ക് ഓമല്ലൂർ കുരിശിൻ തൊട്ടിയിൽ ഉയർത്തും.
ഒൻപത് മുതൽ എല്ലാ ദിവസവും രാവിലെ അഞ്ചിന് പ്രഭാത നമസ്കാരവും 7.30നും, 12.30നും വിശുദ്ധ കുർബ്ബാനയും, വൈകീട്ട് അഞ്ചിന് സന്ധ്യാ നമസ്ക്കാരവും ഉണ്ടാകും. 10ന് രാവിലെ 9.30ന് തുമ്പമൺ ഭദ്രാസന വനിതാ സമാജം ധ്യാന യോഗം മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 11ന് വൈകീട്ട് ആറിന് നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്‌ടർ പ്രേം കൃഷ്‌ണൻ നിർവ്വഹിക്കും. 13ന് രാവിലെ ആറിന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ മഞ്ഞിനിക്കര കുരിശുംതൊട്ടിയിലും, വൈകുന്നേരം മൂന്നിന് ഓമല്ലൂർ കുരിശിങ്കലും സ്വീകരിക്കും. അഞ്ചിന് കാതോലിക്കാ ബാവായുടെയും തിരുമേനിമാരുടെയും കാർമികത്വത്തിൽ സന്ധ്യാപ്രാർഥന തുടർന്ന് പൊതുസമ്മേളനം പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധി ഉദ്ഘാടനം ചെയ്യും. കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് പങ്കെടുക്കും.മോർ അത്താനാസിയോസ് ഗീവർഗീസ്, ടി.യു. കുരുവിള, ജേക്കബ് തോമസ് കോറെപ്പിസ്ക്കോപ്പാ മാടപ്പാട്ട്, ഫാ. ബെൻസി മാത്യു, ഫാ. എബി സ്റ്റീഫൻ, ബിനു വാഴമുട്ടം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.


Comments
Post a Comment