പാലായിൽ പുരോഹിതനെ കാറിടിപ്പിച്ചു കടന്നുകളഞ്ഞ പ്രതികളെ പിടികൂടിയില്ല: പരിക്ക് സാരമുള്ളതെന്ന് സൂചന
കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ച് വീഴ്ത്തി കടന്നുകളഞ്ഞ പ്രതികളെ പിടികൂടാനായിട്ടില്ല.അച്ചൻറെ പരിക്ക് സാരമുള്ളതെന്ന് വിവരം. കഴിഞ്ഞദിവസം ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോൾ സാധാരണ വേഗതയിൽ വന്ന കാർ പൊടുന്നനെ വേഗത കൂട്ടി ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു എന്ന് പറയപ്പെടുന്നു.സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.നഗരത്തിലെ സിസിടിവി ദൃശ്യങ്ങളിലൂടെ കാർ കണ്ടെത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ.
സഭ നേരിടുന്ന പ്രശ്നങ്ങളിൽ രൂപതയുടെ ശക്തമായ സ്വരമായിരുന്നു എ കെ സി സി രൂപത ഡയറക്ടറായ ഫാ. ജോർജ് ഞാറക്കുന്നേൽ.
അച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു കാർ നിർത്താതെ പോയ സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ സമിതി ആവശ്യപ്പെട്ടു. നേരായ പാതയിൽ വേഗത കുട്ടി വന്ന് അച്ചനെ ഇടിച്ച കാർ സംഭവത്തിനു ശേഷം നിർത്താതെ പോയതിൽ ദുരൂഹത സംശയിക്കുന്നു. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ രാജീവ് കൊച്ചുപറമ്പിൽ, ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ടോമി കണ്ണീറ്റു മാലിൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണിറ്റുകര, രാജേഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു.അതേ സമയം കുറ്റക്കാരെ പിടികൂടുന്നതിനായി പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി,കുറ്റക്കാരെ സമയ ബന്ധിതമായി പിടികൂടുമെന്നും സുപ്രധാന വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയ്യിച്ചു. കഴിഞ്ഞ ഡിസംബർ 19 ന് രാത്രി 8.30 ന് പാലാ സെൻ്റ് തോമസ് കോളജിന് മുമ്പിൽ സീബ്രാ ലൈനിൽ ആളെ ഇടിച്ചിട്ടിട്ട് പോയ സ്കൂട്ടറും ഇതുവരെ കണ്ടെത്താനായിട്ടില്ല.


Comments
Post a Comment